തിരുവനന്തപുരം: ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങള്‍ക്കുമൊപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി കേരളത്തിനും സര്‍ക്കാരിനും വേണ്ടിയുള്ള നന്ദിയറിയിച്ചത്.

ഷിരൂരില്‍ കേരളത്തിന്റെ അഭ്യര്‍ഥന മാനിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ കര്‍ണാടക സര്‍ക്കാരിനോടുള്ള നന്ദിയും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കേരളത്തിന്റെ അഭ്യര്‍ഥനയോട് കര്‍ണാടക യഥാസമയം പ്രതികരിച്ചു. ജില്ലാ ഭരണകേന്ദ്രം, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ തുടങ്ങി ദുഷ്‌കരമായ ദൗത്യത്തില്‍ കേരളത്തിനും അര്‍ജുന്റെ കുടുംബത്തിനുമൊപ്പം നിന്ന മുഴുവനാളുകളോടും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

ഉത്തര കന്നട ജില്ലയിലെ ഷിരൂര്‍ ദേശീയപാതയില്‍ കുന്നിടിഞ്ഞ് ഗംഗാവാലി നദിയില്‍ പതിച്ച മണ്‍കൂമ്പാരത്തിനടിയില്‍നിന്ന് 72 ദിവസത്തിന് ശേഷമാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ(30) മൃതദേഹവും ലോറിയും ഇന്ന് വീണ്ടെടുത്തത്. വൈകീട്ട് മൂന്നോടെയാണ് ഡ്രഡ്ജറിലെ ക്രെയിന്‍ ഉപയോഗിച്ച് പുഴക്കടിയില്‍നിന്ന് ലോറി വടംകെട്ടി ഉയര്‍ത്തിയത്. തുടര്‍ന്ന് കാബിനകത്ത് കുടുങ്ങിയ മൃതദേഹ ഭാഗങ്ങളും പുറത്തെടുത്തു. നാവികസേന അടയാളപ്പെടുത്തിയ രണ്ടാം പോയന്റില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ജലോപരിതലത്തില്‍നിന്ന് 12 അടി താഴ്ചയില്‍ ബുധനാഴ്ച ലോറിയും മൃതദേഹവും കണ്ടെത്തിയത്.

ചൊവ്വാഴ്ച റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രപാല്‍ അടയാളപ്പെടുത്തി നല്‍കിയ സ്ഥലമാണിത്. ഉത്തര കന്നട ജില്ലയില്‍ റെഡ് അലര്‍ട്ട് നിലവിലിരിക്കെ മഴയത്ത് തിരച്ചില്‍ തുടരുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ദുരന്ത നിവാരണ സേന പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. പിന്നീട് നദിയുടെ മറുകരയിലെത്തിച്ച് ആംബുലന്‍സില്‍ കാര്‍വാറിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തും.

മൃതദേഹത്തില്‍നിന്നുള്ള സാമ്പിളും അര്‍ജുന്റെ സഹോദരന്റെ ഡി.എന്‍.എ സാമ്പിളും ശേഖരിച്ച് വ്യാഴാഴ്ച മംഗളൂരുവിലെ ലാബിലേക്ക് അയക്കും. പരമാവധി രണ്ടു ദിവസത്തിനകം ഡി.എന്‍.എ പരിശോധനാ ഫലം ലഭ്യമാക്കുമെന്ന് ഉത്തര കന്നട ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അര്‍ജുന്റെ ബന്ധുക്കള്‍ക്ക് കൈമാറും.