കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടഭാഗം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ ദുഃഖവാര്‍ത്ത കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെയാണ് ഞെട്ടിച്ചത്. ബിന്ദു മരച്ചതിന്റെ വിവരം ബിന്ദുവിന്റെ അമ്മയെ നാട്ടുകാരും വീട്ടുകാരും അറിയിച്ചിരുന്നില്ല. പ്രായമായ ആ അമ്മയ്ക്ക് അത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അതുകൊണ്ട് തന്നെയാണ് അമ്മ സീതാലക്ഷ്മിയോട് (75) ബിന്ദുവിന്റെ കാര്യം പറയാഞ്ഞത് തന്നെ. സീതാലക്ഷ്മി വീട്ടില്‍ ടിവി കാണുന്ന ആളായതുകൊണ്ട് തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ടിവി ഓഫ് ചെയ്തിരുന്നു.

എന്നാല്‍ സീതാലക്ഷ്മിക്ക് വന്ന ഫോണ്‍കോളാണ് എല്ലാം മാറ്റിമറിച്ചത്. അവരുടെ ബന്ധുക്കളില്‍ നിന്ന് വന്ന ഫോണ്‍കോളാണ് എല്ലാം മാറ്റി മറിച്ചത്. ബന്ധുക്കളില്‍ ആരോ ആണ് സീതാലക്ഷ്മിയെ ഫോണില്‍ വിളിച്ച് കാര്യം പറയുന്നത്. അത് കേട്ടതും എന്റെ മുത്തേ..... ബിന്ദു മോളേ.... എനിക്ക് അറിയാം അവള്‍ക്ക് എന്തോ പറ്റി.... അലമുറിയിട്ട് കരഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു സീതാലക്ഷ്മി. അവരെ പിടിച്ച് നിര്‍ത്താന്‍ ബന്ധുക്കളും നാട്ടുകാരും പിടിച്ചുനിര്‍ത്തിയത്. സീതാലക്ഷ്മിയുടെ അലമുറയിട്ടുള്ള നിലവിളികേട്ട് നാട്ടുകാരും സമീപത്തുള്ള ബന്ധുക്കളും വീട്ടിലേക്ക് എത്തി. കരഞ്ഞ് തളര്‍ന്ന് വീഴാന്‍തുടങ്ങിയ സീതാലക്ഷ്മിയെ ഏറെ പ്രയാസപ്പെട്ടാണ് ബന്ധുക്കള്‍ ആശ്വസിപ്പിച്ചത്. കുടുംബപരമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് പണിപൂര്‍ത്തിയാകാത്ത ചെറിയവീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും അമ്മ സീതാലക്ഷ്മിയും മക്കളായ നവമിയും നവനീതും താമസിക്കുന്നത്.

മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലിചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. തുച്ഛമായ വരുമാനത്തില്‍നിന്ന് ലഭിക്കുന്ന പണം മിച്ചംവെച്ച് ബിന്ദുവും വിശ്രുതനും മക്കളെ പഠിപ്പിച്ചു. നവമി ആന്ധ്രാപ്രദേശിലെ സ്വകാര്യ നഴ്സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനി. നവനീത് എന്‍ജിനീയറിങ് പഠനത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ്. ചൊവ്വാഴ്ചയാണ് നവമിയുടെ നട്ടെല്ലിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ബിന്ദുവും വിശ്രുതനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നത്.

അന്നുമുതല്‍ ഇരുവരും നവമിയോടൊപ്പം ആശുപത്രിയിലായിരുന്നു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ സീതാലക്ഷ്മിയെ തൊട്ടുസമീപത്തുള്ള ബന്ധുവിന്റെ വീട്ടിലാക്കിയിട്ടാണ് ഇവര്‍ പോയത്. സൗമ്യമായ പെരുമാറ്റംകൊണ്ട് മനസ്സ് നിറച്ച വ്യക്തിയായിരുന്നു ബിന്ദുവെന്ന് കടയിലെ സഹപ്രവര്‍ത്തകരും നാട്ടുകാരും പറഞ്ഞു. ആ ചിരിയാണ് മാഞ്ഞത്. ആ നഷ്ടം നികത്താനാകില്ല.-അവര്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന നവമിയെ വ്യാഴാഴ്ച വൈകീട്ട് വീടിനുസമീപമുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചു. നവമിയെ കാണാന്‍ ബന്ധുക്കള്‍ ആരെയും അനുവദിച്ചില്ല.

ജീവിതയാത്രയില്‍ ഇനി അമ്മ ബിന്ദു ഇല്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി മകള്‍ നവമി എത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും വ്യാഴാഴ്ച വൈകീട്ടാണ് ആംബുലന്‍സില്‍ നവമിയെ തലയോലപ്പറമ്പ് ഉമ്മാക്കുന്നില്‍ എത്തിച്ചത്. തുടര്‍ന്ന് വീടിന് സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ ബന്ധുക്കള്‍ നവമിയെ കാണാന്‍ ആരെയും അനുവദിച്ചില്ല. നവനീതിനെ വീട്ടിലെ മറ്റൊരു മുറിയിലേക്ക് മാറ്റി. നവനീതിനെ ആശ്വസിപ്പിച്ച് സുഹൃത്തുക്കളും ഒപ്പമിരുന്നു. മന്ത്രി വി.എന്‍. വാസവന്‍, സി.കെ. ആശ എംഎല്‍എ തുടങ്ങിയവരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും രാത്രി വൈകി വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.