ജറുസലം: ലെബനനില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. 450 പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതോടെ മേഖലിയല്‍ വീണ്ടും യുദ്ധമുണ്ടാകുമെന്ന ആശങ്ക ശക്തമായി. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍.രക്ഷാസമിതി നാളെ യോഗം ചേരും.

ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലബനോനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ബെയ്റൂട്ടിലും തെക്കന്‍ ലെബനനിലും വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച സംഭവത്തോടെ ആശങ്ക ഇരട്ടിയാണ്. ആക്രമണത്തിന് പിന്നില്‍ മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രാേയല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാക്കളുടെ സംസ്‌കാരച്ചടങ്ങിനിടെ നടന്ന സ്‌ഫോടനത്തില്‍ വാക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതോടെ സൈന്യത്തിന്റെ ഒരു വിഭാഗത്തെ ഗാസയില്‍ നിന്ന് ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഭാഗത്തേക്ക് ഇസ്രായേല്‍ മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഗാസയിലെ ഹമാസുമായോ ലെബനനിലെ ഹിസ്ബുല്ലയുമായോ വെടിനിര്‍ത്തലിന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.

ഇലക്ട്രോണിക് പേജറുകള്‍ വഴി നടത്തിയ സ്‌ഫോടനപരമ്പര മേഖലയില്‍ പൂര്‍ണയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്ന് ആശങ്ക അതിശക്തമാണ്. ഹമാസിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും 'പേജര്‍ കൂട്ടക്കൊല'യ്ക്കുള്ള തിരിച്ചടി ഇസ്രയേലിനു നല്‍കുമെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചു. ഇപ്പോള്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ തുടരുമെന്നാണ് സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ ഹിസ്ബുല്ല വ്യക്തമാക്കിയത്.

അതേസമയം പുതിയ യുദ്ധരീതി ലോകത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മധ്യപൂര്‍വദേശത്തെ പൂര്‍ണയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ജോര്‍ദാന്‍ ആരോപിച്ചു. ഇസ്രയേല്‍ നടപടി യുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടി. യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഉടമസ്ഥരുടെ പോക്കറ്റിലും കയ്യിലും ഉണ്ടായിരുന്ന പേജറുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത മിക്കവരും ഹിസ്ബുല്ലയുടെ പ്രവര്‍ത്തകരായിരുന്നു. സംഘടനയുമായി ബന്ധമില്ലാത്തവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ബെയ്‌റൂട്ടിലെ ആശുപത്രികള്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞു. മിക്കവര്‍ക്കും കണ്ണിനു സാരമായി പരുക്കേറ്റതായും പലരുടെയും കൈകള്‍ അറ്റുപോയതായും ലെബനന്‍ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. മുഖത്ത് പരുക്കേറ്റവരുടെയും വിരലുകള്‍ അറ്റുപോയവരുടെയും ദൃശ്യങ്ങള്‍ പ്രചരിച്ചു. പരുക്കേറ്റവര്‍ക്കുള്ള മരുന്നുമായി ഇറാഖ് സൈനിക വിമാനം ബെയ്‌റൂട്ടിലെത്തി. തുര്‍ക്കി, ഇറാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു. ഇസ്രയേല്‍ ചാരക്കണ്ണുകളെ വെട്ടിക്കാനാണ് മൊബൈല്‍ ഫോണുകള്‍ക്ക് പകരം പേജറുകള്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല ഫെബ്രുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്‌ഫോടന പരമ്പരയ്ക്ക് കാരണമായ പേജര്‍ നിര്‍മിച്ച ഹംഗറി കമ്പനിയായ ബിഎസി കണ്‍സല്‍റ്റിങ് കെഎഫ്ടിയുടെ ആസ്ഥാനം അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയത് ആള്‍പ്പാര്‍പ്പുള്ള മേഖലയിലെ ഒരു കെട്ടിടമാണ്. കെട്ടിടത്തില്‍ എ4 ഷീറ്റ് വലുപ്പത്തില്‍ ഗ്ലാസ് വാതിലിലാണ് സ്ഥാപനത്തിന്റെ പേരെഴുതിയിരുന്നത്. പുറത്തുവന്ന പേരുവെളിപ്പെടുത്താന്‍ വിസമ്മതിച്ച വനിത ഇത് നിരവധി കമ്പനികളുടെ ആസ്ഥാനമാണെന്നാണ് പറഞ്ഞത്. അതേസമയം, ബിഎസി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന കമ്പനിയുടെ ആള്‍ക്കാര്‍ ഒരിക്കലും അവിടെ വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ക്രിസ്റ്റ്യാന റൊസാരിയോ ബാര്‍സനി അര്‍സീഡിയാകോനോ എന്ന വനിതയാണ് ആണ് കമ്പനിയുടെ സിഇഒ എന്ന് സമൂഹമാധ്യമത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. യുനെസ്‌കോ, യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍, ഇന്റര്‍നാഷനല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി എന്നിവിടങ്ങളില്‍ മുന്‍പ് ഇവര്‍ ജോലി ചെയ്തിരുന്നുവത്രേ. ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. എണ്ണ ഖനനം മുതല്‍ കംപ്യൂട്ടര്‍ ഗെയിം നിര്‍മാണം വരെ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്നാണ് സമൂഹമാധ്യമത്തിലൂടെ നല്‍കുന്നത്.

അതേസമയം ലോകത്തെ നടുക്കിയ ആക്രമണന് ഉപയോഗിച്ചു പേജറുകള്‍ നിര്‍മിച്ചത് തങ്ങളാണെന്ന ആരോപണം തായ്വാന്‍ കമ്പനി നിഷേധിച്ചു. ഗോള്‍ഡ് അപ്പോളോ എന്ന തായ്‌വാന്‍ കമ്പനി ഒന്നര വര്‍ഷത്തിനുള്ളില്‍ കയറ്റിയയച്ചത് 2,60,0000 എആര്‍ 924 പേജര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മാത്രം നാല്‍പതിനായിരത്തിലേറെ പേജറുകളാണ് കയറ്റിയയച്ചത്. അതേസമയം, ഇതില്‍ ലബനനിലേക്ക് എത്രയെണ്ണം അയച്ചു എന്നതിന്റെ രേഖകള്‍ കൈവശമില്ലെന്നാണ് തായ്‌വാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററി ആണ് ഉപയോഗിക്കുന്നതെന്നാണ് ഗോള്‍ഡ് അപ്പോളോയുടെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്. സ്‌ഫോടനപരമ്പരയ്ക്കു ശേഷം ഈ വിവരങ്ങള്‍ അപ്രത്യക്ഷമായി. ഗോള്‍ഡ് അപ്പോളോ നിര്‍മിക്കുന്ന തരത്തിലുള്ളതല്ല പൊട്ടിത്തെറിച്ച എആര്‍ 924 പേജറുകളെന്ന് സിഇഒ ഹു ചിങ് കോങ് പറഞ്ഞു.