ഷാര്‍ജ: കൊല്ലം സ്വദേശിനിയായ അതുല്യ ശേഖര്‍, ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ഇരയായത് ഭര്‍ത്താവിന്റെ അതികൂരമായ പീഡനങ്ങള്‍ക്ക്. ശാസ്താംകോട്ട സ്വദേശിയായ ഭര്‍ത്താവ് സതീഷ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും, ചിത്രങ്ങളും അതുല്യ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. വീഡിയോയില്‍ ഒരു സൈക്കോ പെരുമാറുന്നത് പോലെയാണ് സതീഷ് പെരുമാറുന്നത്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ കുടുംബം ചവറ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവില്‍ നിന്ന് അതുല്യ ക്രൂരപീഡനം അനുഭവിച്ചിരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു

പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ വീഡിയോ അതുല്യ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കറുത്ത് കല്ലിച്ച് കിടക്കുന്നു. സതീഷ് പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതും അതുല്യ നിലവിളിക്കുന്നതും കാണാം.

തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന' ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹത്ത് പറയുന്നു. 'വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളും കാര്യങ്ങളുമാണ്. അവളുടെ 17 ാമത്തെ വയസിലാണ് എന്‍ഗേജ്‌മെന്റ് കഴിഞ്ഞത്. 18 വയസില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഇടയ്ക്കിടെ ഇതുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. ശാരീരികമായി ഉപദ്രവിക്കും. പിണങ്ങിയാലും പിന്നീട് പൊരുത്തപ്പെട്ട് മാപ്പൊക്കെ പറഞ്ഞുവരുമ്പോഴേക്ക് ..ഇവള്‍ക്ക് ഭയങ്കര സ്‌നേഹമായിരുന്നു അയാളോട്.




വേണ്ടാന്നുണ്ടെങ്കില്‍ നമുക്കിത് ഒഴിവാക്കാമെന്ന് അവളുടെ വീട്ടുകാര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. നാട്ടില്‍ വന്ന് നില്‍ക്കെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നീട് ഇയാള്‍ വന്ന് ഇവളോട് ഒന്നും ഓര്‍മ്മയില്ല, പറ്റിപ്പോയി എന്നൊക്കെ പറയുമ്പോഴേക്ക് പുള്ളിക്കാരി വീണ്ടും അയാളുടെ കൂടെ പോവുകയാണ് ചെയ്യുന്നത്.

മൂന്നുമാസം മുമ്പ് നാട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ഫാമിലി വിസയാക്കാനാണ്‌ വന്നത്. ആദ്യം വിസിറ്റിങ് വിസയിലാണ് പോയത്. പിന്നീട് കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് പുതുക്കാനും, ഫാമിലി വിസയാക്കാനുമായിട്ടാണ് വന്നത്. മകള്‍ നാട്ടിലാണ് പഠിക്കുന്നത്. അച്ഛനെന്ന് വച്ചാല്‍ കുഞ്ഞിന് പേടി പോലാണ്. പുള്ളിക്ക് മദ്യപിക്കാതെ പറ്റത്തില്ല. ഡെയിലി മദ്യപിക്കും. മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്യും. മാത്രമല്ല പ്രായത്തിന്റെ വ്യത്യാസം കാരണം അയാള്‍ക്ക് ഈഗോയും ഉണ്ടായി. കൂടുതലും അതുതന്നെയാണ് വഴക്കിന് കാരണം. ഇതെല്ലാം അതുല്യ പറഞ്ഞിട്ടുണ്ട്. വിളിച്ച് കരയാറുണ്ട്. ആശ്വസിപ്പിക്കാനല്ലേ പറ്റു. ഏകദേശം സൈക്കോ കാണിക്കുന്ന പോലെയാണ് അയാള്‍ കാണിക്കുന്നത്. എന്നിട്ട് പിറ്റേന്ന് എനിക്ക് ഒന്നും ഓര്‍മ്മയില്ലാ എന്നു പറയും. മകളെ ഷാര്‍ജയില്‍ തന്നെ പഠിപ്പിക്കാന്‍ സതീഷ് നിര്‍ബന്ധിച്ചെങ്കിലും, അവളുടെ പേടി കാരണമാണ് നാട്ടിലേക്ക് മാറ്റിയത്.

സതീഷ് ജോലിക്ക് പോകുമ്പോള്‍ ഫ്‌ളാറ്റ് പുറത്ത് നിന്ന് ലോക്ക് ചെയ്യും. ജോലി കഴിഞ്ഞുവരുമ്പോള്‍ പുറത്തെ ലോക്ക് തുറന്ന ശേഷം അകത്തെ ലോക്ക് തുറന്നുകൊടുക്കണം. അങ്ങനെയാണ് അവിടെ നടന്നുകൊണ്ടിരുന്നത്. അവള്‍ ഡിഗ്രി പൂര്‍ത്തിയാക്കി. കംപ്യൂട്ടര്‍ പഠനവും പൂര്‍ത്തിയാക്കി. ഇന്നുജോലിക്ക് കയറാന്‍ ഇരുന്നതാണ്. ഇന്ന് അവളുടെ പിറന്നാള്‍ കൂടിയായിരുന്നു. '

സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ മുന്‍പ് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. മുന്‍ പ്രവാസിയും ഇപ്പോള്‍ നാട്ടില്‍ ഓട്ടോ ഡ്രൈവറുമായ രാജശേഖരന്‍ പിള്ളയുടെയും തുളസീഭായിയുടെയും മകളാണ്. അതുല്യയുടെ സഹോദരി അഖില ഷാര്‍ജ റോളയില്‍ തൊട്ടടുത്താണ് താമസിക്കുന്നത്. അതുല്യ മാനസിക പ്രയാസങ്ങള്‍ പലപ്പോഴായി പറയാറുണ്ടെന്ന് സഹോദരി അഖില പറഞ്ഞു

ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.