തൃശൂര്‍: കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ നല്‍കിയ ഇളവ് കേരളത്തിലുള്ളവര്‍ക്കും ബാധകമാണ്. എന്നാല്‍ കേരളത്തിന് ഒന്നുമില്ലെന്ന് ചിലര്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ സിറ്റിസണ്‍സ് ബജറ്റാണിത്. എല്ലാ ജില്ല ആശുപത്രികളിലും വികസനം എത്തിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 50 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടിക്കായല്‍ വിനോദസഞ്ചാര പദ്ധതി അടക്കം രണ്ടു പദ്ധതികള്‍ കേരളത്തിനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എക്‌സലന്‍സി അവാര്‍ഡ് സമര്‍പ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അധ്യക്ഷത വഹിച്ചു.