- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ ഹമാസിന്റെ മൂന്നു ഉന്നത നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍; മൂവരും ഹമാസ് സര്‍ക്കാരിന്റെ ബഹുവിധ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ കയ്യാളിയവര്‍; ഒളിത്താവളത്തില്‍ വ്യോമാക്രമണം നടന്നത് മൂന്നുമാസം മുമ്പ്
ഗസ്സയിലെ ഹമാസിന്റെ മൂന്നു ഉന്നത നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍
ജെറുസലേം: മൂന്നുമാസം മുമ്പ് നടന്ന ഒരാക്രമണത്തില്‍, ഗസ്സയിലെ മൂന്നുഉന്നത ഹമാസ് നേതാക്കളെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ഗസ്സയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാവ്ഹി മുഷ്തഹ, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ സുരക്ഷാ പോര്‍ട്ട്‌ഫോളിയോ വഹിച്ചിരുന്ന സമേഹ് അല്‍ സിറാജ്, കമാന്‍ഡര്‍ സാമി ഔദേഹ് എന്നിവരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
ഇസ്രയേല്‍ പ്രതിരോധ സേന(ഐ ഡി എഫ്) യുടെയും ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയുടെയും സംയുക്ത ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ഹമാസിന്റെ ഉന്നത മേധാവി യഹ്യയ സിന്‍വാറിന്റെ വലംകയ്യാണ് മുഷ്തഹ എന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നവരില്‍ ഒരാളായിരുന്നു മുഷ്തഹ. ഹമാസിന്റെ സേന വിന്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
2015ല്‍ മുഷ്തഹയെ യുഎസ് ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ ഗസ്സ പൊളിറ്റ് ബ്യൂറോയിലെ അംഗമാണ് മുഷ്തഹയെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് പറയുന്നത്. ഹമാസിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നതും മുഷ്തഹയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു.സമേഹ് അല്‍ സിറാജ് പോളിറ്റ് ബ്യൂറോ അംഗവും സാമി ഔദേഹ് ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സി തലവനുമായിരുന്നു.
വടക്കന്‍ ഗസ്സ മുനമ്പില്‍ മുഷ്തഹയുടെ നേതൃത്വത്തില്‍ ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി പ്രവര്‍ത്തിച്ചിരുന്ന ഭൂഗര്‍ഭ കേന്ദ്രത്തില്‍ വ്യോമാക്രമണത്തിലൂടെ മൂവരെയും വധിച്ചുവെന്നാണ് ഇസ്രയേല്‍ സേന അവകാശപ്പെടുന്നത്. മുഷ്തഹ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളെന്നും സേനാ വിന്യാസത്തില്‍ തീരുമാനം എടുക്കുന്ന ആളായിരുന്നുവെന്നും ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.