തിരുവനന്തപുരം: എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഎം മൗനം തുടരും. മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കടന്നാക്രമിക്കുന്ന അന്‍വറിനേയും കണ്ടില്ലെന്ന് നടിക്കും. എഡിജിപി എം.ആര്‍.അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വെളിപ്പെടുത്തലില്‍ സിപിഎം മൗനം തുടരുന്നു. എന്നാല്‍ ആര്‍ എസ് എസ് നേതൃത്വം ആരോപണം നിഷേധിച്ചു. എങ്കിലും സതീശന്‍ തുടര്‍ പ്രതികരണം നടത്തിയിട്ടില്ല.

നിഷേധിച്ചാല്‍ അപ്പോള്‍ ബാക്കി പറയാം എന്ന സതീശന്റെ വെല്ലുവിളി സിപിഎം ഏറ്റെടുത്തിട്ടുമില്ല. കൂടിക്കാഴ്ച നടന്നതു സമ്മതിക്കുന്നില്ലെങ്കിലും സതീശന്‍ ആരോപിച്ച സമയത്ത് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരിലെ ക്യാംപിലുണ്ടായിരുന്നുവെന്ന് ആര്‍എസ്എസ് നേതൃത്വം സമ്മതിക്കുന്നുണ്ട്. സമാനമായി അജിത് കുമാര്‍ വിവാദത്തിലെ എല്ലാ പ്രശ്‌നങ്ങളിലും സിപിഎം പ്രതികരണം നടത്തില്ല. 2023 മേയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ വച്ച് ഹൊസബാളെയും അജിത്കുമാറും ചര്‍ച്ച നടത്തിയെന്നായിരുന്നു സതീശന്റെ ആരോപണം.

അജിത്കുമാര്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട ഹോട്ടലിന്റെ പേരുള്‍പ്പെടെ സതീശന്‍ പറഞ്ഞിരുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഔദ്യോഗിക യാത്രകളെല്ലാം പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് കൃത്യമായി രേഖപ്പെടുത്തുന്നതും നിരീക്ഷിക്കുന്നതുമാണ്. എന്നിട്ടും പോലീസ് നിഷേധിക്കുന്നില്ല. ആര്‍എസ്എസിന്റെ ശാസ്ത്രവിഭാഗമായ വിജ്ഞാനഭാരതിയുടെ പ്രധാനിയായ തിരുവനന്തപുരം സ്വദേശിയെ അജിത് കുമാര്‍ കണ്ടെന്ന തരത്തിലാണ് ആരോപണം. ഈ നേതാവിന്റെ അടുത്ത ബന്ധു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസിലെ പ്രധാന നേതാവുമായി അടുത്ത ബന്ധുത്വവുമുണ്ട്. തൃശൂരിലെ ആര്‍എസ്എസ് പരിപാടിയില്‍ ക്യാംപ് അധികാരിയുടെ ചുമതല വഹിച്ചത് കേരള പൊലീസില്‍ നിന്നു വിരമിച്ച എസ്പിയായിരുന്നുവെന്നും സൂചനയുണ്ട്. മനോരമയുടെ വാര്‍ത്തകളിലാണ് ഈ വരികളുള്ളത്.

തിരുവനന്തപുരത്തുകാരനായ ആര്‍ എസ് എസ് ശാസ്ത്ര സംഘടനയുടെ മുഖ്യ സംഘാടകന്‍ ജയകുമാറാണ്. ആര്‍ എസ് എസിലെ ഏറ്റവും മുതിര്‍ന്ന പ്രചാരകരില്‍ ഒരാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിബന്ധമുള്ള നേതാവാണ് ഇദ്ദേഹം. ശാസ്ത്ര സ്ഥാപനങ്ങളിലെ മിക്കവാറും എല്ലാ കാര്യങ്ങളിലും തീരുമാനം പറയാന്‍ സ്വാധീനമുള്ള വ്യക്തികൂടിയാണ് ഇദ്ദേഹം. അജിത് കുമാറും ജയകുമാറും തമ്മില്‍ കൂടിക്കാഴ്ച നടന്നുവെന്ന തരത്തിലാണ് മനോരമയിലെ വാക്കുകള്‍ പോകുന്നത്.

അതിനിടെ വി.ഡി.സതീശന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആര്‍ എസ് എസ് പറയന്നു. പാറമേക്കാവ് സ്‌കൂളില്‍ നടന്ന ആര്‍എസ്എസ് ക്യാംപുമായി ബന്ധപ്പെട്ട് 2023 മേയില്‍ ജനറല്‍ സെക്രട്ടറി തൃശൂരിലുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവും എഡിജിപി എം.ആര്‍.അജിത്കുമാറുമായുള്ള കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ പ്രതികരിച്ചു. ഇതിനിടെയാണ് ജനറല്‍ സെക്രട്ടറിയുമായിട്ടല്ല കൂടിക്കാഴ്ചയെന്നും തിരുവനന്തപുരത്ത് നിന്നുള്ള പ്രചാരകനെയാണ് കണ്ടതെന്നും വ്യക്തമാകുന്നത്. ബിജെപിയിലേക്ക് പോലും ഈ നേതാവിന്റെ പേര് താക്കോല്‍ സ്ഥാനങ്ങളിലേക്ക് പലപ്പോഴും പറഞ്ഞു കേട്ടിരുന്നതാണ്.

കേരള പോലീസിനും എ.ഡി.ജി.പി.ക്കും എതിരേ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പ്രതികരിച്ചു. നിയമവിരുദ്ധമായും വ്യാപകമായും രാഷ്ട്രീയനേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടല്‍ തുടങ്ങിയസമയത്ത് തന്റെ ഫോണ്‍ ചോര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍പൂരം പോലീസ് കലക്കി എന്ന ആരോപണം വന്നിട്ട് ബി.ജെ.പി. മിണ്ടുന്നില്ല. സി.പി.എം.-ആര്‍.എസ്.എസ്. ധാരണ ഉണ്ടായിരുന്നു. അതിന് കേരള പോലീസിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. പിണറായി വിജയന്‍ കസേരയില്‍ തുടരുന്നത് ആര്‍.എസ്.എസിന്റെയും മോദിയുടെയും ഔദാര്യത്തിലാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചതോടെ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ. അന്വേഷണം തീര്‍ന്നെന്നും അന്വേഷണ ഏജന്‍സി ആത്മഹത്യചെയ്ത നിലയിലാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.