- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ ബിജെപിയില്‍ എത്തേണ്ടി വരും; ദേശീയ നേതാക്കളുടെ 'വിവരക്കേടുകളെ' എതിര്‍ക്കേണ്ടി വരും; എന്തുകൊണ്ട് ട്വന്റി-20 എന്ന് വ്യക്തമാക്കി അഖില്‍ മാരാര്‍; സവര്‍ക്കറെയും പൗരത്വ ഭേദഗതിയെയും പിന്തുണച്ച മുന്‍ നിലപാടുകള്‍ ആയുധമാക്കി സൈബര്‍ വെട്ടുകിളികള്‍ക്ക് മാരാരുടെ തിരിച്ചടി
സൈബര്‍ വെട്ടുകിളികള്‍ക്ക് മാരാരുടെ തിരിച്ചടി

കൊച്ചി: ട്വന്റി 20 യില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അക്കമിട്ട് മറുപടി നല്‍കി ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍. താന്‍ ഒരിക്കലും കോണ്‍ഗ്രസ്സുകാരനായിരുന്നില്ലെന്നും, വിഷയങ്ങളില്‍ അധിഷ്ഠിതമായ നിലപാടുകളാണ് ഇതുവരെ സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ട്വന്റി-20യില്‍ ചേര്‍ന്നതോടെ രാഷ്ട്രീയ നിലപാട് മാറ്റിയെന്ന ആരോപണങ്ങളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു.
കോണ്‍ഗ്രസ് ബന്ധം നിഷേധിച്ച് അഖില്‍ മാരാര്‍
തന്നെ കോണ്‍ഗ്രസ്സുകാരനായി ചിത്രീകരിക്കുന്നവരോട് അദ്ദേഹം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം വാങ്ങി സെലിബ്രിറ്റി എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ പങ്കെടുത്തു എന്നത് കൊണ്ട് ഒരാള്‍ ആ പാര്‍ട്ടി പ്രവര്‍ത്തകനാകില്ലെന്ന് അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചോ കോണ്‍ഗ്രസ് ആശയങ്ങള്‍ക്കൊപ്പമോ താന്‍ ഒരിക്കലും നിലകൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരു കോണ്‍ഗ്രസ്സുകാരനല്ലെന്ന് തെളിയിക്കാന്‍ തന്റെ മുന്‍കാല നിലപാടുകള്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്നു:
സവര്‍ക്കറെ തള്ളിപ്പറയില്ലെന്ന നിലപാടും, ഗാന്ധിയോട് ആരാധന തോന്നിയിട്ടില്ലെന്ന വെളിപ്പെടുത്തല്‍, പൗരത്വ ഭേദഗതി (CAA), നോട്ട് നിരോധനം എന്നിവയെ അനുകൂലിച്ചതും, സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തെ പിന്തുണച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം നിലപാടുകള്‍ സ്വീകരിച്ച ഒരാള്‍ എങ്ങനെ കോണ്‍ഗ്രസ്സുകാരനാകുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
എന്തുകൊണ്ട് ട്വന്റി-20?
കോണ്‍ഗ്രസ്സില്‍ ചേര്‍ന്നാല്‍ ഭാവിയില്‍ ബിജെപിയില്‍ എത്തേണ്ടി വരുമെന്ന ചിന്തയാണ് തന്നെ ട്വന്റി-20യിലേക്ക് നയിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളുടെ 'വിവരക്കേടുകളെ' എതിര്‍ക്കേണ്ടി വരുമെന്നതിനാലും, മതേതര ബോധ്യമുള്ളതും നാടിന് ഗുണകരവുമായ പ്രവര്‍ത്തന രീതി ട്വന്റി-20ക്ക് ഉള്ളതിനാലുമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഞ്ചനാക്കുറ്റം ചുമത്തുന്നവരോട്
താന്‍ ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ നിലപാട് മാറ്റം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പ്രതിപക്ഷ സ്വരമായി സംസാരിച്ചത് വിഷയങ്ങളുടെ ശരിതെറ്റുകള്‍ നോക്കിയാണ്. തന്നെ കോണ്‍ഗ്രസ്സുകാരനായി ചിത്രീകരിച്ചത് നേതാക്കളുടെ പിആര്‍ (PR) ടീമുകളാണെന്നും മാരാര്‍ കുറ്റപ്പെടുത്തി.
പുതിയ തുടക്കം എന്‍ഡിഎ മുന്നണിക്കൊപ്പം
ട്വന്റി-20 അംഗമായതോടെ താന്‍ ഇനി എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെന്നും മുന്നണിയുടെ ആശയങ്ങള്‍ ഇനി മുതല്‍ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികളെ തുടച്ചുനീക്കുമെന്നും രാജ്യത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരെ വെറുതെ വിടില്ലെന്നും പറഞ്ഞ അദ്ദേഹം, ഭയപ്പെടുത്തി കാര്യം സാധിക്കുന്ന തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും മുന്നറിയിപ്പ് നല്‍കി.
