- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടിലിറങ്ങിയപ്പോൾ കണ്ടത് ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ; ശരീരാവശിഷ്ടം സ്ത്രീയുടേതെന്ന് സംശയം; ശക്തമായ മഴയിൽ ഒലിച്ചെത്തിയതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്
ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്തിൽ ദുരൂഹത. മൂന്ന് മാസം പഴക്കമുള്ള ശരീരഭാഗങ്ങളാണ് പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിൽ നിന്നും കണ്ടെടുത്തത്. ഒഴുകിയെത്തിയ നിലയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ശരീരഭാഗങ്ങൾ മൂന്നു മാസം മുമ്പ് കാണാതായ ഉപ്പുതറ സ്വദേശി ഇടവേലിക്കൽ ചെല്ലമ്മയുടേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തോട്ടിന്റെ സമീപത്ത് കൃഷിപ്പണിക്കെത്തിയ കൃഷ്ണകുമാർ ആണ് മൃതദേഹത്തിൻറെ അവശിഷ്ടം ആദ്യം കണ്ടത്. കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് പഴകിയ ശരീര ഭാഗം കരക്കടിഞ്ഞു കിടക്കുന്നതായി കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു കാലും നട്ടെല്ലിൻറെയും തലയോടിൻറെയും ഭാഗങ്ങളുമാണ് കണ്ടെത്തിയത്. സ്ത്രീയുടേതെന്ന് തോന്നിക്കുന്നതായിരുന്നു ശരീരാവശിഷ്ടം. ശരീരഭാഗങ്ങൾ കണ്ട് പരിഭ്രാന്തരായ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഉപ്പുതറ പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹത്തിൻറെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഒഴുകിയെത്തിയതാകാം ശരീര ഭാഗമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഓഗസ്റ്റ് ഏഴിന് ഉപ്പുതറ സ്വദേശിയായ ഇടവേലിക്കൽ ചെല്ലമ്മയെന്ന 85 കാരിയെ കാണാതായിരുന്നു. ശരീരഭാഗങ്ങൾ ഇവരുടെ ആണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലും ചെല്ലമ്മയെ കാണാതായിരുന്നു. എന്നാൽ തിരച്ചിലിൽ തെയിലത്തോട്ടത്തിൽ നിന്നും ഇവരെ കണ്ടെത്തിയിരുന്നു.
ഇത്തവണ കാട്ടിൽ കയറിയതിനു ശേഷം വഴി തെറ്റി അബദ്ധത്തിൽ കാൽവഴുതി തോട്ടിൽ വീണ് മരണം സംഭവിച്ചതാകാം എന്നാണ് പോലീസ് കരുതുന്നത്. ചെല്ലമ്മയെ കാണാതായത് സംബന്ധിച്ച് ഉപ്പുതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഡിഎൻഎ പരിശോധന ഫലവും, പോസ്റ്റുമോർട്ടം റിപ്പോർട്ടും വരുന്നതിനായി കാത്തിരിക്കുകയാണ് അതികൃതർ. റിപ്പോർട്ടുകൾ വന്നതിനു ശേഷം മാത്രമേ ശരീര അവശിഷ്ടം ചെല്ലമ്മയുടെതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി.