കൊല്ലം: ശിവഗിരി മഠത്തിനായി കര്‍ണാടകയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവഗിരി മഠത്തിന്റെ ആവശ്യപ്രകാരമാണ് കര്‍ണാടക സര്‍ക്കാര്‍ ഭൂമി നല്‍കുന്നത്. ശിവഗിരിയില്‍ 93-ാമത് തീര്‍ത്ഥാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠം നിര്‍ദേശിക്കുന്നതനുസരിച്ച് മംഗളൂരുവിലോ ഉഡുപ്പിയിലോ ആണ് ഭൂമി ലഭ്യമാക്കുക.

നേരത്തെ തീര്‍ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെയാണ് സിദ്ധരാമയ്യയും പിണറായിയും ഒരേ വേദിയിലെത്തിയത്. സിദ്ധരാമയ്യ സംസാരിക്കുമ്പോള്‍ താന്‍ വേദിയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. മര്യാദകേട് കാണിക്കേണ്ടി വരികയാണ്. കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുന്ന സമയം താന്‍ കൂടി വേണ്ടതാണ്. മന്ത്രി സഭായോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുന്നതാണെന്ന് പിണറായി വിജയന്‍ അറിയിച്ചു.

ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കപ്പെടുകയാണ്. ഇത് സാംസ്‌കാരിക ഫാസിസമാണെന്ന് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തകര്‍ക്കുന്നതായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനം. ബ്രഹ്‌മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവര്‍ത്തിച്ചത്. ക്ഷത്രിയ ബ്രാഹ്‌മണ അധികാര വ്യവസ്ഥക്കെതിരെയുള്ള അടിച്ചമര്‍ത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ.

ഗുരുവിന്റെ പാതയിലൂടെയാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അധികാരം കൈയ്യിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുകയും നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടു പോകുകയും ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.