അരൂർ: ആലപ്പുഴ എ​ഴു​പു​ന്ന​യി​ലെ ബാറിൽ അതിക്രമം നടത്തുകയും ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. എ​ഴു​പു​ന്ന​ തെക്ക് അയ്യനാട്ടുപറമ്പിൽ അജേഷ് (45) ആണ് പിടിയിലായത്. ഉത്രാട ദിനത്തിൽ ബാറിൽ എത്തിയ പ്രതി, സോഡ ആവശ്യപ്പെട്ടതിനെച്ചൊല്ലി ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.

തുടർന്ന്, അജേഷ് അരയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ബാർ ജീവനക്കാരനെ കുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ജീവനക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിടിയിലായ അജേഷ് കുത്തിയോട് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഇയാൾക്കെതിരെ 14-ൽ അധികം കേസുകൾ നിലവിലുണ്ട്. പോലീസ് പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.