കോഴിക്കോട്: വടകര നഗരത്തിലെ കടകളില്‍ നടന്ന വ്യാപക മോഷണത്തിൽ പോലീസിന് ലഭിച്ചത് സുപ്രധാന തെളിവുകൾ. ഒരേ ദിവസം 14 കടകളിലാണ് മോഷണം നടന്നത്. ന്യൂ ഇന്ത്യ ഹോട്ടലിന് സമീപത്ത് നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള വനിതാ റോഡിലെ കടകളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. കവർച്ച നടന്ന കടകളിൽ ഒന്നിന്റെ പരിസരത്തു കണ്ട രക്തക്കറ മോഷ്ടാവിന്റേതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബികെ ലോട്ടറി സ്റ്റാള്‍, കല്ലിങ്കല്‍ സ്‌റ്റോര്‍, പിഎസ് സ്റ്റോര്‍, എന്‍എഫ് ഫൂട്ട്‌വെയര്‍, വിനായക സ്‌റ്റോര്‍, റംസീന സ്‌റ്റോര്‍, ലക്കി സ്റ്റോര്‍, നിംസ് ഫോട്ടോസ്റ്റാറ്റ്, പിവിടി സ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷ്ടാക്കള്‍ കയറിയത്. എന്‍എഫ് ഫൂട്ട്‌വെയറില്‍ നിന്ന് 6000 രൂപയും പിവിടി സ്റ്റോറില്‍ നിന്ന് ഒരു വാച്ചും മോഷണം പോയി. മറ്റ് കടകളില്‍ നിന്നും വലിയ ചെറിയ തുകകളാണ് നഷ്ടമായത്. കല്ലിങ്കല്‍ സ്‌റ്റോറിലെ സിസിടിവി മോഷ്ടാവ് അടിച്ചു തകര്‍ന്ന നിലയിലായിരുന്നു. ഇത് അടിച്ച് തകർക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവ സ്ഥലത്ത് നിന്നും കമ്പിപ്പാരയും ജാക്കി ലിവറും എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തിട്ടുണ്ട്. ഇവ ഷട്ടറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നാണ് പോലീസ് കരുതുന്നത്. കൂടാതെ, മോഷ്ടാവ് എത്തിയതെന്ന് കരുതുന്ന കെഎല്‍ 47ജി 7636 നമ്പര്‍ ഹോണ്ട ബൈക്കും പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മാര്‍ക്കറ്റ് റോഡിലെ റോയല്‍ ലോട്ടറി കടയുടെ വരാന്തയിലാണ് രക്തക്കറ കണ്ടത്. വടകര പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.