ലണ്ടന്‍: കാമുകന്റെ പീഢനങ്ങള്‍ സഹിക്കാതെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ കാമുകനെ നരഹത്യ കുറ്റത്തില്‍ നിന്നും കോടതി മുക്തനാക്കി. തന്റെ കാമുകനായ റിയാന്‍ വെല്ലിംഗ്‌സ് ആണ് തന്നെ ഒന്നത് എന്ന് എഴുതിവെച്ചിട്ടായിരുന്നു 23 കാരിയായ കീന ഡോവ്‌സ് ആറ്റ്മഹത്യ ചെയ്തത്. തന്റെ ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയെ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചിട്ടായിരുന്നു അവര്‍ 2022 ജൂലായ് 22 ന് റെയില്‍വേ ലൈനില്‍ ജീവനൊടുക്കിയത്.

കാമുകനായ വെല്ലിംഗ് കീനയെ സ്ഥിരമായി മര്‍ദ്ധിക്കാറുണ്ടായിരുന്നു എന്ന് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും മര്‍ദ്ദനം തുടര്‍ന്നു. മാത്രമല്ല, പലപ്പോഴും അവരെ കൊല്ലുമെന്ന് ഭീഷണിയും മുഴക്കിയുരുന്നു. ഒരിക്കല്‍, ആസിഡ് ഒഴിച്ച് കരിച്ചു കളയും എന്നുവരെ ഭീഷണി മുഴക്കിയിരുന്നത്രെ. ഒരിക്കല്‍ മദ്യപിച്ചെത്തിയ അയാള്‍ അവരുടെ തല ബാത്ത് ടബ്ബില്‍ മുക്കിപ്പിടിക്കുകയും ചെയ്തിരുന്നു.

പലപ്പോഴും വെല്ലിംഗിന്റെ ഉപദ്രവം സഹിക്കാതെകീന പോലീസിനെ വിളിച്ചിരുന്നു. എന്നാല്‍, വീട്ടിലെത്തുന്ന പോലീസുകാരോട് സംഭവം നിസ്സാരമാണെന്ന മട്ടില്‍ അവതരിപ്പിച്ച് അവരെ തിരിച്ചയയ്ക്കുകയായിരുന്നു കീന ചെയ്തിരുന്നത്. വെല്ലിംഗിനെ ഭയന്നിട്ടായിരുന്നു ഇതെന്നാണ് നിഗമനം. പീഢനങ്ങള്‍ സഹിക്കാന്‍ വയ്യാതായപ്പോഴാണ് അവര്‍ ജീവനൊടുക്കുന്നത്. തന്റെ ശക്തിയെല്ലാം നശിച്ചിരിക്കുന്നു. ഒരിക്കല്‍ എനിക്കൊരു ഭാവിയുണ്ടായിരുന്നു, അതും എന്നില്‍ നിന്നും എടുത്തു കളഞ്ഞു, ഇപ്പോള്‍ വെല്ലിംഗ് എന്നെ കൊന്നു എന്ന് കത്തെഴുതി വെച്ചിട്ടായിരുന്നു കീന ആത്മഹത്യ ചെയ്തത്.

ചില മാനസിക പ്രശ്നങ്ങളാല്‍ തകര്‍ന്നിരുന്ന കീനയെ വെല്ലിംഗ് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ശരിയായി ജോലിക്ക് പോലും പോകാന്‍ തയ്യാറാകാത്ത വെല്ലിംഗ് ചെറിയ കാലയളവിനുള്ളില്‍ 22 തവണയാണ് ജോലി മാറിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം, കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനായികീന രണ്ട് ജോലികള്‍ ചെയ്തിരുന്നു. കോവിഡ് കാലത്ത് 15,000 പൗണ്ട് വായ്പ എടുത്ത വെല്ലിംഗ് അത് മുഴുവന്‍ ഹോട്ടലുകളിലും ഗോള്‍ഫ് ക്ലബ്ബിലുമായി ചെലവഴിക്കുകയായിരുന്നു.

ലങ്കാഷയര്‍, ഗാര്‍സ്റ്റാംഗിനടുത്തുള്ള റെയില്‍വേ ട്രാക്കിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടു കിട്ടിയത്. നരഹത്യ കുറ്റത്തില്‍ നിന്നും ഒഴിവാക്കിയെങ്കിലും, ദേഹോപദ്രവത്തിനും ഗാര്‍ഹിക പീഢനത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട്. വിധി പ്രസ്താവ്യം കേള്‍ക്കാന്‍ ഇയാളുടെ പുതിയ കാമുകിയും കോടതിയില്‍ എത്തിയിരുന്നു. കാമുകിക്ക് ഫ്‌ലയിംഗ് കിസ്സ് നല്‍കിക്കൊണ്ടാണ് ഇയാള്‍ വിധിയെ സ്വാഗതം ചെയ്തത്.