ഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്. ഇതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്. ഏത് നിമിഷവും ഭീകരാക്രമണ സാധ്യത മുന്നില്‍ കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി.

2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ തീവ്രവാദികളിൽ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്‌ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ പുറത്തിറക്കിയത്.

അടുത്ത രണ്ടു മാസത്തിനിടിയിൽ സാമൂഹികവിരുദ്ധരായ ആൾക്കാരിൽ നിന്നോ ഭീകരസംഘടനകളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ ആക്രമണം ഉണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, എയര്‍ഫോഴ്സ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു,' ബിസിഎഎസ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, പിന്നിൽ ഭീഷണിക്ക് പിന്നിൽ പാക്കിസ്ഥാൻ തന്നെയെന്നാണ് വിവരങ്ങൾ. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്റെ നിര്‍ദ്ദേശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ, പ്രാദേശിക പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബിസിഎഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിര്‍ദ്ദേശങ്ങളോ ലഭിച്ചാല്‍ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവെക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റ് നടപടികളുടെ കൂട്ടത്തില്‍, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദര്‍ശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും അവ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജന്‍സി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന പോലീസ്, വിമാനത്താവളങ്ങള്‍, എയര്‍ലൈനുകള്‍ എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ഈ നിര്‍ദ്ദേശം ഒരുപോലെ ബാധകമായിരിക്കും. വാണിജ്യ വിമാനങ്ങളില്‍ കയറ്റുന്നതിന് മുമ്പ് എല്ലാ കാര്‍ഗോകളും തപാലുകളും കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്‌സലുകള്‍ക്ക് കര്‍ശനമായ സ്‌ക്രീനിംഗ് നിര്‍ബന്ധമാണ് എന്നും സുരക്ഷാ ഏജന്‍സിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.