കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍, വഖഫ് ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മുര്‍ഷിദാബാദ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മൂന്നുപേര്‍ കൊല്ലപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട് 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


സുതി, ധുലിയാന്‍, സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവയാണ് അക്രമബാധിത പ്രദേശങ്ങള്‍. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്നും ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് അറിയിച്ചു.

അക്രമത്തിന് തടയിടാനും സമാധാനം പുന: സ്ഥാപിക്കാനും കേന്ദ്രസേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനങ്ങള്‍ ശാന്തരാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചു. സംസ്ഥാനമല്ല, കേന്ദ്രമാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നതെന്നും തന്റെ പാര്‍ട്ടി നിയമത്തെ പിന്തുണയ്ക്കില്ലെന്നും മമത ആവര്‍ത്തിച്ചു.

അതേസമയം, 400 ലേറെ ഹിന്ദുക്കള്‍ക്ക് വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ടിഎംസിയുടെ പ്രീണന രാഷ്ട്രീയം അക്രമകാരികള്‍ക്ക് ധൈര്യം പകരുന്നുവെന്നും തങ്ങളുടെ ആളുകള്‍ സ്വന്തം ഭൂമിയില്‍ നിന്ന് ജീവന് വേണ്ടി രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.


അക്രമങ്ങളില്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ആശങ്ക രേഖപ്പെടുത്തി. കൊല്‍ക്കത്ത ഹൈക്കോടതി ഇടപെടലിനെ അദ്ദേഹം സ്വാഗതം ചെയ്തു.

ഏപ്രില്‍ 8 നാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുര്‍ഷുദാബാദ് ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും പൊലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നേരത്തെ കൊല്‍ക്കത്തയില്‍ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

ഒരുതരത്തിലുള്ള അക്രമവും വച്ചുപൊറുപ്പിക്കരുതെന്ന് ഡിജിപി രാജീവ് കുമാര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. പ്രകടനമായി ആരംഭിച്ച പ്രതിഷേധങ്ങള്‍ പൊതുസ്വത്ത് നശിപ്പിക്കലിലേക്ക് വഴിമാറുകയും വര്‍ഗ്ഗീയ നിറം കലരുകയും ചെയ്യുകയായിരുന്നുവെന്ന് ഡിജിപി പറഞ്ഞു.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന, നാലാമത്തെ തുടര്‍ഭരണം തേടുന്ന മമത ബാനര്‍ജിക്ക് വഖഫ് ഭേദഗതി നിയമത്തെ ചൊല്ലിയുളള അക്രമം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

യൂസഫ് പഠാന്റെ നല്ല ചായ പോസ്റ്റ് വിവാദം

മൂര്‍ഷിദാബാദില്‍ അക്രമം പടരുന്നതിനിടെ മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഇന്‍സ്റ്റ പോസ്റ്റ് വിവാദമായി. ഒരു കപ്പ് ചായ കുടിച്ച് ആസ്വദിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അക്രമം നടക്കുന്ന സ്ഥലങ്ങള്‍ പഠാന്റെ മണ്ഡലത്തില്‍ അല്ലെങ്കിലും, സമീപപ്രദേശങ്ങളാണ്. രണ്ടുദിവസം മുമ്പ് മൂന്നുചിത്രങ്ങളാണ് യൂസഫ് പഠാന്‍ പോസ്റ്റ് ചെയ്തത്. ' ഉച്ചതിരിഞ്ഞുള്ള സുഖകരമായ നേരം, നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു', എന്നിങ്ങനെയായിരുന്നു കുറിപ്പ്. നാട്ടില്‍ അക്രമം നടക്കുമ്പോളള പഠാന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മുര്‍ഷിദാബാദ് കത്തുമ്പോള്‍ തനിക്ക് നാണമില്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്.

തൃണമൂല്‍ എംപിക്കെതിരെ ആഞ്ഞടിച്ച ബിജെപി മമത സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു.


പഠാന്‍ ഇതുവരെ വിമര്‍ശനത്തോട് പ്രതികരിച്ചിട്ടില്ല. ഇടതുപാര്‍ട്ടികളുടെ അനുയായികളും പഠാന്റെ പോസ്റ്റിനെ വിമര്‍ശിച്ച് കുറിപ്പുകള്‍ ഇടുന്നുണ്ട്.