തൃശൂര്‍: പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെതിരെയും ഭാര്യ സുപ്രിയ മേനോനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എമ്പുരാന്‍ വിവാദം കത്തിനില്‍ക്കേയാണ് സിനിമയുടെ സംവിധായകനായ പൃഥ്വിരാജിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും എതിരെ ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. സുപ്രിയ മേനോന്‍ അര്‍ബന്‍ നക്സല്‍ ആണെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് കുറിപ്പ് എഴുതിയ മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ഗോപാലകൃഷ്ണന്‍ തൃശ്ശൂരില്‍ പറഞ്ഞു.' മല്ലിക സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് മേജര്‍ രവി ആലോചിക്കണം എന്നാണ്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ക്കുകയാണ് ചെയ്തത്.

മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നേ പറയാനുള്ളൂ, വീട്ടില്‍ ഒരാളുണ്ടല്ലോ, മരുമകള്‍. അവര്‍ അര്‍ബന്‍ നക്സലൈറ്റ് ആണ്. മരുമകളെ നിലയ്ക്ക് നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ, എന്റെ ഭര്‍ത്താവിനോട് വേണ്ട എന്നാണ് അവര്‍ പോസ്റ്റിട്ടത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്'- എന്നാണ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചത്.

എമ്പുരാന്റെ റിലീസിന് മുന്‍പ് പൃഥ്വിരാജിന് പിന്തുണ നല്‍കി സുപ്രിയ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. '12 മണിക്കൂറിനുള്ളില്‍ എമ്പുരാന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. വലിയൊരു യാത്രയായിരുന്നു അത്, അതിലൊരു റിംഗ് സൈഡ് വ്യൂ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എഴുത്ത്, പുനഃരാഖ്യാനം, ചര്‍ച്ചകള്‍, തയ്യാറെടുപ്പ്, ഷൂട്ട് എന്നിവയിലൂടെ പൃഥ്വിരാജ്, നിങ്ങള്‍ എണ്ണമറ്റ മണിക്കൂറുകള്‍ എത്രമാത്രം അധ്വാനിച്ചുവെന്ന് ഞാന്‍ കണ്ടു. ഇതെല്ലാം സംഭവിച്ചത് നിങ്ങളുടെ കാഴ്ചപ്പാടിന്റെയും നേതൃത്വത്തിന്റെയും പൂര്‍ണ്ണമായ വ്യക്തത കൊണ്ടാണ്.

2006ല്‍ നമ്മള്‍ കണ്ടുമുട്ടിയതുമുതല്‍ മലയാള സിനിമയെ ഉയരങ്ങളില്‍ എത്തിക്കാനുള്ള സ്വപ്നത്തെക്കുറിച്ച് നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. ഇപ്പോള്‍ നമ്മള്‍ ആ കൊടുമുടിയിലാണ്! നാളെ എന്ത് സംഭവിച്ചാലും (മാര്‍ച്ച് 27) ലക്ഷ്യങ്ങളിലേക്ക് നിങ്ങള്‍ മുന്നേറുമ്പോള്‍ ഞാന്‍ എപ്പോഴും നിങ്ങളുടെ പിന്നിലുണ്ടാകും, നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.

നിങ്ങള്‍ ഇല്ലുമിനാറ്റി അല്ല, പക്ഷേ എന്റെ അഹങ്കാരി, താന്തോന്നി, തന്റേടി ഭര്‍ത്താവാണ്! ആളുകള്‍ നിങ്ങളെ എത്രമാത്രം പരിഹസിച്ചുവെന്ന് എനിക്കറിയാം. ആ നിന്ദകരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ 'ആളറിഞ്ഞ് കളിക്കെടാ'!'- എന്നായിരുന്നു സുപ്രിയ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.

ഈ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധ ശബ്ദമെന്നാണ് ഓര്‍ഗനൈസര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വകരിച്ചതില്‍ പേരുകേട്ട ആളാണ്. സേവ് ലക്ഷദ്വീപ് എന്ന പ്രചാരണത്തിന് പൃഥ്വിരാജ് നേതൃത്വം നല്‍കി. സി എ എ പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി. സി എ എ പ്രതിഷേധത്തില്‍ ജാമിയ വിദ്യാര്‍ത്ഥികളെ പിന്തുണച്ചു. സി എ എ പ്രതിഷേധത്തിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. സിഐഎ പ്രതിഷേധത്തിന് പിന്തുണ നല്‍കിയതിലൂടെ ദേശവിരുദ്ധതയാണ് തെളിയുന്നത് എന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.

സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്‌റംഗ് ബലി എന്ന് നല്‍കിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ മോഹന്‍ലാലിന്റെ ഖേദപ്രകടനം റിപ്പോര്‍ട്ട് ചെയ്തുള്ള ആര്‍എസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമര്‍ശിക്കുന്നത്.

കഴിഞ്ഞ ദിവസവും എമ്പുരാന്‍ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു.