കോട്ടയം: കുടുംബത്തിന്റെ അത്താണിയായ ബിന്ദുവിന്റെ വിയോഗം താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. നാളെ ഒരാള്‍ക്കും ഇങ്ങനെയൊരു ദുരന്തമുണ്ടാകരുതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പ്രതികരിച്ചു. അപകടം നടന്നയുടന്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ഭാര്യയെ ചിലപ്പോള്‍ ജീവനോടെ കിട്ടുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മകന് എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ അടുത്തിടെ ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയത് ഇന്നലെയായിരുന്നു. അമ്മയെ ഏല്‍പിക്കാനായിരുന്നു അവന്റെ ആഗ്രഹമെന്നും വിശ്രുതന്‍ പറഞ്ഞു. മന്ത്രിമാര്‍ ആരും ഇതുവരെ വിളിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'നാളെ ഒരാള്‍ക്കും ഇങ്ങനെയൊരവസ്ഥ വരരുത്. എല്ലാവരും കൂടി ഇതിനൊരു പരിഹാരമുണ്ടാക്കിത്തരണം. എന്റെ ഭാര്യയായിരുന്നു എല്ലാം. എനിക്ക് അസുഖമാണ്. പണിയില്ല. അവള്‍ക്കും അസുഖമാണ്. പത്ത് മണിവരെ അവള്‍ എന്റെ കൂടെയുണ്ടായിരുന്നു. അതുകഴിഞ്ഞ് എന്നെ വിട്ട് മരണത്തിലേക്ക് പോകുകയായിരുന്നു. വലിയ കടബാദ്ധ്യതയുണ്ട് സാറേ.- വിശ്രുതന്‍ കണ്ണീരോടെ പറഞ്ഞു.

മൊത്തത്തില്‍ തകര്‍ച്ചയായിപ്പോയി. അപകടമുണ്ടായപ്പോള്‍ നെട്ടോട്ടം ഓടുകയായിരുന്നു. എന്റെ കുഞ്ഞിനെയും, ഭാര്യയേയും കാണാനില്ല. ഞാന്‍ ഓടിപ്പോയി തിരക്കി. ആ വാര്‍ഡില്‍ കിടന്നവരാണ് കൊച്ചിനെ കാണിച്ച് തന്നത്.അപ്പോള്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെ. പക്ഷേ ആ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന് അപ്പോഴും അവര്‍ കള്ളത്തരം പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലായെന്ന് വരുത്തിതീര്‍ക്കാനാണ് അവര്‍ അങ്ങനെ പറഞ്ഞത്.

ഞങ്ങള്‍ക്ക് പോകാനുള്ളതൊക്കെ പോയില്ലേ. രണ്ട് പിള്ളാരുടെ കാര്യം അധോഗതിയായി. എന്റെ ഭാര്യയാണ് കുടുംബം മുന്നോട്ടുകൊണ്ടുപോയിരുന്നത്. മോളെ നഴ്‌സിംഗ് പഠിപ്പിക്കാന്‍ കാരണം ബിന്ദുവാണ്. ഇല്ലാത്ത പൈസ മുടക്കിയതും, ലോണിന് വേണ്ടി ഓടി നടന്നതൊക്കെ അവളാണ്. അവള്‍ക്ക് ദിവസം മുന്നൂറ് രൂപയാണ് കിട്ടുന്നത്. കാല് വയ്യാത്തോണ്ട് ഓട്ടോറിക്ഷയിലാണ് പോകുന്നത്. അതിന് അമ്പത് രൂപ പോകും. 250 രൂപ വരുമാനത്തിലാണ് എല്ലാം നടന്നുപോയത്. '- വിശ്രുതന്‍ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണാണ് വിശ്രുതന്റെ ഭാര്യ ബിന്ദു മരിച്ചത്. ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11 മണിയോടെ നടക്കും. മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രി വിട്ടുനല്‍കിയ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചത്. ഇവിടെ നിന്നം മൃതദേഹം വീട്ടില്‍ എത്തിച്ചിട്ടുണ്ട്.

ബിന്ദുവിന്റെ ആകസ്മികവിയോഗം വീട്ടുകാരെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. അമ്മയെ കാണാനില്ലെന്ന് മകള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മകളുടെ ചികിത്സാര്‍ഥമാണ് ബിന്ദു ദിവസങ്ങള്‍ക്കുമുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. മകള്‍ നവമിയെ ശസ്ത്രക്രിയക്ക് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകള്‍ നവമിയുമായി ആശുപത്രിയില്‍ എത്തിയത്. ട്രോമ കെയര്‍ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.

കുളിക്കാന്‍ പോയ അമ്മ തിരിച്ചെത്തിയില്ലെന്ന് മകള്‍ പിതാവിനെ അറിയിച്ചു. വിശ്രുതന്‍ ഇക്കാര്യം പലരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പിന്നീട് സ്ഥലത്തെത്തിയ ജനപ്രതിനിധികളോട് ഉള്‍പ്പെടെ മകളും മറ്റുള്ളവരും ഇക്കാര്യം ആവര്‍ത്തിച്ചു.

അമ്മ അപകടത്തില്‍പെട്ടത് വിശ്രുതന്‍ മകന്‍ നവനീതിനെ വിളിച്ചുപറഞ്ഞു. എറണാകുളത്തുള്ള നവനീത് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാര്‍ത്തയും നല്‍കി. തുടര്‍ന്നാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തി ബിന്ദുവിനെ കണ്ടെത്തിയത്. കൃത്യസമയത്ത് കണ്ടെത്തി ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.