- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കശ്മീരില്‍ എനിക്ക് കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും; ജീവിതത്തിലെ കടുത്ത പ്രതിസന്ധിക്കിടെ അനിയത്തിയെ പോലെ കൊണ്ടു നടന്നു; അള്ളാ അവരെ രക്ഷിക്കട്ടെ'; ഭീകരവാദികള്‍ അച്ഛന്റെ ജീവനെടുത്തപ്പോള്‍ തങ്ങള്‍ക്ക് കരുതല്‍ വലയം തീര്‍ത്ത കാശ്മീരികളെ കുറിച്ച് ആരതിയുടെ വാക്കുകള്‍
'കശ്മീരില്‍ എനിക്ക് കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും;
കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതി ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. കാശ്മീരില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ഭീകരവാദികള്‍ ആഗ്രഹിച്ചത് രാജ്യത്തെ മനസ്സുകളില്‍ വിഷം കോരിയിടുക എന്നതായിരുന്നു. എന്നാല്‍ ഭീകരവാദികളുടെ ആ മോഹത്തെ കാശ്മീരികള്‍ തന്നെ ചെറുത്തു തോല്‍പ്പിച്ചു എന്ന് പറയേണ്ടി വരും. ഭീകരാക്രണം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തനവുമായി സജീവമായി രംഗത്തുണ്ടായിരുന്നത് തദ്ദേശീയ ജനതകള്‍ തന്നെയായിരുന്നു. ഇക്കാര്യം ശരിവെക്കുന്നാതാണ് ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ രാമചന്ദ്രന്റെ മകളുടെ വാക്കുകള്‍.
സഞ്ചാരികള്‍ വിവിധങ്ങളായ റെയ്ഡുകളില്‍ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേള്‍ക്കുന്നതെന്നും അധികം വൈകാതെ ഭീകരന്‍ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണങ്ങളെ തുടര്‍ന്ന് ഓടി രക്ഷപ്പെടുമ്പോള്‍ തന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ കശ്മീരിലെ മനുഷ്യര്‍ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
'മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടര്‍ന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.
പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവര്‍ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവര്‍ ഷൂട്ട് ചെയ്തു. അച്ഛന്‍ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവര്‍ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കള്‍ രണ്ടും കരഞ്ഞതോടെ അവര്‍ ഇട്ടിട്ടുപോയി.
മക്കള്‍ 'അമ്മാ ലെറ്റ്സ് മൂവ്' എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്റെ തലയില്‍ ഒന്ന് കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കള്‍ കരഞ്ഞപ്പോള്‍ അയാള്‍ പോയി. എന്റെ അടുത്ത് വന്നയാള്‍ സൈനിക വേഷത്തില്‍ അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു
അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സിഗ്‌നല്‍ കിട്ടിയത്. തുടര്‍ന്ന് ഞാന്‍ എന്റെ കശ്മീരി ഡ്രൈവര്‍ മുസാഫിറിനെ ഫോണില്‍ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തില്‍ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.
എന്റെ കൂടെ ഡ്രൈവര്‍ മുസാഫിറും മറ്റൊരു ഡ്രൈവര്‍ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോര്‍ച്ചറിയില്‍ കൊണ്ടുപോകാനും പുലര്‍ച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. അവിടുത്തെ സര്‍ക്കാരായാലും കേരള സര്‍ക്കാരായാലും കേന്ദ്രസര്‍ക്കാരായാലും വലിയ പിന്തുണ നല്‍കി. അവിടുത്തെ പ്രദേശവാസികള്‍ വലിയ സഹായം ആയിരുന്നു. താമസം ഒരുക്കി. പണമൊന്നും വാങ്ങിയില്ല.
കശ്മീരില്‍ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് ബൈ പറഞ്ഞപ്പോല്‍ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു.' ഭീകരര്‍ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാള്‍ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി മങ്ങാട്ട് നീരാഞ്ജനത്തില്‍ എന്‍. രാമചന്ദ്രന്റെ മൃതദേഹം ശ്രീനഗറില്‍നിന്ന് ഡല്‍ഹി വഴി വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചിട്ടുണട്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് പൊതുദര്‍ശനവും സംസ്‌കാരവും.
ചൊവ്വാഴ്ച പഹല്‍ഗാമില്‍ ആരതിയുടെ മുന്നില്‍വെച്ചാണ് ഭീകരര്‍ രാമചന്ദ്രനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ദുബായിയില്‍നിന്നെത്തിയ മകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് വിനോദയാത്ര പോയതായിരുന്നു രാമചന്ദ്രനും ഭാര്യയും. ഹൃദ്രോഗിയായ ഷീലയെ ഹോട്ടലിനു മുന്നില്‍ കാറിലിരുത്തിയ ശേഷമാണ് രാമചന്ദ്രനും മകളും പേരക്കുട്ടികളും കൂടി ട്രെക്കിങ്ങിനു പോയത്. ഇതിനിടെയായിരുന്നു ഭീകരര്‍ എത്തിയത്. പേര് ചോദിച്ച ശേഷം അവരുടെ മതപ്രാര്‍ഥന ചൊല്ലാന്‍ പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞതും വെടിവെച്ച് കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം നടക്കും. രാവിലെ 9.30-ഓടെ മങ്ങാട്ട് റോഡിലെ വീട്ടിലെത്തിച്ച് മരണാനന്തര ചടങ്ങുകള്‍ക്കുശേഷം 11.30-ഓടെ ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും.