- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം കൃഷിയിടം സംരക്ഷിക്കാൻ പൊരുതുന്ന കർഷകരെയും ഉരുക്കുമുഷ്ടിയിൽ നേരിട്ട് പിണറായി സർക്കാറിന്റെ നീതിനിർവ്വഹണം! ബഫർ സോൺ വിഷയത്തിൽ ഏയ്ഞ്ചൽവാലിയിൽ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു; അറസ്റ്റു നടപടികളിലേക്കും നീങ്ങിയേക്കും; ജിയോ ടാഗിനായി എത്താതെ വനംവകുപ്പ് അധികൃതരും
എരുമേലി: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന. പ്രതിഷേധക്കാർക്ക് നേരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനാണു കേസ്. രണ്ട് പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെ 90 പേർക്കെതിരെയാണ് കേസ്. ഉടൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചതായി കർഷകർ പറഞ്ഞു.
ജിയോ ടാഗിങ് നടപടി നീളുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ നെഞ്ചിടിപ്പും ഉയരുകയാണ്. ജനുവരി ഏഴു വരെയാണ് തിരുത്തൽ വരുത്തേണ്ടതിനായി പരിശോധന നടത്തി രേഖകൾ സൈറ്റിൽ സമർപ്പിക്കേണ്ടത്. ഇതിനായി പഞ്ചായത്ത് സമിതിയും വാളന്റീയർമാരെയും തയ്യാറാക്കി നിർത്തിയെങ്കിലും ഇവർക്ക് പരിശീലനം നൽകുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ല. അവെൻസ ആപ്പ് മുഖേനയാണ് ജിയോ ടാഗ് ചെയ്യേണ്ടത്. ഇത് ജനവസമേഖലയാണെന്നു കണ്ടെത്തണം. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ ജനുവരി 11 ന് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ മേഖലയിലെ വിവര ശേഖരണം വീണ്ടും നീളുന്നതോടെ ആശങ്ക വർധിച്ചു. മലയോരമേഖലയിൽ വീണ്ടും പ്രതിഷേധത്തിന് കളമൊരുങ്ങും.
വിവര ശേഖരണം നടത്തുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ വോയ്സ് മെസ്സേജ് ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു. ശബ്ദ സന്ദേശം പുറത്തായതോടെ ഏയ്ഞ്ചൽവാലിയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. നൂറ് കണക്കിന് കർഷകർ എഴുകുമൺ ഫോറെസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഫോറെസ്റ്റ് സ്റ്റേഷന്റെ ബോർഡ് പിഴുത്തെടുത്തു കരി ഓയിൽ പുരട്ടിയായിരുന്നു പ്രതിഷേധം. തുടർന്നു കർഷകർ പഞ്ചായത്ത് ഓഫീസിനു മുൻപിലെത്തി പ്രതിഷേധിച്ചു. കഴിഞ്ഞ 23 നാണു സംഭവം. അന്ന് പഞ്ചായത്ത് കമ്മിറ്റി കൂടി കർഷകർക്ക് ഒപ്പം നിൽക്കുമെന്ന് അറിയിച്ചു. 27 ന് മുൻപ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ജിയോ ടാഗ് ചെയ്യുമെന്നും അതിനായി കോളേജ് വിദ്യാർത്ഥികളെ വോളണ്ടീയർമാരായി ചുമതലപെടുത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതേ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചു കർഷകർ മടങ്ങിയത്.
2021ൽ ഡിജിറ്റൽ സർവ്വേയിലൂടെ വനംവകുപ്പ് തയാറാക്കിയ ഈ ഭൂപടത്തിലാണ് എരുമേലി പഞ്ചായത്തിന്റെ 11, 12 വാർഡുകളായ പമ്പാവാലിയും എയ്ഞ്ചൽവാലിയും വനമാണെന്നു ചിത്രീകരിച്ചിരിക്കുന്നത്. ഈ രണ്ടു വാർഡുകളിലുമായി 1200 കുടുംബങ്ങളുമാണുള്ളത്. ഭൂമിയിൽ നിന്നുള്ളതല്ലാതെ മറ്റു വരുമാന മാർഗങ്ങൾ ഒന്നും ലഭിക്കാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരുടെ ഭൂമിയാണ് ഇപ്പോൾ വനമാണെന്ന രീതിയിൽ ചിത്രീകരിച്ചത്. മുമ്പുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി വാർഡുകൾ പൂർണമായും കണമല വാർഡ് ഭാഗികമായും ബഫർ സോണിൽ വരുമെന്നായിരുന്നു വിശദീകരണം.
പട്ടയം പ്രതിസന്ധിയും, ബഫർ സോൺ വിഷയവുമായി നാളുകളായി നീറിക്കഴിഞ്ഞിരുന്ന കർഷകരാണ് പുതിയ പ്രതിസന്ധിയിൽ അകപ്പെട്ടത്. നിലവിലെ, റിപ്പോർട്ടിലെ പൂർണമല്ലെന്നും പരാതികൾ സ്വീകരിക്കുമെന്നും തിരുത്തലുകൾ വരുത്തുമെന്നുമുള്ള സർക്കാരിന്റെ വാക്കാണ് ഏക പ്രതീക്ഷ. എല്ലാ രാഷ്ട്രീയ കക്ഷിയിലും അംഗങ്ങളായ പ്രദേശവാസികൾ ഉൾപ്പെടുന്ന ബഫർ സോൺ വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഏയ്ഞ്ചൽവാലിയിലെ ഹെൽപ്പഡെസ്കിൽ ആയിരത്തോളം പേർ പരാതി നൽകിയിട്ടുണ്ട്. ജില്ലയിലെ കോരുത്തോട് പഞ്ചായത്തിലും ബഫർ സോൺ വിഷയം നിലനിൽക്കുന്നുണ്ട്. പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന 4 വാർഡുകളാണ് പഞ്ചായത്ത് പരിധിയിൽ ഉള്ളത്. കോരുത്തോട് ടൗൺ, മടുക്ക, പനക്കച്ചിറ, കുഴിമാവ് തുടങ്ങിയ പ്രദേശങ്ങളിലാണു ജനം ആശങ്കയിലായത്. ഇടുക്കി ജില്ലയിലെ മൂഴിക്കലും സമാനമായ അവസ്ഥ നേരിടുന്നു. മലയോര മേഖലയിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എത്തുന്നു. കോരുത്തോട്ടിൽ രമേശ് ചെന്നിത്തലയും, പമ്പാവാലിയിൽ ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സി. വിജയനും സന്ദർശനം നടത്തി. ജനങ്ങൾ അവരുടെ ആശങ്ക നേതാക്കന്മാരുമായി പങ്കുവെച്ചു.