തിരുവനന്തപുരം: സിപിഎമ്മിലെ കത്തു വിവാദത്തില്‍ നിയമ നടപടിയുമായ ഡോ. ടി എം തോമസ് ഐസക്കും. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ചാണ് ഐസക്ക് ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചത്. അസംബന്ധ ആക്ഷേപങ്ങള്‍ ഉന്നയിച്ചതുമൂലം ഉണ്ടായ അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം വസ്താവിരുദ്ധമായ പ്രസ്താനകള്‍ പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. എന്‍ രഘുരാജ് അസോസിയേറ്റ്‌സ് മുഖാന്തിരമാണ് നോട്ടീസ് അയച്ചത്.

പുതിയ വിവാദങ്ങള്‍ വന്നപ്പോള്‍ മുഹമ്മദ് ഷെര്‍ഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും. പിന്നെ കോടതിയില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.