തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ രാജിവെക്കണോയെന്ന് പറയാന്‍ താന്‍ ആളല്ല. രാജിവെക്കണോയെന്ന് സ്വന്തം മനസാക്ഷിയോട് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ പുണ്യവാളനാകാന്‍ ശ്രമിച്ചതാണ് ഇപ്പോഴുള്ള മഹാനാശത്തിന്റെ കാരണം. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലല്ലോ കേസില്ലല്ലോ രാഹുലിന്റെ നിലപാട്. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമെല്ലാം വിവരിച്ചാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മറ്റ് ചിലര്‍ രാഹുലിനെ തള്ളിക്കളയുന്നു. ചിലര്‍ ന്യൂട്രല്‍ നിലപാട് സ്വീകരിക്കുന്നു. രാഹുല്‍ പ്രശ്‌നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.