കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റുചെയ്യപ്പെട്ട മൂന്ന് പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പടക്കം പൊട്ടിക്കാന്‍ ഒപ്പമുണ്ടായിരുന്ന കെ.വി. വിജയന്‍ എന്നയാളെ കൂടി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പരിക്കേറ്റവരെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്. സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

അറസ്റ്റിലായ വിജയന് ഇതേ ക്ഷേത്രത്തില്‍ മുമ്പ് വെടിക്കെട്ടിനിടെ പരിക്കേറ്റ് രണ്ട് വിരലുകള്‍ നഷ്ടമായിരുന്നതായി പോലീസ് പറഞ്ഞു. 14 വര്‍ഷം മുന്‍പാണ് സംഭവം. ഇടതുകൈയിലെ ചെറുവിരലും മോതിരവിരലുമാണ് നഷ്ടമായത്. തിങ്കളാഴ്ച രാത്രി പടക്കം പൊട്ടിക്കുമ്പോള്‍ രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു