ദുബായ്: യുദ്ധവുമായി ബന്ധപ്പെട്ട വ്യാജ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് യുഎഇയില്‍ ഇന്ത്യക്കാരടക്കം പ്രവാസികള്‍ അറസ്റ്റില്‍. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണങ്ങള്‍ തടയുന്ന ദൃശ്യങ്ങളും എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകളും പ്രചരിപ്പിച്ചവരെയാണ് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. പിടിയിലായവരെ അടിയന്തര വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മേഖലയിലെ പുതിയ സംഭവവികാസങ്ങളെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അധികൃതര്‍ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ദൃശ്യങ്ങളും ഇവര്‍ പ്രചരിപ്പിച്ചു. വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങള്‍ തടയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചതായും കണ്ടെത്തി. ചില ദൃശ്യങ്ങളില്‍ നിലത്തുവീണ മിസൈല്‍ അവശിഷ്ടങ്ങളെയും സംഭവങ്ങളും കാണാന്‍ കൂടിയ ആളുകളെയും കാണിച്ചിരുന്നു.

യുഎഇയിലെ പ്രധാന സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങളും വലിയ തീപിടിത്തവും പുകയും ഉയരുന്ന ദൃശ്യങ്ങളുണ്ടെന്ന രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ അവതരിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. ചില വീഡിയോകളില്‍ കുട്ടികളുടെ വികാരങ്ങള്‍ ദുരുപയോഗം ചെയ്ത് രാജ്യത്ത് സുരക്ഷാ ഭീഷണിയുണ്ടെന്ന തരത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കിയതായും കണ്ടെത്തി. രാജ്യത്തിനുള്ളിലെ സൈനിക സൗകര്യങ്ങള്‍ നശിപ്പിച്ചെന്ന വ്യാജവാദങ്ങളും വിദേശ രാജ്യങ്ങളിലെ സംഭവങ്ങളെ യുഎഇയില്‍ നടന്നതുപോലെ അവതരിപ്പിച്ചതുമുണ്ട്. അറസ്റ്റിലായവരില്‍ ഈജിപ്ത്, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, പാകിസ്ഥാന്‍, ഇറാന്‍, ബംഗ്ലാദേശ്, കാമറൂണ്‍, നേപ്പാള്‍ സ്വദേശികളുമുണ്ട്.