തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിനെതിരെ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. കഴിഞ്ഞ ദിവസം തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സിപിഎം ജില്ല നേതൃത്വവും പരാതിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, പോറ്റിയെ കേറ്റിയെ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍, ഇതിനെതിരെ കേസെടുക്കാനുള്ള നീക്കങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചില നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭക്തിക്ക് ഒരു കുറവും വരുത്താതെ, ശബരിമലയില്‍ നടന്ന അഴിമതിയെ പരിഹസിക്കുന്ന ഈ ഗാനം ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകള്‍ പ്രകാരം കുറ്റകരമല്ലെന്നാണ് അഡ്വ. എം ആര്‍ അഭിലാഷിന്റെ പക്ഷം.

ഈ ഗാനത്തിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ 299-ാം വകുപ്പ് (പഴയ IPC 295A-യ്ക്ക് സമാനമായത്) പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് അഭിലാഷ് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിനുള്ള കാരണങ്ങള്‍ ഇവയാണ്: ഒരു മതവിഭാഗത്തിന്റെ വിശ്വാസത്തെയോ മതത്തെയോ ബോധപൂര്‍വ്വം അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ വകുപ്പ് നിലനില്‍ക്കൂ. ഇവിടെ അഴിമതിയെയും കള്ളന്മാരെയുമാണ് ലക്ഷ്യം വെക്കുന്നത്, അയ്യപ്പനെയോ വിശ്വാസത്തെയോ അല്ല.

ആവിഷ്‌കാര സ്വാതന്ത്ര്യം: ഭരണഘടനയുടെ 19(1)(a) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ പ്രതിഷേധ ഗാനം. മലകയറുമ്പോള്‍ കള്ളന്മാരെയും മൃഗങ്ങളെയും കാണുമ്പോള്‍ അയ്യപ്പനെ വിളിക്കുന്നത് ശബരിമലയിലെ ആരാധനാ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് ഭരണഘടനയുടെ 25-ാം വകുപ്പ് നല്‍കുന്ന അവകാശമാണ്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എടുത്ത എഫ്.ഐ.ആറില്‍ ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഈ കൊള്ളയ്ക്ക് പിന്നിലുള്ളവരെ ഭക്തിനിര്‍ഭരമായ ഈണത്തിലൂടെ തുറന്നുകാട്ടുന്നത് വിശ്വാസികളെ ഭയപ്പെടുത്തുന്ന ഒന്നല്ല, മറിച്ച് അഴിമതിക്കാരെയാണ് ഭയപ്പെടുത്തുന്നത്.

'അയ്യപ്പസ്വാമിയുടെ നാമം ഭക്തിഗാനങ്ങളില്‍ കേള്‍ക്കുന്നതുപോലെ തന്നെയാണ് ഈ ഗാനത്തിലും ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസപ്രമാണങ്ങളെ ഇകഴ്ത്തിക്കാട്ടാത്തടത്തോളം കാലം ഇത് കുറ്റകരമല്ല.'

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ ഗൗരവം ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ ഭയപ്പെടുന്നവരാണ് 'മതവികാരം വ്രണപ്പെടുന്നു' എന്ന വാദവുമായി വരുന്നത്. എന്നാല്‍ നിയമബോധമുള്ള പോലീസ് അധികാരികള്‍ ഇത്തരം ആവിഷ്‌കാരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കില്ലെന്നാണ് ഭക്തരുടെ വിശ്വാസം. ചുരുക്കത്തില്‍, അഴിമതിക്കാരെ 'സ്വര്‍ണം ചെമ്പാക്കിയവര്‍' എന്ന് വിളിച്ചു പാടുന്നത് അയ്യപ്പഭക്തിയുടെ ഭാഗമായി തന്നെ കാണണമെന്നാണ് ഈ കുറിപ്പ് മുന്നോട്ട് വെക്കുന്ന വാദം.


പോസ്റ്റിന്റെ പൂര്‍ണരൂപം:

'പോറ്റിയെ കേറ്റിയെ' എന്ന ഗാനം മതവികാരം വൃണപ്പെടുത്തുന്നുണ്ടോ ? കേസെടുക്കാന്‍ കഴിയുമോ ?

