- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് പേരുടെ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ്; പുതുതായി ഏഴ് പേര് ചികിത്സയില്‍
തിരുവനന്തപുരം: നിപ പരിശോധനയില്‍ നാല് പേരുടെ പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി ഏഴ് പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായാണ് പങ്കെടുത്തത്. നിലവില്‍ 472 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്.
ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അതേസമയം, നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി അറിയിച്ചു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക.
കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍ ഇവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.വളര്‍ത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങള്‍, വിസര്‍ജ്യ വസ്തുക്കള്‍ എന്നിവയുടെ സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക. വൈറസ് ബാധയുള്ള വവാലുകളില്‍ നിന്നോ, പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കാന് ശ്രദ്ധിക്കണം.