- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍
കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്ന് ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല അഴിമതിയില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് കേരളജനത ദാഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍. ജനങ്ങളുടെ ആഗ്രഹത്തെ വെല്ലുവിളിച്ചുകൊണ്ട് കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയും ഭര്‍ത്താവ് മന്ത്രിയും വീണയെ സംരക്ഷിക്കുകയാണ്. സിപിഎം അഴിമതിയുടെ കറപുരണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനോട് മാത്രമാണ് സിപിഎമ്മിന് പ്രതിബദ്ധത. മുഖ്യമന്ത്രി അറിയാതെ ഒരു ചില്ലി കാശുപോലും വീണ വീട്ടിലേക്ക് കൊണ്ടുവരില്ല.
കെഎസ്‌ഐഡിസിയെ കൊണ്ടുവന്നത് കരിമണല്‍ കര്‍ത്തയ്ക്ക് വേണ്ടിയാണ്. സിഎംആര്‍എല്ലില്‍ നിന്നും 13ശതമാനം ഓഹരി കെഎസ്‌ഐഡിസി വാങ്ങിയതിലൂടെ 180 കോടി നഷ്ടമുണ്ടായി. ഇതിനെ കുറിച്ച് ഒരു അന്വേഷണമില്ല. പ്രമുഖനായ മറ്റൊരു നേതാവിനും വലിയ തുക കര്‍ത്തയുടെ കമ്പനിയില്‍ നിന്നും കിട്ടിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എന്നാല്‍ മകള്‍ വരെ കമ്പനി നടത്തുന്നത് കേരളത്തിന് പുറത്താണ്. കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്നാണ് ബിജെപിക്ക് പറയാനുള്ളത്. പ്രതിപക്ഷം ഇതില്‍ പ്രതികരിക്കാത്തത് അവര്‍ക്കും മാസപ്പടിയില്‍ പങ്കുള്ളതുകൊണ്ടാണ്. എകെ ആന്റണിയുടെ കാലത്താണ് കരിമണല്‍ ഖനനത്തിന് ആദ്യമായി കരാര്‍ ഉണ്ടാക്കുന്നത്. ഇതില്‍ വലിയ അന്യായം നടന്നിട്ടുണ്ട്.
ദീര്‍ഘകാലം ജോണ്‍ മത്തായി ഇന്‍ഡസ്ട്രിയല്‍ ആന്റ് മൈനിംഗ് കമ്മിറ്റിയുടെ തലപ്പത്തിരുന്നു. പിന്നീട് ബാലകൃഷ്ണപിള്ളയുടെ മരുമകന്‍ ടി.ബാലകൃഷ്ണന്‍ 15 വര്‍ഷക്കാലം ഈ ചുമതലയിലിരുന്നു. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചപ്പോള്‍ എങ്ങനെയാണ് ബാലകൃഷ്ണന് ഈ പദവിയിലിരിക്കാന്‍ സാധിച്ചത്. അതിന് ശേഷവും ബാലകൃഷ്ണന് നല്ല പദവി സര്‍ക്കാര്‍ നല്‍കി. വര്‍ഷങ്ങളായി മൈനിങ്ങിന്റെ പേരില്‍ വലിയ തട്ടിപ്പാണ് ഭരണ- പ്രതിപക്ഷ നേതാക്കള്‍ നടത്തിയത്. പരസ്പര സഹകരണ സംഘങ്ങളായാണ് രണ്ട് മുന്നണികളും പ്രവര്‍ത്തിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയ ഫണ്ടിനെ കുറിച്ച് ധവളപത്രമിറക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ നടക്കുന്നില്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പോലും നടക്കുന്നില്ല. എല്ലാം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കേരളത്തിലെ ആശുപത്രികളില്‍ ഒരു സംവിധാനവുമില്ല. കേന്ദ്രം നല്‍കുന്ന ഫണ്ട് എന്തുകൊണ്ടാണ് ചിലവഴിക്കാത്തത്? കേന്ദ്ര അവഗണനയെന്ന് പറയുന്നത് കള്ളമാണ്. കേരളത്തിലെ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടല്ലോ എന്നിട്ട് എന്തുകൊണ്ടാണ് കിട്ടാനുള്ള പണത്തിന് വേണ്ടി ചോദിക്കാതിരുന്നത്? അപ്പോള്‍ എല്ലാം കിട്ടിയെന്ന് മുഖ്യമന്ത്രിക്കറിയാം. എന്നിട്ട് ജനങ്ങളെ പറ്റിക്കുന്ന ഈ ഏര്‍പ്പാട് നിര്‍ത്തണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.