തിരുവനന്തപുരം: പി എം ശ്രീ വിഷയത്തില്‍ മന്ത്രിസഭയെ അറിയിക്കാതെ കേന്ദ്രസര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത് ഏറെ വിവാദമായിരുന്നു. ഈ തീരുമാനത്തിന് ശേഷവും മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. നയമപരമായ തീരുമാനം ആയിട്ടുകൂടി സംസ്ഥാനത്തെ ബാര്‍ സമയം കൂട്ടാനുള്ള തീരുമാനം ഇടതു മുന്നണി അറിഞ്ഞില്ല. വിഷയം മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ലെന്നാണ് പുറത്തുവരുന്ന വിവരം.

സമയം നീട്ടണമെന്ന ബാര്‍ ഉടമകളുടെ അപേക്ഷ എക്‌സൈസ് വകുപ്പ് ഉത്തരവാക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചത് പതിനൊന്ന് തവണയാണ്. നേരത്തെ പരിഗണിക്കാതെ മാറ്റിവെച്ച ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തീരുമാനം എടുത്തതും പൊതുജനസമക്ഷം മുന്നണിയെ സംശയത്തിലാക്കുന്നതാണ്.

സമയം കൂട്ടാന്‍ കഴിയില്ലന്ന് ആവര്‍ത്തിച്ച സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നല്‍കിയതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമെന്നാണ് വിമര്‍ശനവും ശക്തമാണ്. വിനോദസഞ്ചാര മേഖല ഉണര്‍വിന്റെ പാതയിലായതിനാല്‍ ബാറുകള്‍ കൂടുതല്‍ സമയം തുറന്നിരിക്കണമെന്ന ആവശ്യമുയര്‍ത്തി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പഴുതൊരുക്കും. ആ വാദമാണ് ഇതിനോടകം വ്യാപകമായ പ്രചരിപ്പിക്കുന്നതും.

വര്‍ഷാ വര്‍ഷമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നയം പുതുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സര്‍ക്കാര്‍. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ മദ്യ വില്‍പ്പനയെ ആശ്രയിച്ചിരിക്കുന്ന സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ നേരം അധികം ബാര്‍ തുറന്നിരുന്നാല്‍ നേട്ടമേ വരൂ എന്നാവും എക്‌സൈസ് വിലയിരുത്തല്‍. ബാറുടമകള്‍ ഓരോ തവണയും ആവശ്യമുന്നയിക്കും. സര്‍ക്കാര്‍ നിരസിക്കും.

ഈ മട്ട് തുടര്‍ന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിടുക്കപ്പെട്ട് തീരുമാനമെടുത്തതിലാണ് ദുരൂഹത. പണപ്പിരിവാണോ ലക്ഷ്യമെന്ന് പ്രതിപക്ഷം ചോദിച്ച് തുടങ്ങി. വിനോദസഞ്ചാര മേഖലയെ ഉണര്‍വിലേക്ക് നയിക്കാന്‍ ഇതാണ് മികച്ച വഴിയെന്ന് വിശദീകരണം. ബവ്‌കോ ഷോപ്പുകള്‍ അടച്ചാലും ബാറുകള്‍ കൂടുതല്‍ സമയം തുറന്നിരിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് ഉണര്‍വേകും. സര്‍ക്കാര്‍ മദ്യവില്‍പനയെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തുന്ന സംഘടനകളെ താത്വികമായ കാരണം നിരത്തി സര്‍ക്കാര്‍ പ്രതിരോധിക്കും.

അതേസമയം, സംസ്ഥാനത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യമൊഴുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് ശ്രമം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മദ്യക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന നിയമം കൊണ്ടുവരുന്നതിന്റെ ഇംഗിതം വ്യക്തമാണ്. ടൂറിസത്തിന്റെ പേരില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നത് പഠനങ്ങള്‍ ഇല്ലാതെയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടാന്‍ ഒരുങ്ങുന്നു. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. സമയം നീട്ടണമെന്ന ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതാണ് നീട്ടുന്നതാണ്. ഇതോടെ അധികമായി രണ്ടു മണിക്കൂര്‍ ബാറുകള്‍ തുറന്നിരിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ 3 മണി വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ചകള്‍, മേളകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി പുലര്‍ച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാര്‍ ലൈസന്‍സുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്കോ ഔട്‌ലെറ്റുകള്‍ക്കു പുറമേയാണിത്.

2025-26 വര്‍ഷത്തെ കരട് മദ്യനയം അനുസരിച്ച് ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയം നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ഡ്രൈഡേയില്‍ മദ്യം നല്‍കാം. വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. അതേ സമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രൈഡേ തുടരും. ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് തുക 35 ലക്ഷം എന്നതില്‍ മാറ്റമില്ല.