തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും അവസാനം ഗതാഗതനിയമ ലംഘനത്തിനു പിഴ ഈടാക്കുന്ന റോഡ് ക്യാമറ സംവിധാനം ഇന്നു രാവിലെ 8 മുതൽ പ്രവർത്തനസജ്ജമാകും. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം മാറും.

ഇന്നലെ വൈകിട്ട് ആറോടെ ക്യാമറകളുടെ ട്യൂണിങ് പൂർത്തിയായതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂറും ക്യാമറകൾ പ്രവർത്തിക്കും.ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹനയാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം.റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽനിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

കേന്ദ്രമാനദണ്ഡം അനുസരിച്ച് ഒഴിവാക്കിയിട്ടുള്ള എമർജൻസി സർവീസുകൾക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വി.ഐ.പികളും സാധാരണക്കാരും ഒരുപോലെയാണ്. നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

റോഡ് നിർമ്മാണം മൂലം മാറ്റി സ്ഥാപിക്കേണ്ടവ, റോഡപകടം മൂലം കേടുപാടുകൾ സംഭവിച്ചവ, സമന്വയിപ്പിക്കുന്നതിലെ പൊരുത്തക്കേട് ഉൾപ്പെടെയുള്ള കാരണങ്ങളാൽ 726 എണ്ണത്തിൽ 34 ക്യാമറകൾ പ്രവർത്തിക്കുന്നില്ല. അപ്പീൽ നൽകാംപിഴയ്ക്കെതിരെ ജില്ലാ എൻഫോഴ്സ്മെന്റ് ഓഫീസർക്ക് അപ്പീൽ നൽകാം. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്കാണ് നൽകേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ സംവിധാനവും ഒരുങ്ങും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്‌കരിക്കും.

ആദ്യഘട്ടത്തിൽ പിഴ ഈ നിയമലംഘനങ്ങൾക്ക്:

- ഹെൽമറ്റ് ഇല്ലെങ്കിൽ: പിഴ 500 രൂപ (4 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധം)

- സീറ്റ് ബെൽറ്റ് എന്നിവ ഇല്ലെങ്കിൽ : 500 രൂപ (ഡ്രൈവർക്കു പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം)

- മൊബൈൽ ഫോൺ ഉപയോഗിച്ചാൽ : 2000 രൂപ

- റെഡ് സിഗ്നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും.

- ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല)

- അമിതവേഗം: 1500 രൂപ

- അപകടകരമായ പാർക്കിങ്: 250 രൂപ


ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്കു അപ്പീൽ നൽകാം. ഇത് ഓൺലൈൻ വഴി നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും. എമർജൻസി വാഹനങ്ങൾക്കു പിഴയിൽനിന്ന് ഇളവുണ്ടാകും.

24 മണിക്കൂറും പ്രവർത്തിക്കുന്ന, രാത്രികാലങ്ങളിലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതികവിദ്യ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് ക്യാമറ സംവിധാനത്തിൽ പിഴ നോട്ടിസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർടി ഓഫിസുകളിൽ നേരിട്ടെത്തിയും പിഴ അടയ്ക്കാം.