ധാക്ക: ബംഗ്ലാദേശില്‍ ആഭ്യന്തര കലാപത്തിനിടെ, പ്രമുഖ മാധ്യമസ്ഥാപനങ്ങളായ പ്രഥം ആലോ (Prothom Alo), ദി ഡെയ്‌ലി സ്റ്റാര്‍ (The Daily Star) എന്നിവയുടെ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണവും തീവെപ്പും. ഈ ഭീകരാക്രമണത്തില്‍ 28 റിപ്പോര്‍ട്ടര്‍മാര്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ജീവന്‍ രക്ഷിക്കാനായി അഭയം തേടി. മാധ്യമ സ്ഥാപനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

'ഭീകരമായ രാത്രി' എന്ന് മാധ്യമലോകം വിശേഷിപ്പിച്ച ഈ സംഭവത്തില്‍, രണ്ട് പത്രങ്ങളുടെയും ഓഫീസുകള്‍ അക്രമികള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഓഫീസിനുള്ളിലുണ്ടായിരുന്ന ഏകദേശം 150 കമ്പ്യൂട്ടറുകള്‍ കൊള്ളയടിക്കുകയും, അനേകം ക്യാമറകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ കടന്നാക്രമണം ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണ്ണമായ അരാജകത്വത്തിലേക്കും സ്തംഭനാവസ്ഥയിലേക്കും തള്ളിവിട്ടു.

അക്രമികള്‍ കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറി അതിക്രമങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെയാണ് ജീവനക്കാര്‍ പരിഭ്രാന്തരായി മേല്‍ക്കൂരയിലേക്ക് ഓടിക്കയറിയത്. മണിക്കൂറുകളോളം ഇവര്‍ക്ക് അവിടെ കുടുങ്ങിക്കിടക്കേണ്ടി വന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തതിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇരു പത്രങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

ആക്രമണത്തിന്റെ തുടക്കം

ഇന്ത്യാവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ട യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭമാണ് അക്രമാസക്തമായത്. വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് ധാക്കയിലെ കാര്‍വാന്‍ ബസാറിലുള്ള 'പ്രഥം ആലോ' ഓഫീസിന് നേരെ ആദ്യ ആക്രമണം ഉണ്ടായത്. പോലീസിന്റെ പ്രതിരോധം മറികടന്ന മുപ്പതോളം വരുന്ന സംഘം കെട്ടിടത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ഉള്ളില്‍ കടന്ന് അഴിഞ്ഞാടുകയും ചെയ്തു. ഓഫീസിലെ അഗ്‌നിശമന സംവിധാനങ്ങളും സിസിടിവി ക്യാമറകളും അക്രമികള്‍ തകര്‍ത്തു. 150-ലേറെ കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, പണം സൂക്ഷിച്ച ലോക്കറുകള്‍ എന്നിവ കൊള്ളയടിച്ചു. പത്രത്തിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവധി ദിവസങ്ങളിലല്ലാതെ പത്രം പ്രസിദ്ധീകരിക്കാതിരിക്കുന്നത്. 17 മണിക്കൂറോളം പത്രത്തിന്റെ വെബ്സൈറ്റും പ്രവര്‍ത്തനരഹിതമായി.

'ഡെയ്ലി സ്റ്റാറില്‍' കുടുങ്ങിപ്പോയത് 28 ജീവനക്കാര്‍

ഇംഗ്ലീഷ് പത്രമായ 'ഡെയ്ലി സ്റ്റാറി'ന് നേരെയും സമാനമായ ആക്രമണമാണ് നടന്നത്. അക്രമികള്‍ കെട്ടിടത്തിന് തീയിട്ടതോടെ ശ്വാസം മുട്ടുന്ന അവസ്ഥയില്‍ 28 ഓളം മാധ്യമപ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ ടെറസില്‍ കുടുങ്ങിപ്പോയി. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല, എങ്ങും പുക പടരുന്നു' എന്ന് സീനിയര്‍ റിപ്പോര്‍ട്ടര്‍ സൈമ ഇസ്ലാം ഫേസ്ബുക്കില്‍ കുറിച്ചത് പരിഭ്രാന്തി പരത്തി.

ഒടുവില്‍ സൈന്യമെത്തിയാണ് ടെറസില്‍ കുടുങ്ങിയ ജീവനക്കാരെ രഹസ്യമായി പുറത്തെത്തിച്ചത്. ഫോണ്‍ ലൈറ്റുകള്‍ തെളിക്കരുതെന്നും ശബ്ദമുണ്ടാക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 33 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഡെയ്ലി സ്റ്റാറിനും റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നത്.

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് കറുത്ത ദിനം

ബംഗ്ലാദേശിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൊന്നാണിതെന്ന് 'ഡെയ്ലി സ്റ്റാര്‍' പ്രതികരിച്ചു. ഇതിനിടെ, ന്യൂനപക്ഷ സുരക്ഷയുടെ കാര്യത്തില്‍ ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസ് കടുത്ത വിമര്‍ശനം നേരിടുകയാണ്. അതേസമയം, ഹിന്ദുയുവാവ്, ദിപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു.