തിരുവനന്തപുരം: കോടികള്‍ ചെലവിട്ട് നടത്തിയെങ്കിലും പൊളിഞ്ഞുപോയ നവകേരള സദസിനു പിന്നാലെ 'വികസന സദസ്' സംഘടിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ് സംഘടിപ്പിക്കാന്‍ അന്‍പതു കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന സദസിന്റെ ചെലവ് സര്‍ക്കാര്‍ നേരിട്ട് വഹിക്കില്ലെന്നും, അതത് തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്ന് പണം കണ്ടെത്തണമെന്നും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും കോടികള്‍ പൊടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

സെപ്റ്റംബര്‍ 20 ന് ഒരു തദ്ദേശ സ്ഥാപനത്തില്‍ മുഖ്യമന്ത്രി വികസന സദസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന 20 മിനിറ്റ് വീഡിയോ പ്രസന്റേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഗ്രാമപഞ്ചായത്തുകള്‍ രണ്ടു ലക്ഷം രൂപയും, മുനിസിപ്പാലിറ്റികള്‍ നാലു ലക്ഷം രൂപയും, കോര്‍പ്പറേഷനുകള്‍ ആറു ലക്ഷം രൂപയും പരിപാടിക്കായി മുടക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടോ അല്ലെങ്കില്‍ തനത് ഫണ്ടോ ഇതിനായി ഉപയോഗിക്കാം. ഈ തുക തികയാതെ വന്നാല്‍ ആവശ്യമെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ് വഴി പണം കണ്ടെത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്പോണ്‍സര്‍ഷിപ്പ് വഴി പണം കണ്ടെത്തുന്നതിലൂടെ വ്യാപക പിരിവായിരിക്കും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുക. ഇത് വ്യാപക അഴിമതിക്ക് കാരണമാകുമെന്നും ആരോപണമുയരുന്നു.

നേരത്തെ 'കേരളീയം' പരിപാടിക്കും 'നവകേരള സദസി'നും ഫണ്ട് കണ്ടെത്തിയത് സ്പോണ്‍സര്‍ഷിപ്പ് വഴിയായിരുന്നു. ഇത് വ്യാപകമായ പണപ്പിരിവാണെന്ന ആരോപണത്തിന് വഴിവെച്ചിരുന്നു. എന്നാല്‍, ഈ പരിപാടികള്‍ക്ക് ആരാണ് സ്പോണ്‍സര്‍മാരായതെന്ന് സര്‍ക്കാര്‍ നാളിതുവരെയായിട്ടും വെളിപ്പെടുത്തിയിട്ടില്ല. ഇതേ മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗിച്ച് വലിയ തോതിലുള്ള ഫണ്ട് പിരിവിന് സര്‍ക്കാര്‍ കളമൊരുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നവകേരള സദസ് ജനങ്ങള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കാത്ത സാഹചര്യത്തില്‍, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഭരണപക്ഷത്തിനുണ്ട്. സ്പോണ്‍സര്‍മാര്‍ ആരെല്ലാമാണെന്ന കാര്യത്തിലും യാതൊരു വ്യക്തതയും ഇതുവരെയുണ്ടായിട്ടില്ല. നവകേരള സദസിനായി രണ്ട് കോടി രൂപ മുടക്കി നിര്‍മ്മിച്ച ബസ് ഉപയോഗിച്ച് മുഖ്യമന്ത്രിയും സംഘവും കേരളം മുഴുവന്‍ സഞ്ചരിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ നിയമസഭാ മന്ദിരത്തിലെ ഊട്ടുപുര നവീകരിക്കാന്‍ സര്‍ക്കാര്‍ ഏഴരക്കോടി രൂപയാണ് ചെലവാക്കിയത്്. കാലാവധി കഴിയാന്‍ ഒന്‍പതുമാസം മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍ നവീകരിക്കാന്‍ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയേക്കാള്‍ കുടുതല്‍ ചെലവിട്ടാണ് ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിര്‍മ്മിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2021 മുതല്‍ നവീകരിക്കാന്‍ ഇതുവരെ നാലുകോടിയോളം രൂപ ചെലവായിട്ടുണ്ട്്. 14 പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ ക്ലിഫ് ഹൗസില്‍ നടന്നത്. ലിഫ്റ്റ് ,കാലിതൊഴുത്ത്, കക്കൂസ്, കുളിമുറി നവീകരണം, അടുക്കളയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വിശ്രമമുറിയുടെ നവീകരണം, പെയിന്റിംഗ്, മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ ഓഫിസ് റൂം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് മരാമത്ത് വകുപ്പ് മുഖേന നടന്നത്. പെയിന്റിംഗിന് മാത്രം 12 ലക്ഷം രൂപ ചെലവായി. ടൂറിസം വകുപ്പിന്റെ കീഴിലാണ് ക്ലിഫ് ഹൗസ് അടക്കമുള്ള മന്ത്രി മന്ദിരങ്ങള്‍. മരാമത്ത് വകുപ്പിന് പുറമേ ഏകദേശം രണ്ടുകോടി രൂപയുടെ പ്രവൃത്തികള്‍ ക്ലിഫ് ഹൗസില്‍ ടൂറിസം വകുപ്പും നടത്തി. ക്ലിഫ് ഹൗസിലെ നീന്തല്‍കുളം, പൂന്തോട്ടം, വെള്ളം, വൈദ്യുതി മുതലായവയുടെ ചുമതല ടൂറിസം വകുപ്പിനാണ്.