ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ആം ആദ്മി പാര്‍ട്ടിയിലെ വമ്പന്മാര്‍ എല്ലാം കടപുഴകി വീണപ്പോഴും പിടിച്ചുനിന്നത് മികച്ച പ്രതിച്ഛായയുള്ള വനിതാ നേതാവും മുഖ്യമന്ത്രിയുമായ അതിഷി മര്‍ലേന മാത്രം. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെയാണ് അതിഷി കീഴടക്കിയത്. കടുത്ത മത്സരത്തിനൊടുവിലാണ് അതിഷിയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ മൂന്നാം സ്ഥാനത്തായി. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നേതാവാണ് അതിഷി.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പര്‍വേഷ് വര്‍മ്മയോടാണ് പരാജയപ്പെട്ടത്. ജങ്ങ്പുര മണ്ഡലത്തില്‍ 500 ലധികം വോട്ടുകള്‍ക്കാണ് മനീഷ് സിസോദിയ അരവിന്ദര്‍ സിംഗ് മര്‍വയോട് തോറ്റത്. മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും പരാജയപ്പെട്ടു.

ആം ആദ്മി പാര്‍ട്ടിയുടെ തന്നെ പ്രമുഖ മുഖങ്ങള്‍ ആയിട്ടുള്ള സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി തുടങ്ങിയവരും മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലാണ്. അഴിമതി ആരോപണ കുരുക്കില്‍ നിന്ന് കെജ്‌രിവാളിന് കരകയറാന്‍ കഴിയാതെ പോയതും, അവസാന ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്കും ആപ്പിന് വലിയ തിരിച്ചടിയായി.

തിരഞ്ഞെടുപ്പ് തോല്‍വി എഎപിക്ക് തിരിച്ചടിയാണെന്ന് അതിഷി പ്രതികരിച്ചു. എന്നാല്‍, ബിജെപിക്ക് എതിരായ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. കല്‍ക്കാജി മണ്ഡലത്തില്‍, ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് അവര്‍ നന്ദി പറഞ്ഞു. ' ഞങ്ങള്‍ ജനവിധി അംഗീകരിക്കുന്നു. ഞാന്‍ ജയിച്ചു, പക്ഷേ ഇപ്പോള്‍ ആഘോഷിക്കാനുളള സമയമല്ല, മറിച്ച് ബിജപിക്ക് എതിരെ പോരാട്ടം തുടരാനുളള സമയമാണ്', അതിഷി പറഞ്ഞു.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍, സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം കിട്ടിയ ശേഷം കെജ്രിവാള്‍ രാജി വച്ചതിന് പിന്നാലെ, 2024 സെപ്റ്റംബറിലാണ് അതിഷി മര്‍ലേന മുഖ്യമന്ത്രിയായത്. വിദ്യാഭ്യാസം, റവന്യൂ, ധനകാര്യം, വൈദ്യുതി, പിഡബ്ല്യുഡി എന്നിവയുള്‍പ്പെടെ കെജ്രിവാള്‍ സര്‍ക്കാരില്‍ 13 വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിരുന്നു.

ഡല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി

43 വയസ്സുള്ള അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവാണ് അതിഷി. പക്വമായ പെരുമാറ്റത്താല്‍ ആളുകളെ ആകര്‍ഷിച്ച നേതാവ്. ഡല്‍ഹിയിലെ ജനപ്രിയ പദ്ധതികള്‍ക്ക് പിന്നിലും അതിഷിയായിരുന്നു. ജയിലില്‍ ആയിരുന്നപ്പോഴും തന്റെ അടുത്ത പിന്‍ഗാമി ആരാണ് എന്ന കാര്യത്തില്‍ വ്യക്തമായ സൂചന കെജ്രിവാള്‍ തന്നെ നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷ സമയത്ത് തനിക്കുപകരം ദേശീയ പതാക ഉയര്‍ത്താന്‍ കെജ്രിവാള്‍ നിര്‍ദേശിച്ചത് അതിഷിയെയായിരുന്നു.




