ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി ഇന്നും തിരച്ചില്‍ തുടരും. കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യക്ക് വേണ്ടി കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുന്നതിനിടെ രണ്ടാം തീയതി ഉച്ചമുതലാണ് ശരണ്യയെ കാണാതായത്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചില്‍ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടക്കുന്നത്. ഇന്ന് രാവിലെയും ശരണ്യയ്ക്കായി തിരച്ചില്‍ തുടങ്ങി.

ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. എറണാകുളത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ ജി.എസ് (36) തനിച്ചാണ് കുടകിലെത്തിയത്. ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.

ഏപ്രില്‍ 2-ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

അതേസമയം ശരണ്യയെ കാണാനില്ലെന്ന് അറിഞ്ഞ് നാട്ടില്‍ നിന്നും സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പൊലീസ് സ്റ്റേഷനില്‍ മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. യുവതി അപകടത്തില്‍പ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.