- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യൂറോപ്പ് തീര്‍ന്നു': അമേരിക്കന്‍ കൊമേഡിയന്റെ വീഡിയോ വിവാദത്തില്‍; വീഡിയോ പുറത്തു വന്നത് ടൂറിസത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍
ലണ്ടന്‍: യൂറോപ്പിലാകെ വിനോദ സഞ്ചാരത്തിനെതിരെയുള്ള പ്രതിഷേധം കത്തിക്കാളുന്നതിനിടയില്‍, അത് യൂറോപ്പിന്റെ വിധിയാണെന്നും, അത് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇറങ്ങിയ ടിക്ടോക് വീഡിയോ വൈറല്‍ ആവുകയാണ്. 'യൂറോപ്പ് ഈസ് ഓവര്‍' എന്ന ടെക്സ്റ്റ് ടൈറ്റില്‍ ആയി വെച്ചാണ് വീഡിയോ ഇറങ്ങിയിരിക്കുന്നത്. ബാഴ്സിലോണ ഉള്‍പ്പടെയുള്ള വിവിധ നഗരങ്ങള്‍ ടൂറിസം കുറയ്ക്കാനും ഹ്രസ്വകാല വാടകക്ക് കെട്ടിടങ്ങള്‍ നല്‍കുന്നത് നിര്‍ത്താനും തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അത്തരത്തില്‍ പെരുമാറാതെ യൂറോപ്യന്‍ ജനത വിദേശികളെ തങ്ങളുടെ നഗരങ്ങളിലെക്ക് സ്വാഗതം ചെയ്യണം എന്നാണ് ടിക്ടോക് ഉപഭോക്താവ് ആവശ്യപ്പെടുന്നത്.
വിനോദ സഞ്ചാരികള്‍ തങ്ങളുടെ നഗരങ്ങള്‍ നശിപ്പിക്കുന്നു എന്ന് പല യൂറോപ്യന്മാരും പറയുന്ന വാര്‍ത്തകള്‍ താന്‍ കാണുകയും വായിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കൊമേഡിയന്‍ ഡാന്‍ മഹ്ബോബിയന് റോസെന്‍ തന്റെ വൈറല്‍ വീഡിയോ ആരംഭിക്കുന്നത്. അതില്‍ സ്ക്രീന്‍ ടെക്സ്റ്റ് ആയിട്ടാണ് 'യൂറോപ്പ് ഈസ് ഓവര്‍' എന്ന് ചേര്‍ത്തിരിക്കുന്നത്. യൂറോപ്പ്, ഞങ്ങളുടെ ഡിസ്നി വേള്‍ഡ് ആണെന്നും, ഈ ലോകത്തില്‍ നിങ്ങളുടെ ധര്‍മ്മം അതാണെന്നും നിങ്ങള്‍ ഓര്‍ക്കണം എന്നും റോസെന്‍ വീഡിയോയിലൂടെ യൂറോപ്യന്‍ ജനതയോട് പറയുന്നുണ്ട്.
ഈ മാസം ആദ്യം സ്പെയിനിലെ ബാഴ്സിലോണിയയില്‍ ആയിരക്കണക്കിന് പ്രദേശവാസികള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വെള്ളമൊഴുക്കി പ്രതിഷേധിച്ചിരുന്നു. കൂട്ടത്തോടെയുള്ള വിനോദ സഞ്ചാരത്തിന് എതിരെ ആയിരുന്നു പ്രതിഷേധം. വിനോദ സഞ്ചാരികള്‍ മടങ്ങി പോകണം എന്നും, മതിയായി! വിനോദ സഞ്ചാരത്തിന് പരിധി ഏര്‍പ്പെടുത്തണം എന്നുമൊക്കെയുള്ള പ്ലക്കാര്‍ഡുകള്‍ ഏന്തിയായിരുന്നു പ്രതിഷേധം. ഹ്രസ്വകാല വാടകക്ക് കെട്ടിടങ്ങളും മുറികളും നല്‍കുന്നത് നിര്‍ത്തലാക്കണമെന്നും, പ്രദേശവാസികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ വര്‍ദ്ധിച്ച ജീവിത ചെലവ് നിയന്ത്രിക്കാന്‍ നടപടി എടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റ് പല യൂറോപ്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും വിനോദ സഞ്ചാര വിരുദ്ധ പ്രക്ഷോഭണത്തിന് ഇറങ്ങിയിട്ടുണ്ട്. ഇറ്റാലിയന്‍ നഗരമായ വെനീസ് തിരക്കേറിയ സമയത്ത് സന്ദര്‍ശിക്കുവാന്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രതിദിനം 5 യൂറോ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംസ്റ്റര്‍ഡാം നഗര കൗണ്‍സില്‍, നഗര തുറമുഖത്ത് വിനോദ സഞ്ചാര കപ്പലൗകള് അടുക്കുന്നത് തടഞ്ഞുകൊണ്ട് നിയമം പാസാക്കിയിട്ടുണ്ട്. ഗ്രീക്ക് അധികൃതരാണെങ്കില്‍ ഏഥന്‍സിലെ പുരാവസ്തു സഞ്ചയം സന്ദര്‍ശിക്കുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് ടൈം സ്ലോട്ട് സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
എന്നാല്‍, ഈ പ്രതിഷേധങ്ങളോടെ തെല്ലും അനുകമ്പ പ്രകടിപ്പിക്കാത്ത രീതിയിലാണ് റോസെന്‍ വീഡിയോയില്‍ സംസാരിക്കുന്നത്. ലോകം മുഴുവന്‍ കോളനികള്‍ തീര്‍ക്കാനും അവിടെയുള്ള സമ്പത്ത് കൊള്ളയടിക്കാനുമൊക്കെ നിങ്ങള്‍ തയ്യാറായി. നിങ്ങളുടെ പിസകളും കൊട്ടാരങ്ങളും ഉയര്‍ന്നത് ആ സമ്പത്ത് കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നിങ്ങളുടെത് വെറും മ്യൂസിയം നഗരങ്ങള്‍ ആണെന്ന സത്യം അംഗീകരിക്കണം എന്ന് അയാള്‍ യൂറോപ്യന്‍ ജനതയോട് ആവശ്യപ്പെടുന്നു.