കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ കൊട്ടി കലാശത്തിനിടെ എല്‍.ഡിഎഫ് -യുഡിഎഫ് സംഘര്‍ഷം. 4 എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും 2 യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. മൂന്നു നിരത്തിലുണ്ടായ അക്രമത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായ അനുഗ്രഹ്, കെ.വി അഭിജിത്ത്, കെ രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് പരുക്കേറ്റവരെ സന്ദര്‍ശിച്ചതിനു ശേഷം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. കെ.രാഗേഷ് ആരോപിച്ചു. വന്‍കുളത്ത് വയലില്‍ നടന്ന കൊട്ടി കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന 2 യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ചൊവ്വാഴ്ച്ച രാത്രി മര്‍ദ്ദനമേറ്റു. പരുക്കേറ്റവരെ പാപ്പിനിശേരി എം എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ മടങ്ങി പോകുന്നവരാണ് അക്രമിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥി അബ്ദുള്‍ കരീം ചേലേരി കെ പ്രമോദ്, സി.പി റഷീദ് എന്നിവര്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. അഴീക്കോട് പരാജയ ഭീതിയില്‍ സി . പി എം അക്രമം അഴിച്ചു വിടുകയാണെന്ന് യു ഡി എഫ് നേതാക്കള്‍ ആരോപിച്ചു.