കേരളത്തെ നടുക്കിയ ശബരിമല സ്വര്‍ണക്കൊള്ളയിലെ രാഷ്ട്രീയവും ക്രിമിനല്‍ കുറ്റവും വിളിച്ചോതുന്ന, ഭക്തിക്ക് ഒരു കുറവും വരുത്താത്ത, ഈ ഗാനം ആരുടെയെങ്കിലും മതവികാരം വൃണപ്പെടുത്തുന്നുവെങ്കില്‍ അത് ഈ ഗാനത്തിലൂടെ സ്വര്‍ണക്കൊള്ളയുടെ ഗൗരവം മലയാളിയുടെ മനസിലേക്ക് അരിച്ചിറങ്ങും എന്ന് ഭയപ്പെടുന്ന വ്യക്തികളുടെ ഭയമെന്ന മതവികാരത്തെ മാത്രമാണ്.

അയ്യപ്പസ്വാമിയുടെ നാമം ഭക്തിഗാനങ്ങളില്‍ കേള്‍ക്കുന്നതുപോലെ തന്നെയാണ് ഈ ഗാനത്തില്‍ ഭക്തിനിര്‍ഭരമായി ഉച്ചരിക്കുന്നത്. ശബരിമലയില്‍ ആര് സ്വര്‍ണക്കൊള്ള നടത്തിയെന്നും അവര്‍ ആരായിരുന്നു എന്നും വിളിച്ചോതുന്ന ഈ ശ്രുതിമധുരമായ പാട്ട് നിങ്ങള്‍ക്ക് ഭക്തിയുണ്ടെങ്കില്‍ ഭക്തിനിര്‍ഭരമായി തന്നെ പാടാം. ഭാരതീയ ന്യായ സംഹിതയുടെ 299 ആം വകുപ്പനുസരിച്ചു മതവികാരം വൃണപ്പെടുത്തിയതിനു കേസെടുക്കാന്‍ ഈ പാട്ട് രചിച്ചതുകൊണ്ടോ സംഗീതം നല്കിയതുകൊണ്ടോ പാടിയത് കൊണ്ടോ കഴിയില്ല. പ്രസ്തുത വകുപ്പ് പ്രകാരം ബോധപൂര്‍വം മതവികാരം വൃണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പറയുകയോ എഴുതുകയോ ചെയ്ത വാക്കുകളിലൂടെയോ മറ്റു സംവേദന മാര്‍ഗങ്ങളിലൂടെയോ പൗരന്മാരുടെ മതമോ മതവിശ്വാസമോ വൃണപ്പെടുത്തുകയാണെങ്കില്‍ മാത്രമേ മേല്‍ക്രോഡീകരിച്ച വകുപ്പ് പ്രകാരമോ മറ്റേതെകിലും സമാനമായ വകുപ്പ് പ്രകാരമോ കേസെടുക്കുവാന്‍ കഴിയുകയുള്ളു. അയ്യപ്പസ്വാമിയെക്കുറിച്ചോ ശബരിമലയുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചോ ഇകഴ്ത്തിപ്പാടുകയാണെങ്കില്‍ മാത്രമേ മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ആകര്‍ഷിക്കപ്പെടുകയുള്ളു.

മലകയറുമ്പോള്‍ പുലിയെക്കണ്ടാലും ആനയെക്കണ്ടാലും കള്ളന്മാരെക്കണ്ടാലും അയ്യപ്പനെ വിളിച്ചു പാടുകയും പറയുകയും ചെയ്യുന്നതാണ് ശബരിമലയുടെ ആരാധനാ സംസ്‌കാരം . ശബരിമലയിലെ വിശ്വാസങ്ങളെ തച്ചുതകര്‍ക്കാന്‍ ബോധപൂര്‍വം നിയമിക്കപ്പെട്ട വാസുവും സംഘവും അവിടെ നടന്ന സ്വര്‍ണക്കൊള്ളക്ക് നേതൃത്വം നല്‍കി എന്നത് കേരളാ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം എടുത്ത എഫ് ഐ ആറില്‍ പ്രകടമാണ്. ഈ കള്ളന്മാരെക്കുറിച്ചു അയ്യപ്പസ്വാമിയോട് വിളിച്ചു പറയുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ 19 (1 ) (a ) പ്രകാരം ഉള്ള അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമല്ല 25 ആം വകുപ്പ് പ്രകാരമുള്ള ആരാധനാ സ്വാതന്ത്ര്യം കൂടിയാണ്.

അയ്യപ്പഭക്തനായ കേരളത്തിന്റെ ഡിജിപിക്ക് അത് മനസിലാക്കാനുള്ള നിയമബോധം ഉണ്ട് എന്നതും ഒരു വലിയവിശ്വാസമാണ്.

പരാക്രമം പാട്ടിനോടല്ല വേണ്ടൂ !

അപ്പോള്‍ പാടുകയല്ലേ, 'പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായി മാറ്റിയേ ...'