തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കടുപ്പിക്കാന്‍ ആശ വര്‍ക്കേഴ്‌സിന്റെ തീരുമാനം. സമരം 47ാം ദിവസത്തിലേക്ക് കടന്നിട്ടും സമരക്കാരുമായി ചര്‍ച്ച്‌യ്ക്ക് സര്‍ക്കാര്‍ സന്നദ്ധത കാട്ടിയിട്ടില്ല. സമരത്തിന്റെ അമ്പതാം ദിവസം, തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. സമരം ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും നല്‍കിയില്ലെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ആളുകളെ തിരഞ്ഞുപിടിച്ച് കട്ട് ചെയ്തുവെന്ന് എസ് മിനി ആരോപിച്ചു.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി ആരോപിച്ചു. സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാര്‍ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. സര്‍ക്കാര്‍ മാന്യമായ സെറ്റില്‍മെന്റ് ഉണ്ടാക്കി സമരം തീര്‍ക്കാന്‍ നടപടിയെടുക്കണം.

ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എസ് മിനി പറഞ്ഞു. സമരക്കാര്‍ക്ക് പിടിവാശി എന്ന് പ്രചരിപ്പിക്കുന്നുവെന്നും തങ്ങളുടെ ഭാഗത്ത് ഒരു പിടിവാശിയും ഇല്ലെന്നും വികെ സദാനന്ദന്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. നിങ്ങള്‍ എന്ത് തരുമെന്ന് ചര്‍ച്ചയില്‍ ചോദിച്ചപ്പോള്‍ പരിഹസിച്ചു വിട്ടെന്ന് വി കെ സദാനന്ദന്‍ പറഞ്ഞു.

നിരാഹാരം ഒന്‍പതാം ദിവസത്തിലാണ്. നിരാഹാരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ സമരക്കാരെ ഇതുവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. സമരത്തിന് പിന്തുണയുമായി വിവിധ ജില്ലകളില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. സമരം തുടരുന്നതിനിടെ യു.ഡി.എഫ് ഭരിക്കുന്ന വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ആശാവര്‍ക്കേഴ്‌സിന് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപിയും സമാനമായി വര്‍ധന പ്രഖ്യാപിച്ചു.