ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിന്‍ ആം ആദ്മി നിരയിലെ വമ്പന്‍മാരായ കെജ്രിവാളും മനിഷ് സിസോദിയയും അടക്കമുള്ള പ്രമുഖര്‍ക്ക് അടിതെറ്റിയപ്പോള്‍ പിടിച്ചു നിന്നത് മുഖ്യമന്ത്രി അതിഷി സിങ് ആയിരുന്നു. തോല്‍വിയുടെ വക്കത്തു നിന്നുമാണ് അവര്‍ വിജയിച്ചു കയറിയത്. ഇതോടെ കല്‍ക്കാജി നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മുഖ്യമന്ത്രി അതിഷി ശരിക്കും ആഘോഷിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്തു കൊണ്ടായിരുന്നു അവരുടെ ആഘോഷം. ഇപ്പോഴിതാ ആ ആഘോഷവും വിമര്‍ശിക്കപ്പെടുകയാണ്.

സിസോദിയ നൃത്തം ചെയ്ത് ആഘോഷിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. എ.എ.പിയിലെ ഒന്നാമന്‍ അരവിന്ദ് കെജ്രിവാളും രണ്ടാമന്‍ മനിഷ് സിസോദിയയും അടക്കം നിരവധി നേതാക്കള്‍ കനത്ത പരാജയം നേരിട്ട സമയത്ത് വ്യക്തിഗത വിജയം അതിഷി ആഘോഷിച്ചതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.

അതിഷി വാഹനത്തിന് മുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എ.എ.പി രാജ്യസഭാംഗം സ്വാതി മലിവാളാണ് അതിഷിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. 'എന്തൊരു നാണംകെട്ട പ്രകടനമാണിത്? പാര്‍ട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി മര്‍ലീന ഇങ്ങനെ ആഘോഷിക്കുകയാണ്' -സ്വാതി മലിവാള്‍ എക്‌സില്‍ കുറിച്ചു.


അതേസമയം, കല്‍ക്കാജിയിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട അതിഷി തന്റെ പ്രചാരണ ടീമിന് നന്ദി പറഞ്ഞു. 'തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കല്‍ക്കാജിയിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ബാഹുബലിക്കെതിരെ പ്രവര്‍ത്തിച്ച ടീമിനെ അഭിനന്ദിക്കുന്നു. ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. ഞാന്‍ വിജയിച്ചു, പക്ഷേ ഇത് ആഘോഷിക്കാനുള്ള സമയമല്ല, ബി.ജെ.പിയുടെ സ്വേച്ഛാധിപത്യത്തിനും ഗുണ്ടായിസത്തിനും എതിരായ പോരാട്ടം തുടരേണ്ട സമയമാണ്' -അതിഷി വ്യക്തമാക്കി.

വാശിയേറിയ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും മുതിര്‍ന്ന നേതാക്കളായ കെജ്രിവാള്‍, സിസോദിയ, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പഥക് അടക്കമുള്ളവര്‍ കനത്ത തോല്‍വി നേരിട്ടപ്പോള്‍ അതിഷി മാത്രമാണ് വിജയിച്ചത്. ബി.ജെ.പിയുടെ രമേഷ് ബിദൂരിയെ 3,521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ അതിഷി 52,154 വോട്ട് നേടി. തുടക്കം മുതല്‍ പിന്നില്‍ നിന്നിരുന്ന അതിഷി അവസാന റൗണ്ടിലാണ് വിജയം പിടിച്ചെടുത്തത്. ബിജെപിയുടെ രമേഷ് ബിധുരിയും കോണ്‍ഗ്രസിന്റെ അല്‍ക്ക ലാംബയുമായിരുന്നു ഇവിടെ അതിഷിയുടെ എതിരാളികള്‍. നേരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കല്‍ക്കാജിയിലോ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ എ.എ.പിക്ക് 70 അംഗ നിയമസഭയില്‍ 28 സീറ്റ് നേടാനെ കഴിഞ്ഞുള്ളൂ. എന്നാല്‍, 48 സീറ്റ് പിടിച്ച ബി.ജെ.പി 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലേറി.