- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണ; സിപിഎം വിശ്വാസികള്‍ക്ക് ഒപ്പം; വിശ്വാസികളെ കൂടെ ചേര്‍ത്ത് വേണം വര്‍ഗീയ വാദികളെ ചെറുത്ത് തോല്‍പ്പിക്കാനെന്ന് എം വി ഗോവിന്ദന്‍; പുകമറ സൃഷ്ടിച്ച് സംഗമത്തിന്റെ ശോഭ കെടുത്താന്‍ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും
ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും സിപിഐ എം വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിശ്വാസത്തിനെതിരായ ഒരു നിലപാടും ഇന്നലെകളില്‍ എടുത്തിട്ടില്ല. ഇന്നും നാളെയും എടുക്കുകയുമില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരെ ഉപയോഗിക്കാനാണ് വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ വാദികള്‍ക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവര്‍. വിശ്വാസികളെ കൂടെ ചേര്‍ത്ത് വേണം വര്‍ഗീയ വാദികളെ ചെറുത്ത് തോല്‍പ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് സംഗമത്തിന്റെ ശോഭ കെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നിയമം പാസാക്കുമെന്നാണ് ബിജെപി പറഞ്ഞത്.
ഇതുവരെ അതുണ്ടായിട്ടില്ല. ദേവസ്വം ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കാണിയ്ക്ക പൊട്ടിക്കാന്‍ നിര്‍ദേശം നല്‍കി എന്നുമുള്ള വാര്‍ത്ത വ്യാജമാണ്. കാണിക്ക പൊട്ടിക്കാനുള്ള നിര്‍ദേശം സാധാരണ നടപടിക്രമം മാത്രമാണ്. നിലവില്‍ ഒരു സാമ്പത്തിക പ്രതിസന്ധിയും ബോര്‍ഡിനില്ല. ജീവനക്കാര്‍ക്കും കരാര്‍തൊഴിലാളികള്‍ക്കും അടക്കം ശമ്പളവും ബോണസും എല്ലാ ആനുകൂല്യങ്ങളും ഇതിനകം നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന് പമ്പ തീരത്താണ് സംഘടിപ്പിക്ുകന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്രമന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെതെന്നാമ് ദേവസ്വം മന്ത്രി വി എം വാസവന്‍ പറഞ്ഞത്.
പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗതസംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കും. ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമലയടക്കം വികസന പാതയിലാണ്. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. 2028ല്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ ക്രിയാത്മക നിര്‍ദേശം ശേഖരിക്കും. എല്ലാവരെയും പങ്കെടുപ്പിച്ച് സുതാര്യമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരാനുഷ്ഠാനം പാലിക്കും. തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.