പാലക്കാട്: ഇന്നലെ വൈകിട്ടാണ് പാലക്കാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. നാല് പെൺകുട്ടികളുടെ മരണത്തിൽ നാട് തന്നെ വിറങ്ങലിച്ച് നിൽക്കുകയാണ്. മാതാപിതാക്കളുടെ കണ്ണീരിൽ എങ്ങനെ സമാധാനിപ്പിക്കുമെന്ന് പോലും നാട്ടുകാർക്ക് അറിയാൻ പറ്റുന്നില്ല.

ഇപ്പോഴിതാ അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിദ്യാർത്ഥിനിയുടെ വാക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്ന അജ്‌ന ഷെറിന്‍ രക്ഷപ്പെട്ടത് വളരെ അത്ഭുതകരമായാണ്. അപകടം നടക്കുന്ന സമയത്ത് ഒരു കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടത് എന്നാണ് അജ്‌ന ഷെറിന്‍ പറയുന്നത്.

വിദ്യാർത്ഥിനിയുടെ വാക്കുകൾ, 'ലോറി നല്ല സ്പീഡിലാണ് വന്നത്. പാലക്കാട് ഭാഗത്ത് നിന്ന് ലോറി വരുന്നുണ്ടായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി ഞങ്ങളുടെ അടുത്ത് നിന്ന് ചെരിഞ്ഞു. ഈ സമയം പാലക്കാട് നിന്ന് വന്ന ലോറി അതിന് പിന്നില്‍ പോയി ഇടിച്ചു. ഞാനും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ സമയത്ത് ഞാന്‍ ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു,' അജ്‌ന ഷെറിന്‍ പറഞ്ഞു.

കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളാണ് അപകടത്തിൽ മരിച്ചത്. ആയിഷ എ.എസ്, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഇര്‍ഫാന ഷെറിന്‍ പി.എ. എന്നിവരാണ് മരിച്ചത്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇവരുടെ ദേഹത്തേക്ക് ലോറി മറിഞ്ഞ് അപകടം നടന്നത്.