രാഷ്ട്രീയ തിരിച്ചടിക്കിടയിലും എഎപിയുടെയും കെജ്രിവാളിന്റെയും ആശ്വാസമായിരുന്നു അതിഷി. മൊഹല്ല ക്ലിനിക്കുകള്‍ പോലെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളാണ് എഎപിക്ക് ഡല്‍ഹിയില്‍ തുടര്‍ഭരണം നേടിക്കൊടുത്തത്. അതിന് പിന്നില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചത് അതിഷിയും

വിദ്യാഭ്യാസ രംഗത്തെ് പ്രഗത്ഭ എന്ന നിലയിലാണ് അതിഷി പേരെടുത്തത്. 2001 ല്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദമെടുത്ത് ഓക്‌സ്ഫഡിലേക്ക് വിമാനം കയറിയ അതിഷിയുടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് വിദ്യാഭ്യാസ രംഗത്ത് മാറ്റത്തിന്റെ കാറ്റ് വീശാനുള്ള ദൗത്യവുമായിട്ടായിരുന്നു.


പ്രശാന്ത് ഭൂഷണ്‍ കണ്ടെത്തിയ നേതാവ്


1981-ല്‍ ജനിച്ച അതിഷി സ്പ്രിങ് ഡെയില്‍ സ്‌കൂളില്‍ നിന്നായിരുന്നു ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ബിരുദാനന്തര ബിരുദ പഠനത്തിനായി ഓക്‌സ്ഫഡിലേക്ക്. ശേഷം ഓക്‌സ്ഫഡില്‍ തന്നെ ഗവേഷകയായും അതിഷി പ്രവര്‍ത്തിച്ചു. 2013ലാണ് രാഷ്ട്രീയ പ്രവേശനം. ഓക്‌സ്ഫഡില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിയ അതിഷി, സാധാരണക്കാര്‍ക്കിടയിലായിരുന്നു ആദ്യകാലത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. താഴെത്തട്ടിലുള്ള കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ളവയില്‍ അതിഷി പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്ത അതിഷി പല എന്‍.ജി.ഒകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. അതുവരെ രാഷ്ട്രീയ പ്രവേശം ചിന്തിച്ചിട്ടില്ലായിരുന്ന അതിഷിയെ പ്രശാന്ത് ഭൂഷണാണ്(മുന്‍ എഎപി അംഗം, പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു) എഎപിയിലേക്ക് അടുപ്പിച്ചത്.




2012-ല്‍ മാത്രം രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി വൈകാതെ തന്നെ ഡല്‍ഹിയിലെ ഭരണം പിടിച്ചപ്പോള്‍ അതിഷി പാര്‍ട്ടിയുടെ മുഖ്യനേതാവായി മാറി. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി എത്തിയ പാര്‍ട്ടി 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത അട്ടിമറിയുമായിരുന്നു. ചൂലുമായെത്തി ഒരു പാര്‍ട്ടി രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചപ്പോള്‍ അതിന്റെ തലപ്പത്ത് കെജ്രിവാള്‍ എന്ന ഐഐടിക്കാരനായിരുന്നു. 70 സീറ്റുകളില്‍ 67 എണ്ണവും തൂത്തുവാരിയപ്പോള്‍ കെജ്രിവാളിന്റെ കൂടെ വിജയാഘോഷത്തില്‍ പങ്കുചേരാന്‍ അതിഷിയും ഉണ്ടായിരുന്നു. 2015-ല്‍ കെജ്രിവാള്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ഉപദേഷ്ടാവായിരുന്നു അന്ന് വിദ്യാഭ്യാസ വിപ്ലവം തീര്‍ത്ത അതിഷി. 2020-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി ഉയരുകയും പാര്‍ട്ടി വക്താവ് എന്ന നിലയില്‍ നിരന്തരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

രാഷ്ട്രീയ തിരിച്ചടിക്കിടയില്‍ എഎപിയുടെയും കെജ്രിവാളിന്റെയും മറുപടിയായിരുന്നു അതിഷി. മൊഹല്ല ക്ലിനിക്കുകള്‍ പോലെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളാണ് എഎപിക്ക് ഡല്‍ഹിയില്‍ തുടര്‍ഭരണം നേടിക്കൊടുത്തത്. അതിന് അണിയറയില്‍ ചുക്കാന്‍ പിടിച്ചതാകട്ടെ അതിഷിയും. സിസോദിയ അറസ്റ്റിലായപ്പോള്‍, പകരക്കാരിയായി മുന്‍നിരയിലേക്ക് മന്ത്രിപദവിയില്‍ നിയോഗിക്കപ്പെട്ടു. അവരുടെ മേഖലയായ വിദ്യാഭ്യാസം തന്നെ അവര്‍ക്ക് നല്‍കുകയും ചെയ്തു.