- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങളുടെ പുതിയ വിവരങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേയ്സ്; സൈപ്രസ്സ്, തുര്‍ക്കി, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് വിദേശകാര്യ വകുപ്പ്; ഗള്‍ഫ് രാജ്യങ്ങളില്‍, ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം കുടിയേറ്റത്തൊഴിലാളികള്‍ എന്ന് റിപ്പോര്‍ട്ട്
മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങളുടെ പുതിയ വിവരങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേയ്സ്

ലണ്ടന്‍: മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്മാരെ തിരികെ ബ്രിട്ടനിലെത്തിക്കുന്നതിനുള്ള വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് പുറത്തുവിട്ടു. ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് ഈ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. എന്നിട്ടും ആവശ്യക്കാര്‍ കുറവായതിനാല്‍ മസ്‌ക്കറ്റില്‍ നിന്നും ദിവസേനയുള്ള വിമാന സര്‍വീസുകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചിരിക്കുന്നത്.
ഈ മേഖലയിലെ മറ്റിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് ഈ മാസം അവസാനം വരെ തുടരുമെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചിട്ടുണ്ട്. ഇവിടെ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും വ്യോമ പാതകളിലെ അസ്ഥിരതയും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അവര്‍ അറിയിച്ചു. അമ്മാന്‍, ബഹ്‌റെയിന്‍, ദോഹ ദുബായ്, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കുള്ളതും അവിടെ നിന്നുള്ളതുമായ എല്ലാ സര്‍വ്വീസുകളും ഈ മാസം അവസാനം വരെ നിര്‍ത്തിവെച്ചിരിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അബുദാബിയിലേക്കുള്ള സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങുമെന്നതിനെ കുറിച്ച് വ്യക്തതയില്ല.
നിലവില്‍ ബുക്കിംഗ് ഉള്ള യാത്രക്കാര്‍ക്കായി മാര്‍ച്ച് 11, 12 തീയതികളില്‍ ഒമാനിലെ മസ്‌ക്കറ്റില്‍ നിന്നും സര്‍വ്വീസുകള്‍ നടത്തുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ കുറവായതിനാല്‍ ഈ തീയതികള്‍ക്ക് ശേഷം ഈ റൂട്ടില്‍ സര്‍വ്വീസ് താത്ക്കാലികമായി നിര്‍ത്തിവയ്ക്കും. സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഈ മേഖലയില്‍ നിന്നും ഇതുവരെ 37,000 പേരെ നാട്ടിലെത്തിക്കാനായിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഒമാനില്‍ നിന്നുള്ള മൂന്നാമത്തെ ചാര്‍ട്ടര്‍ വിമാനം ഇന്നലെ രാവിലെ യു കെയില്‍ എത്തിയിരുന്നു.
ഈ രാജ്യങ്ങളിലേക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ്
ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ്, യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒഴിവുകാല യാത്രകള്‍ക്കും വിനോദ യാത്രകള്‍ക്കും പോകുന്നവര്‍ യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ ആ പട്ടിക പരിശോധിക്കണമെന്ന നിര്‍ദ്ദേശം വന്നു. മദ്ധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ചില രാജ്യങ്ങളിലേക്കു കൂടി യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സൈപ്രസ്സ്, തുര്‍ക്കി, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെയാണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പതിനൊന്ന് ദിവസം പിന്നിട്ട മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷാവസ്ഥ മൂലം വ്യോമപാതകള്‍ പലതും അടച്ചിട്ടിരിക്കുകയണ്. അതുകൊണ്ടുതന്നെ യുദ്ധത്തില്‍ നേരിട്ട് പങ്കാളികളല്ലാത്ത രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ പോലും റദ്ദ് ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ സ്വീകരിക്കണമെന്നും, ട്രാവല്‍ ഇന്‍ഷുറന്‍സിലെ നിബന്ധനകള്‍ സസൂക്ഷ്മം പഠിക്കണമെന്നും, നിങ്ങളുടെ യാത്രാ പരിപാടി യാത്ര ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദേശകാര്യ വകുപ്പില്‍ റെജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് പൂര്‍ണ്ണമായും വിലക്കിയിരിക്കുകയാണ്. അതേസമയം, ഇറാനില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കും എന്നതിനാല്‍ അങ്ങോട്ട് യാത്ര ചെയ്യുന്ന കാര്യം രണ്ടാമതൊന്നു കൂടി ചിന്തിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. അതുപോലെ ഇറാഖ്, കുര്‍ദിസ്ഥാന്‍ മേഖലയിലേക്ക് യാത്ര ചെയ്യുന്നത് തീര്‍ത്തും സുരക്ഷിതമല്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ റദ്ദാക്കണമെന്നും അതില്‍ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊല്ലപ്പെട്ടത് കുടിയേറ്റ തൊഴിലാളികള്‍
അറേബ്യന്‍ നാടുകളില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ ഇതുവരെ പന്ത്രണ്ടോളം സാധാരണക്കാര്‍ മരണമടഞ്ഞു എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ പറയുന്നത്. സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റിന്‍ എന്നിവിടങ്ങളിലാണ് ഈ മരണങ്ങള്‍ നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആകാശത്തുവെച്ച് തകര്‍ത്ത ഇറാന്‍ മിസൈലിന്റെ അവശിഷ്ടം പതിച്ച് മരണമടഞ്ഞ പാകിസ്ഥാന്‍ പൗരനായ മുരിബ് സര്‍മാന്‍ എന്ന ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവരുടെ കണക്കാണിത്.
ബഹ്‌റിനിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് നേരെയുണ്ടായ ആക്രമണത്തില്‍ 29 കാരിയായ ഒരു ബഹ്‌റിന്‍ വനിത മരണമടഞ്ഞിരുന്നു. ഇതൊഴിച്ച് മരണമടഞ്ഞ മറ്റുള്ളവരെല്ലാം തന്നെ വിദേശ തൊഴിലാളികളാണ് എന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെയും അമേരിക്കയ്ക്ക് താത്പര്യമുള്ള മറ്റ് സ്ഥാപനങ്ങളെയും മാത്രമാണ് തങ്ങള്‍ ആക്രമിക്കുന്നതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും, ഈ രാജ്യങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം തുടരുന്നു എന്നതാണ് വാസ്തവം.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ആക്രമിച്ചതിനു പുറമെ, അതീവ പ്രാധാന്യമുള്ള ഒരു വാട്ടര്‍ ഡിസലൈനേഷന്‍ പ്ലാന്റിന് ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും, ആകാശത്തുവെച്ച് തകര്‍ക്കപ്പെടുന്ന ഇറാനിയന്‍ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ പതിച്ചാണ് കൂടുതല്‍ മരണങ്ങളും ഉണ്ടായിരിക്കുന്നത്.