താന്‍ വെറുമൊരു ഉപകരണം മാത്രമാണെന്നും തീരുമാനങ്ങള്‍ എടുക്കുന്നത് താനല്ലെന്നും പറഞ്ഞാണ് അഖില്‍ മാരാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഖില്‍ മാരാരുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
യൂ ടൂബിലും ഫേസ്ബുക്കിലും പലര്‍ക്കും ഞാന്‍ ഒരു വരുമാന മാര്‍ഗം ആവുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ... പക്ഷെ നിങ്ങളില്‍ പലരും എന്നെക്കുറിച്ചോ എന്റെ രാഷ്ട്രീയ കാഴ്ച പാടുകളെ കുറിച്ചോ യാതൊരു ബോധവും ഇല്ലാത്തവരായി പോയത് കൊണ്ട് നിങ്ങളോട് എനിക്ക് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉണ്ട്...
1. ഞാന്‍ ഏത് പാര്‍ട്ടിയാണ് വിട്ടത്...?
2. എന്തായിരുന്നു എന്റെ രാഷ്ട്രീയ നിലപാട്..? എന്താണ് 20/20 യില്‍ ചേര്‍ന്ന ശേഷം ഞാന്‍ മാറ്റി പറഞ്ഞത്...
ഈ വിഷയത്തില്‍ യാതൊരു ബോധ്യവുമില്ലാത്തവരോട്...
A.പണം നല്‍കി സെലിബ്രിറ്റി എന്ന നിലയില്‍ പാര്‍ട്ടി വേദികളില്‍ എന്നെ വിളിച്ചത് ഞാന്‍ പറഞ്ഞിട്ടാണോ..?
B. പറഞ്ഞ തുക വാങ്ങി ഞാന്‍ ഒരു പരുപാടിയില്‍ പങ്കെടുത്താല്‍ ഞാന്‍ കോണ്‍ഗ്രസ്സ്‌കാരന്‍ ആയി മാറുമോ..?
C. കഴിഞ്ഞ 5 വര്‍ഷം അതായത് മുഖ്യ ധാരയില്‍ വന്ന ശേഷം ഒരു തവണ എങ്കിലും രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചു ഒരു വരി ഞാന്‍ എഴുതി കണ്ടിട്ടുണ്ടോ..?
D. സുരേഷ് ഗോപി തൃശൂരില്‍ ജയിക്കും എന്ന് പറഞ്ഞ ഞാന്‍ കോണ്‍ഗ്രസ്സ് ആണോ..?
E.സവര്‍ക്കറേ തള്ളി പറയില്ല എന്ന് പറഞ്ഞ ഞാന്‍ കോണ്‍ഗ്രസ്സ് ആണോ..?
F.ഗാന്ധിയോട് ഒരു കാലത്തും ആരാധന തോന്നിയിട്ടില്ല എന്ന് പറഞ്ഞ ഞാന്‍ കോണ്‍ഗ്രസ്സ് ആണോ..?
G.പൗരത്വ ഭേദഗതി, നോട്ട് നിരോധനം ഇവ അനുകൂലിച്ച ഞാന്‍ കോണ്‍ഗ്രസ്സ്‌കാരന്‍ ആണോ..?
ഇനി മതേതര മൂല്യവും കമ്മ്യൂണിസ്‌റ് വിരുദ്ധതയുംപിണറായി വിരുദ്ധതയും ഒക്കെ ഉള്ളത് കൊണ്ടും കോണ്‍ഗ്രസ്സ് നേതാക്കളുടെ ഒപ്പം വേദി പങ്കിട്ടത് കൊണ്ടും മാത്രം ഞാന്‍ കോണ്‍ഗ്രെസ്സുകാരന്‍ ആകുമോ...
20/20 എന്ന മതേതര പാര്‍ട്ടിയില്‍ ആണ് ഞാന്‍ ചേര്‍ന്നത്.. ചേര്‍ന്ന ഉടനെ മറ്റുള്ള രാഷ്ട്രീയക്കാര്‍ ആക്ഷേപിക്കും പോലെ കോണ്‍ഗ്രസിനെയോ നേതാക്കളെയോ ഞാന്‍ ഒരക്ഷരം മോശമായി പറഞ്ഞിട്ടില്ല..
എനിക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സൗകര്യമായ ഒരു രാഷ്ട്രീയ ആശയം ഞാന്‍ സ്വീകരിച്ചു എന്നാണ് പറഞ്ഞത്..
ഇതില്‍ എന്ത് നിലപാട് ആണ് ഞാന്‍ മാറ്റിയത്..
മാധ്യമങ്ങള്‍ ഇന്ന് പിണറായിയെ കുറ്റം പറയും.. നാളെ പൊക്കി പറയും.. കോണ്‍ഗ്രസ്സിനെ ചിലപ്പോള്‍ അനുകൂലിക്കും.. ചിലപ്പോള്‍ ആക്ഷേപിക്കും.. ബിജെപിയെ ആക്രമിക്കും ചില വിഷയങ്ങളില്‍ പൊക്കി പറയും..
അവര്‍ക്ക് നിലപാട് ഇല്ലാത്തത് കൊണ്ടാണോ..?
