ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ യുദ്ധം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്. എവിടെയാണ് ബെഞ്ചമിന്‍ നെതന്യാഹു? യുദ്ധമുഖത്ത് സൈനികര്‍ക്ക് ആവേശം പകരേണ്ട ഇസ്രായേല്‍ പ്രധാനമന്ത്രി ഒടുവില്‍, പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത് ബീറ്റ് ഷെമേഷിലെ തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലാണ്. എന്നാല്‍ അതിനുശേഷം കാര്യമായ വിവരങ്ങളില്ല.

നെതന്യാഹു എവിടെയാണെന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകളും സംശയങ്ങളും ഉയരുന്നു. മാര്‍ച്ച് 13-ന് അദ്ദേഹം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയില്‍, ഒരു കയ്യില്‍ ആറ് വിരലുകള്‍ ഉള്ളതായി തോന്നിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പലരും രംഗത്തെത്തിയത്. ഈ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്.

ആറ് വിരലുകളുടെ ദുരൂഹത

ഇറാനെതിരായ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയില്‍ നെതന്യാഹുവിന്റെ വലതുകയ്യില്‍ ആറ് വിരലുകള്‍ ഉള്ളതായി തോന്നിക്കുന്ന ദൃശ്യങ്ങളാണ് എക്‌സില്‍ (X) വൈറലായത്. 'ക്ലാസിക് എഐ ഫിംഗര്‍ ഗ്ലിച്ച്' (Classic AI finger glitch) എന്ന പേരില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. എഐ (AI) ഉപയോഗിച്ച് ദൃശ്യങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വിരലുകളുടെ എണ്ണത്തില്‍ സംഭവിക്കാറുള്ള പിഴവാണിതെന്നാണ് ഭൂരിഭാഗം പേരും വാദിക്കുന്നത്.

'നെതന്യാഹു മരിച്ചു' എന്ന് പ്രചാരണം

നെതന്യാഹു കൊല്ലപ്പെട്ടുവെന്നും ഇപ്പോള്‍ കാണുന്നത് എഐ നിര്‍മ്മിത ദൃശ്യങ്ങളാണെന്നും ചില അക്കൗണ്ടുകള്‍ അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ നെതന്യാഹുവിനും എന്തോ സംഭവിച്ചിട്ടുണ്ടെന്ന തരത്തിലാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എന്നാല്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവരില്‍ ഭൂരിഭാഗവും അണ്‍വെരിഫൈഡ് അക്കൗണ്ടുകളാണ്.

ഗ്രോക്കിന്റെ (Grok) ഫാക്ട് ചെക്ക്

സോഷ്യല്‍ മീഡിയയിലെ ഈ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ എക്‌സിന്റെ സ്വന്തം എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് തന്നെ രംഗത്തിറങ്ങി. നെതന്യാഹു മരിച്ചുവെന്ന പ്രചാരണങ്ങള്‍ പച്ചക്കള്ളമാണെന്നും വീഡിയോ എഡിറ്റിംഗിലെ പിഴവോ വെളിച്ചത്തിന്റെ വ്യത്യാസമോ ആകാം വിരലുകളുടെ എണ്ണത്തില്‍ മാറ്റം തോന്നിക്കാന്‍ കാരണമെന്നും ഗ്രോക്ക് വ്യക്തമാക്കി.

യുദ്ധം 15-ാം ദിവസത്തില്‍

ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം 15 ദിവസം പിന്നിടുമ്പോള്‍ സൈബര്‍ ഇടങ്ങളും ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകളിലൂടെ ലോകമെമ്പാടും ഭീതി പടര്‍ത്താനുള്ള നീക്കമാണിതെന്ന് നിരീക്ഷകര്‍ കരുതുന്നു.

മറ്റൊരു ഉപയോക്താവ് ഹീബ്രു ഭാഷയില്‍ ഇങ്ങനെ കുറിച്ചു, 'ഹേയ് ബിബി, നിങ്ങള്‍ക്ക് ആറ് വിരലുകള്‍ ഉണ്ടാകാന്‍ അത്രമാത്രം പ്രത്യേകതയുണ്ടോ? അതോ നിങ്ങള്‍ എന്നേന്നക്കുമായി ഞങ്ങളെ വിട്ടുപോയോ?'. അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് രാഷ്ട്രീയ നിരീക്ഷകയായ കാന്‍ഡസ് ഓവന്‍സും ഈ ആശങ്ക പങ്കുവെച്ചവരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ വിളിപ്പേര് പരാമര്‍ശിച്ചുകൊണ്ട് 'എവിടെയാണ് ബിബി?' എന്ന് അവര്‍ ചോദിച്ചു. 'എന്തിനാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യാജ എഐ വീഡിയോകള്‍ പുറത്തുവിടുകയും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നത്? വൈറ്റ് ഹൗസില്‍ എന്തുകൊണ്ടാണ് ഇത്ര വലിയ പരിഭ്രാന്തി നിലനില്‍ക്കുന്നത്?' എന്നും അവര്‍ എക്‌സില്‍ (X) കുറിച്ചു.

ആറ് വിരലുകളെക്കുറിച്ചുള്ള അവകാശവാദങ്ങളെ എക്‌സിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്ക് (Grok) വസ്തുതാപരമായി പരിശോധിക്കുകയും ഇപ്രകാരം മറുപടി നല്‍കുകയും ചെയ്തു: 'ഇല്ല, മിക്ക ആളുകളെയും പോലെ നെതന്യാഹുവിനും ഓരോ കയ്യിലും അഞ്ച് വിരലുകള്‍ വീതമാണുള്ളത്. പോഡിയത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം സാധാരണ കാണിക്കാറുള്ള ഒരു ആംഗ്യമാണത്. അതില്‍ നല്‍കിയിരിക്കുന്ന ചുവന്ന വട്ടവും ആംഗിളും ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ (കാഴ്ചയിലെ ഭ്രമം) സൃഷ്ടിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നിക്കുന്നത്. ഇത് വാര്‍ത്താസമ്മേളന വീഡിയോയില്‍ നിന്നുള്ള ഒരു നിശ്ചല ചിത്രം മാത്രമാണ്.'

മറ്റൊരു പോസ്റ്റിന് മറുപടിയായി ഗ്രോക്ക് ഇങ്ങനെ എഴുതി: 'നെതന്യാഹു ജീവനോടെയുണ്ട്; ഇറാനിയന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പ്രചരിപ്പിക്കുന്ന മരണവാര്‍ത്തകള്‍ വ്യാജമാണെന്ന് സ്‌നോപ്‌സ് (Snopes), ടൈംസ് ഓഫ് ഇസ്രായേല്‍ തുടങ്ങിയവര്‍ തെളിയിച്ചിട്ടുണ്ട്. ഔദ്യോഗികവും സ്ഥിരീകരിക്കപ്പെട്ടതുമായ വിവരങ്ങളെ മാത്രം ആശ്രയിക്കുക.'

പ്രധാനമന്ത്രിയുടെ മകന്‍ യായര്‍ നെതന്യാഹുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചു. സാധാരണയായി എക്‌സില്‍ സജീവമായ യായര്‍ മാര്‍ച്ച് 9-നാണ് അവസാനമായി ഒരു പോസ്റ്റ് പങ്കുവെച്ചത്.