തിരുവനന്തപുരം: നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ തട്ടി മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ ഔദ്യോ​ഗിക കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങുകയായിരുന്ന എക്സൈസ് വനിതാ ഓഫിസർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ എൻ ഷാനിദ(37) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപമായിരുന്നു അപകടമുണ്ടായത്. എക്സൈസ് തിരുവനന്തപുരം മണ്ണന്തല റേഞ്ച് ഓഫിസിലെ വനിതാ സിവിൽ എക്സൈസ് ഓഫിസറായിരുന്നു മരണപ്പെട്ട ഷാനിദ.

പേട്ട സ്വദേശിനി നൽകിയ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഷാനിദ സഞ്ചരിച്ച സ്കൂട്ടർ പാറ്റൂരിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ജനറൽ ആശുപത്രി ഭാഗത്തേക്കാണ് ഷാനിദ സഞ്ചരിച്ചത്. സ്കൂട്ടർ ഡിവൈറിൽ ഇടിച്ചുകയറി എതിർ ദിശയിലുള്ള വീഴുകയായിരുന്നു.

ഈ സമയം ജനറൽ ആശുപത്രി ഭാഗത്തുനിന്നു വന്ന കാർ ഇടിച്ചു കയറി. തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുമല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ കബറടക്കി. ഭർത്താവ് നസീർ പ്രവാസിയാണ്.