- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവിയില്‍ എല്ലാം കണ്ട പമ്പ ഇന്‍സ്പെക്ടര്‍ക്ക് പോലീസ് ഉന്നതനെ തിരിച്ചറിയാന്‍ ആയില്ല; അങ്ങോട്ട് പോയ മൂന്നു പേരും ഇങ്ങോട്ട് വന്ന രണ്ടുപേരും ആരെന്നുമറിയില്ല; കുറ്റമെല്ലാം ട്രാക്ടര്‍ ഓടിച്ച പോലീസ് ഡ്രൈവര്‍ക്ക്; സന്നിധാനത്തേക്ക് പറഞ്ഞു വിട്ടതും എസ്എച്ച്ഓ; എം.ആറിനെ രക്ഷിക്കാന്‍ പോലീസ് ഒന്നടങ്കം രംഗത്തുവരുമ്പോള്‍ ബലിയാടായി പോലീസ് ഡ്രൈവര്‍ വിവേക്
എം.ആറിനെ രക്ഷിക്കാന്‍ പോലീസ് ഒന്നടങ്കം രംഗത്തുവരുമ്പോള്‍ ബലിയാടായി പോലീസ് ഡ്രൈവര്‍ വിവേക്
പത്തനംതിട്ട: ശബരിമല ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെ രക്ഷിക്കാന്‍ കേരള പോലീസ് ഒന്നടങ്കം രംഗത്ത്. ഇതിനായി പമ്പ പോലീസ് തയാറാക്കിയത് വിചിത്രമായ എഫ്ഐആര്‍. ട്രാക്ടര്‍ ഓടിച്ച പോലീസുകാരന്‍ ഒഴികെ എല്ലാവരും എഫ്ഐആറില്‍ അജ്ഞാതരാണ്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരമാണ് കേസെടുക്കുന്നത് എന്ന് എസ്എച്ച്ഓ എഫ്ഐആറില്‍ പറയുന്നുണ്ട്. പക്ഷേ, വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉന്നതനെ എസ്എച്ച്ഓ സി.കെ. മനോജിന് ഇതുവരെ മനസിലായിട്ടില്ല. പോലീസ് സ്വമേധയാ എടുത്ത കേസാണിത്. പ്രതിപ്പട്ടികയിലും ട്രാക്ടര്‍ ഡ്രൈവര്‍ മാത്രമാണുള്ളത്. തിരുവല്ല സ്‌റ്റേഷനില്‍ നിന്നും ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വിവേക് എന്ന പോലീസ് ഡ്രൈവറാണ് ട്രാക്ടര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതാണ്.
ശബരിമല നവഗ്രഹപൂജയ്ക്കായി നട തുറന്ന സമയത്ത് വന്ന പോലീസ് ഉന്നതന്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയി മടങ്ങി എന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എസ്എച്ച്ഓ എഴുതിയിട്ടുള്ളത്. 12 ന് രാത്രി 9.05 ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് സന്നിധാനത്തേക്ക് കോടതി ഉത്തരവ് ലംഘിച്ച് മൂന്നു പേരുമായി ട്രാക്ടര്‍ പാഞ്ഞു. 13 ന് ഉച്ചയ്ക്ക് 1.40 ന് രണ്ടു പേരെ കയറ്റി സ്വാമി അയ്യപ്പന്‍ റോഡു വഴി പമ്പയിലേക്ക് പാഞ്ഞു. ഈ പറയുന്ന അഞ്ചു പേരില്‍ ഡ്രൈവര്‍ ഒഴികെയുള്ളത് ആരെന്ന് കണ്ടെത്താന്‍ എസ്എച്ച്ഓയ്ക്ക കഴിഞ്ഞിട്ടില്ല.
ഇനിയാണ് രസം. ട്രാക്ടറുമായി സന്നിധാനത്തേക്ക് പോകാന്‍ ഡ്രൈവര്‍ വിവേകിനോട് നിര്‍ദേശിച്ചത് പമ്പ എസ്.എച്ച്.ഓ സി.കെ. മനോജാണ്. ഇക്കാര്യം വെഹിക്കിള്‍ ഡ്യൂട്ടി രജിസ്റ്ററില്‍ ഡ്രൈവര്‍ എഴുതിയിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചെളിക്കുഴിക്ക് സമീപം മങ്കി ക്യാപും ധരിച്ച് തല വഴി കറുത്ത മുണ്ടും മൂടി നിന്ന എ.ഡി.ജിപിയെയും കയറ്റി പോവുകയാണ് ഉണ്ടായത്. ഇതിനല്ലാതെ മറ്റൊന്നിനും ആയിരുന്നില്ല ട്രാക്ടര്‍ വിട്ടത് എന്നും വ്യക്തമാണ്. പോലീസുകാരന്‍ സ്വമേധയാ ട്രാക്ടറുമായി പോയി എന്ന തരത്തിലാണ് എഫ്ഐആര്‍. ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം 1500 രൂപ പിഴ മാത്രമാണ് വരിക.
പക്ഷേ, വാഹനത്തില്‍ സഞ്ചരിച്ചിരുന്നത് എഡിജിപിയാണെന്നതും ശബരിമലയില്‍ ഹൈക്കോടതി നല്‍കിയിട്ടുള്ള ഉത്തരവുകള്‍ നന്നായി അറിയാവുന്നയാളാണെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അജിത്കുമാറിന്റേത് ഔദ്യോഗിക സന്ദര്‍ശനം ആയിരുന്നില്ല. തികച്ചും വ്യക്തിപരമായിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെയും പമ്പ എസ്എച്ച്ഓയുടെയും കൃത്യമായ അറിവോടെയാണ് എഡിജിപി ട്രാക്ടര്‍ സഞ്ചാരം നടത്തിയത്. മറുനാടന്‍ വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ തങ്ങള്‍ ഇത് ആദ്യം കേള്‍ക്കുന്നുവെന്ന തരത്തിലായിരുന്നു ഇവരുടെ പ്രതികരണം.
കുറ്റം തന്റെ തലയില്‍ ആകുമെന്ന് വന്നപ്പോള്‍ പതിവു പോലെ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാര്‍ അത് ഒരു കീഴുദ്യോഗസ്ഥന്റെ തലയില്‍ കെട്ടി വയ്ക്കുകയാണ്. ആറന്മുള പോക്സോ അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം, കരിക്കിനേത്ത് സ്പെഷല്‍ പ്രോസിക്യൂട്ടറായി ക്രിമിനല്‍ കേസ് പ്രതിയായ അഭിഭാഷകനെ നിയമിക്കാനുള്ള ശിപാര്‍ശ തുടങ്ങി നിരവധി വിവാദ വിഷയങ്ങളില്‍ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കി സ്വന്തം തൊപ്പി സംരക്ഷിച്ചു നില്‍ക്കുന്നയാളാണ് വിനോദ് കുമാര്‍. ഇവിടെയും ഒരു പാവം പോലീസ് ഡ്രൈവറുടെ തൊപ്പി തെറിപ്പിച്ചു കൊണ്ട് തലയൂരാനാണ് എസ്പിയും എസ്എച്ച്ഓയും എഡിജിപിയും ശ്രമിക്കുന്നത്.