- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ശത്രുതയോടെ കാണുന്നവരെ മരണം വരെ വേട്ടയാടുന്ന സിപിഎം ശൈലിയല്ല കോണ്‍ഗ്രസിന്റേത്'; അന്ന് ചില്ല് തകര്‍ത്തു, ഇന്ന് നെഞ്ചോട് ചേര്‍ത്തു! വൈറ്റിലയിലെ 'വെല്ലുവിളി' ദുബായില്‍ കെട്ടിപ്പിടുത്തമായി; സാക്ഷിയായി അബിന്‍; ജോജുവും ഷിയാസും കൂട്ടുകാര്‍; ആ മാറ്റം നല്‍കുന്നത് അസാധാരണ സന്ദേശം

കൊച്ചി: രാഷ്ട്രീയ കേരളം അത്രവേഗം മറക്കാനിടയില്ലാത്ത ആ പഴയ 'വൈറ്റില പോരാട്ടം' വീണ്ടും ചര്‍ച്ചകളിലേക്ക്. അന്ന് വഴിതടഞ്ഞുള്ള സമരത്തിനെതിരെ തെരുവിലിറങ്ങി താന്‍ 'ഷോ' കാണിക്കുകയല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച നടന്‍ ജോജു ജോര്‍ജും, ജോജുവിനെ മദ്യപാനിയെന്നും ഗുണ്ടയെന്നും വിളിച്ച് ആഞ്ഞടിച്ച കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് ഉറ്റ ചങ്ങാതിമാര്‍. ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ച് ഇരുവരും ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അമ്പരന്നിരിക്കുകയാണ് അണികള്‍.
നാല് വര്‍ഷം മുന്‍പ് പെട്രോള്‍ വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയിലായിരുന്നു ആ നാടകീയ സംഭവങ്ങള്‍. മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതോടെ വാഹനത്തില്‍ നിന്നിറങ്ങിയ ജോജു കോണ്‍ഗ്രസ് നേതാക്കളോട് തട്ടിക്കയറി. തര്‍ക്കം മൂത്തതോടെ ജോജുവിന്റെ ലക്ഷ്വറി കാറിന്റെ ചില്ല് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. അന്ന് ഷിയാസ് ആഞ്ഞടിച്ചത് ഇങ്ങനെയായിരുന്നു: 'ജോജു മദ്യപിച്ചെത്തി ഷോ കാണിക്കുന്നു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നു.' ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കേസും കോടതിയുമായി മുന്നോട്ട് പോയ ആ വൈരമാണ് ഇപ്പോള്‍ ആകാശത്തോളം ഉയരമുള്ള സൗഹൃദമായി മാറിയിരിക്കുന്നത്.
ഇന്ന് ഇരുവരും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ വിശദീകരണവുമായി മുഹമ്മദ് ഷിയാസ് തന്നെ രംഗത്തെത്തി. 'തെറ്റാണ് ചെയ്തതെന്ന് ബോധ്യപ്പെട്ട് ജോജു അത് തിരുത്തിയപ്പോള്‍ പിന്നെ എന്തിന് ഉപദ്രവിക്കണം?' എന്നാണ് ഷിയാസിന്റെ മറുചോദ്യം. തങ്ങള്‍ക്കിടയിലെ എല്ലാ പ്രശ്‌നങ്ങളും നേരത്തെ തന്നെ തീര്‍ന്നെന്നും ഇപ്പോള്‍ ഇടയ്ക്കിടെ കാണാറുള്ള ഉറ്റ സുഹൃത്തുക്കളാണെന്നും ഷിയാസ് വെളിപ്പെടുത്തുന്നു.
സിപിഎമ്മിനെ കൊട്ടാനും ഷിയാസ് ഈ അവസരം മറന്നില്ല. 'ശത്രുതയോടെ കാണുന്നവരെ മരണം വരെ വേട്ടയാടുന്ന സിപിഎം ശൈലിയല്ല കോണ്‍ഗ്രസിന്റേത്' എന്നായിരുന്നു ഷിയാസിന്റെ പരിഹാസം. എന്തായാലും വൈറ്റിലയിലെ ആ പഴയ സംഘര്‍ഷം വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നോ അതോ മനസ്സ് മാറിയതാണോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.
അന്ന് ചില്ല് തകര്‍ക്കാന്‍ മുന്നില്‍ നിന്നവര്‍ പോലും ഇന്ന് ഈ ദൃശ്യം കണ്ട് കൈയ്യടിക്കുകയാണ്. രാഷ്ട്രീയത്തിലും പൊതു സമൂഹത്തിലും എല്ലാം വേണ്ടത് ഇത്തരം നല്ല കാഴ്ചകളാണ്.