അതോ അവരെല്ലാം നിങ്ങളുടെ ഭാഷയില്‍ പല തന്തയ്ക്ക് പിറന്നവര്‍ ആയത് കൊണ്ടാണോ..?
കാരണം മാധ്യമ പ്രവര്‍ത്തകര്‍ നിക്ഷ്പക്ഷരാണ്.. അവര്‍ക്ക് ഒരു വിശയത്തിലെ ശെരി മറ്റൊരു വിഷയത്തില്‍ തെറ്റ് ആകും.. അതല്ലെങ്കില്‍ സത്യം ചിലപ്പോള്‍ സിപിഎം നൊപ്പമാകും.. ചിലപ്പോള്‍ കോണ്‍ഗ്രെസ്സിനൊപ്പം.. ചിലപ്പോള്‍ ബിജെപിയ്ക്ക് ഒപ്പം..അതനുസരിച്ചു ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ശബ്ധിക്കും..
ഞാനും എനിക്ക് കഴിയുന്ന രീതിയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു.. സര്‍ക്കാരിനെ ആക്രമിച്ചു.. ചില വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും വിമര്‍ശിച്ചു..എന്തിന് പ്രതിപക്ഷ നേതാവിനെ പോലും വിമര്‍ശിച്ചു.. രസകരമായ സത്യം സാബു ജേക്കബിനെയും വിമര്‍ശിച്ചിട്ടുണ്ട് എന്നതാണ്...
ഒരു പാര്‍ട്ടിയിലും അംഗം അല്ലാതിരുന്ന എനിക്ക് അതിനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്..പ്രതിപക്ഷ സ്വരമായി സംസാരിച്ചത് വിഷയങ്ങളുടെ ശെരികള്‍ നോക്കിയാണ്..
അത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്തപ്പോള്‍ അവര്‍ അത് പ്രചരിപ്പിച്ചു..അവര്‍ എന്നെ ഉപയോഗിച്ചു.. നേതാക്കന്മാരുടെ PR ടീമുകള്‍ എന്നെ ഉപയോഗിച്ചു.. എനിക്ക് കോണ്‍ഗ്രസ്സില്‍ സീറ്റ് ഉണ്ടാകും എന്ന പ്രതീതി സൃഷ്ടിച്ചെടുത്തതും അവരാണ്..
നേതാക്കള്‍ ഞാന്‍ പാര്‍ട്ടിയില്‍ സജീവമാകണം എന്ന് പറഞ്ഞു... രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസ്സില്‍ ആയാല്‍ ഭാവിയില്‍ ഞാന്‍ ബിജെപി യില്‍ എത്തേണ്ടി വരും.. കാരണം എനിക്ക് കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളെ താല്പര്യമില്ല.. അവരുടെ വിവരക്കേടുകള്‍ എനിക്ക് എതിര്‍ക്കേണ്ടി വരും.. ആ ചിന്തയാണ് എനിക്ക് നാടിനു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്ന എന്റെ കാഴ്ചപ്പാടുകള്‍ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന എന്നാല്‍ മതേതര ബോധ്യം എല്ലാക്കാലത്തും ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്ന നാളെയുടെ രാഷ്ട്രീയമായ 20/20 തിരഞ്ഞെടുത്തത്..
ഇനി അഖില്‍ മാരാര്‍ എന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല.. 3 ദിവസം മുന്‍പ് ഒരു പാര്‍ട്ടിയില്‍ അംഗമായി.. NDA മുന്നണിയുടെ ഭാഗമായി ഇനി മുതല്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും ആശയം പറയും..
രാജ്യം പരമാധികാരത്തോടെ 12 വര്‍ഷമായി മോദി ഭരിച്ചിട്ടും ഒരു മുസല്‍മാന് പോലും രാജ്യം വിട്ട് ഓടി പോകേണ്ടി വന്നിട്ടില്ല എങ്കില്‍ 20/20യില്‍ ചേര്‍ന്ന ഞാന്‍ എന്ത് ഭീഷണിയാണ്..
തീവ്രവാദികളെ തുടച്ചു നീക്കും.. ആട്ടിന്‍ തോലണിഞ്ഞു എത്രയൊക്കെ മതേതരത്വം പറഞ്ഞു കോണ്‍ഗ്രസ്സിന്റെ കൂടെ കൂടിയാലും രാജ്യത്തെ ഇല്ലാതാക്കാന്‍ നോക്കുന്നു ഒരുത്തനെയും വെറുതെ വിടില്ല...
കൂട്ടമായി ആക്രമിച്ചു ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്ന പാകിസ്ഥാന്‍ തന്ത്രം കേരളത്തില്‍ അധിക നാള്‍ വാഴില്ല..
NB : മുന്നോട്ട് നയിക്കാന്‍ മഹാ ഗണപതി കൂടെ ഉള്ളവനോട് തടസങ്ങളുടെ പേര് പറഞ്ഞു വിരട്ടാന്‍ നിക്കണ്ട.. തീരുമാനം എടുക്കുന്നത് ഞാനല്ല.. ഞാന്‍ വെറും ഉപകരണം മാത്രം..


