- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മളൊന്നെന്ന' മധുരവാക്കുകള്‍ ചതിയായിരുന്നു; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം പ്രണയിനിക്ക് നല്കി; വിവാഹത്തിന് കാത്തിരിക്കെ ഇടിത്തീപോലെ ആ വാര്‍ത്ത! പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയി; പ്രവാസലോകത്തെ കണ്ണീരിലാക്കി ആ 27-കാരന്റെ അന്ത്യം; വിങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി!
വിങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി
ദുബായ്/കോഴിക്കോട്: ഇതൊരു ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല കെട്ടോ, അഷ്‌റഫ് താമരശേരി കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. വ്യക്തിബന്ധങ്ങളിലെ ഇടര്‍ച്ചയും, അതുണ്ടാക്കുന്ന ആഘാതവുമാണ് യുഎഇയില്‍ പ്രവാസിയായ ഈ സാമൂഹിക പ്രവര്‍ത്തകന്‍ വിവരിക്കുന്നത്.
സ്വന്തം ജീവിതം പടുത്തുയര്‍ത്താന്‍ മണലാരണ്യത്തിലെത്തിയ ഒരു 27 വയസ്സുകാരന്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ച വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അഷ്റഫ് താമരശ്ശേരി. കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ച അഞ്ച് മൃതദേഹങ്ങളില്‍ ഒന്നാണ് ഈ ചെറുപ്പക്കാരന്റേത്. ആത്മഹത്യയിലേക്ക് ഈ യുവാവിനെ നയിച്ച കാരണങ്ങള്‍ ഏതൊരു മനുഷ്യസ്‌നേഹിയെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.
സ്വപ്നങ്ങളുടെ തകര്‍ച്ച
ആറുമാസം മുമ്പ് നല്ലൊരു ജോലിയില്‍ പ്രവേശിച്ച ഈ യുവാവ് നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. തന്റെ വരാനിരിക്കുന്ന ജീവിതപങ്കാളിക്കായി താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ അവന്‍ ചിലവഴിച്ചു. സുന്ദരമായ ദാമ്പത്യം സ്വപ്നം കണ്ട് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ആ ഇടിത്തീ പോലുള്ള വാര്‍ത്ത അവനെ തേടിയെത്തിയത്.
താാന്‍ പ്രാണനുതുല്യം സ്‌നേഹിച്ച പെണ്‍കുട്ടി മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി എന്ന വാര്‍ത്ത ആ യുവാവിനെ തളര്‍ത്തിക്കളഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മനസ്സിനേറ്റ ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ അവനായില്ല. ഒടുവില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ അവന്‍ സ്വന്തം ജീവിതം അവസാനിപ്പിച്ചു.
വിടരും മുന്‍പേ പൊലിഞ്ഞ ജീവിതം
ഈ സംഭവം ഒരു ഒറ്റപ്പെട്ട വാര്‍ത്തയല്ലെന്നും പുതിയ തലമുറയില്‍ മൂല്യച്യുതി സംഭവിക്കുന്നുണ്ടെന്നും അഷ്റഫ് താമരശ്ശേരി ചൂണ്ടിക്കാട്ടുന്നു.
'ഈ പുതിയ തലമുറയിലെ മക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ധാര്‍മികമായ മൂല്യങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ തന്നെ പഠിപ്പിച്ചു വളര്‍ത്തണം. അത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്.' - അഷ്റഫ് താമരശ്ശേരി.
അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് 5 മൃതദേഹങ്ങളാണ് കയറ്റിവിട്ടത്. അതില്‍ ഒന്ന് ആത്മഹത്യ ചെയ്താണ് മരണപ്പെട്ടത്. ആ സാധുവായ വെറും 27 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന്റെ കദനകഥ നമ്മളെല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സ്വാന്തമായൊരു ജീവിതം കെട്ടിപ്പടുക്കാന്‍ കടല് താണ്ടി ഈ പ്രവാസലോകത്ത് വന്നു, നല്ലൊരു കമ്പനിയില്‍ 6 മാസത്തോളമായി ജോലി ചെയ്തു വരികയായിരുന്നു.
അതിനിടയില്‍ നാട്ടിലുള്ള ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുകയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കല്യാണത്തിനുള്ള തയ്യാറെടുപ്പുകളും നടത്തി. തന്റെ സഹധര്‍മ്മിണിയാവന്‍ പോകുന്ന ആ പെണ്‍കുട്ടിക്ക് വേണ്ടി താന്‍ ഈ മണലാരണ്യത്തില്‍ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തില്‍നിന്നും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു. ഏതൊരു ചെറുപ്പക്കാരനെയും പോലെ തന്റെ പ്രണയിനിയെക്കുറിച്ചും തങ്ങളുടെ വിവാഹജീവിതത്തെക്കുറിച്ചുമെല്ലാം സുന്ദരസ്വപ്നങ്ങള്‍ കണ്ട് ഈ ഗള്‍ഫ്‌നാട്ടില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി പോയിക്കൊണ്ടിരുന്നു. താമസിയാതെ നാട്ടില്‍പോയി കല്യാണം നടത്തുവാനും തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.
അങ്ങനെയിരിക്കെ ഈ അടുത്തദിവസം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഈ ചെറുപ്പക്കാരന്‍ നാട്ടില്‍ നിന്നും അറിയുന്നു താന്‍ ആത്മാര്‍ത്ഥമായി പ്രാണനുതുല്യം സ്‌നേഹിച്ചിരുന്ന പെണ്ണ് മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപോയി എന്ന്. ഇടിവെട്ട് ഏറ്റതുപോലെ മരവിച്ച മനസ്സുമായി എല്ലാം തകര്‍ന്നടിഞ്ഞ അവസ്ഥയിലായി ആ സാധു ചെറുപ്പക്കാരന്‍. കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ആശ്വാസവാക്കുകള്‍ പറഞ്ഞെങ്കിലും സ്വാന്തനപ്പെടുത്തിയെങ്കിലും മനസ്സിനേറ്റ ആഘാതത്തില്‍നിന്നും മുക്തിനേടാന്‍ ആ ചെറുപ്പക്കാരന് സാധിച്ചിരുന്നില്ല.
മാനസികമായി തകര്‍ന്ന ആ ചെറുപ്പക്കാരന്‍ ഒരു ദുര്‍ബലനിമിഷത്തില്‍ ആത്മഹത്യ ചെയ്തു തന്റെ ജീവിതം അവസാനിപ്പിച്ചു. വിടരുംമുമ്പേ പൊലിഞ്ഞുപോയ ആ സാധു എന്ത് പിഴച്ചു? ഇതൊരു ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല കെട്ടോ, ഈ പുതിയ തലമുറയിലെ മക്കള്‍ക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ധാര്‍മികമായ മൂല്യങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ തന്നെ പഠിപ്പിച്ചു വളര്‍ത്തണം. അത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്.
അഷ്റഫ് താമരശ്ശേരി




