തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കുറി നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ് ചേലക്കരയിലേതാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അട്ടിമറി പ്രതീക്ഷേയാടെയാണ് കോണ്‍ഗ്രസ് ക്യാമ്പ്. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതേസമയം തങ്ങളുടെ പരമ്പരാഗത കോട്ടയില്‍ യാതൊരു മാറ്റവും സംഭവിക്കില്ലെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. യു ആര്‍ പ്രദീപ് ആയിരുന്നു ചേലക്കരയിലെ സിപിഎം സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ ബാലകൃഷ്ണനാണ് മത്സരിച്ചത്.

അതേസമയം ചേലക്കരയില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ സി പി റാഷിദ്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് റാഷിദിന്റെ പ്രവചനം. 1850 - 4400 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം പ്രവചിക്കുന്നത്.

റാഷിദിന്റെ പ്രവചനം അനുസരിച്ച് ചേലക്കരയില്‍ യു ഡി എഫ് 41 ശതമാനം മുതല്‍ 44.5 ശതമാനം വരെ വോട്ടുകള്‍ നേടാം. എല്‍ ഡി എഫ് 40.5 ശതമാനം മുതല്‍ 43 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നുമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 12.5 - 16 ശതമാനം വോട്ടുകള്‍ വരെ ലഭിക്കാം. പി വി അന്‍വറിന്റെ ഡി എം കെ സ്ഥാനാര്‍ഥി 1.5 ശതമാനം മുതല്‍ 3 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. ഇത്തരമൊരു വോട്ടിംഗ് നിലയില്‍ കോണ്‍ഗ്രസ് വിജയിച്ചുകയറാന്‍ കാരണം പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റമാകും എന്നാണ് റാഷിദ് വ്യക്തമാക്കുന്നത്.

അതേസമയം പതിനായിരം വോട്ടുകളില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. അയ്യായിരം മുതല്‍ ഏഴായിരം വരെ വോട്ടുകള്‍ക്ക് വിജയിക്കും എന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനും പ്രതിപക്ഷത്തിനും ചേലക്കരയിലെ വിജയം ഒഴിച്ചു കൂടാനാകാത്തതാണ്. മണ്ഡലത്തിലെ പ്രചരണം പോളിങ് ശതമാനം വര്‍ധിപ്പിക്കാത്തതില്‍ മുന്നണികള്‍ക്ക് നിരാശയും ആശങ്കയും ഉണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകളെല്ലാം പോള്‍ ചെയ്യപ്പെട്ടു എന്ന വിലയിരുത്തലിലാണ് മൂന്ന് മുന്നണികളും.

ഇതുവരെ കാണാത്ത രീതിയിലുള്ള ഇഞ്ചോടിഞ്ചുള്ള പോരാട്ടമാണ് ഇക്കുറി കണ്ടത്. കഴിഞ്ഞ നിയമസഭാമത്സരത്തിലെ വലിയ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ഇക്കുറിയും ജയം സുനിശ്ചിതമെന്ന ആത്മവിശ്വാസം നല്‍കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറെ സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് മറ്റൊരു ഘടകം. പ്രതിച്ഛായ ഒട്ടും കുറയാത്ത വ്യക്തി വീണ്ടും സ്ഥാനാര്‍ഥിയാകുമ്പോള്‍ വോട്ടുനിലയിലും ഭൂരിപക്ഷത്തിലും എന്തിനു ഭയക്കണമെന്നാണ് മുന്നണിയുടെ ചോദ്യം. ആത്മവിശ്വാസം വേണ്ടുവോളമുണ്ടെങ്കിലും ജാഗ്രത വേണമെന്നായിരുന്നു അവസാനഘട്ടത്തിലെ വിലയിരുത്തല്‍. അതിനാലാണ് വന്‍ ഭൂരിപക്ഷം ഉണ്ടാകുമോയെന്ന കാര്യത്തില്‍ അല്പം ആശങ്ക.

ഭരണവിരുദ്ധവികാരവും തിരഞ്ഞെടുപ്പുനാളുകളില്‍ സി.പി.എമ്മും മുന്നണിയും നേരിട്ട ആരോപണങ്ങളും പ്രതിസന്ധികളും ഒട്ടുംതന്നെ ഉറച്ച വോട്ടുകളെ ബാധിക്കില്ലെന്നാണ് വിധിയെഴുത്തിനു പിറ്റേന്ന് നടത്തിയ അവലോകനത്തില്‍ കണ്ടെത്തിയത്. കാലങ്ങളായി മുന്നണിക്കൊപ്പംനിന്ന മണ്ഡലത്തില്‍ ചാഞ്ചാട്ടമുണ്ടാകില്ലെന്നും വിലയിരുത്തി.

തിരഞ്ഞെടുപ്പെന്നാണെന്നും സ്ഥാനാര്‍ഥിയാരാണെന്നും അറിയുന്നതിന് നാലുമാസം മുന്‍പേ നടത്തിയ പ്രചാരണ മുന്നൊരുക്കങ്ങള്‍ മാത്രം മതി വിജയം ഉറപ്പിക്കാനെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പുകഴിഞ്ഞ് നടത്തിയ അവലോകനത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് വിലയിരുത്തിയത്. ഭരണവിരുദ്ധവികാരം അലയടിക്കുമെന്നും അതെല്ലാം യു.ഡി.എഫിന് അനുകൂലമാകുമെന്നുമാണ് കരുതുന്നത്. അതിലുപരിയായി മണ്ഡലത്തില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും യു.ഡി.എഫ്. ഉറപ്പിക്കുന്നു.

ഉപതിരഞ്ഞെടുപ്പിനായി പുതുതായി വോട്ടര്‍പ്പട്ടികയിലിടംപിടിച്ച 9,000 പേരില്‍ 6,000 പേരെ ചേര്‍ത്തത് തങ്ങളാണെന്ന് യു.ഡി.എഫ്. അവകാശപ്പെടുന്നു. ബി.ജെ.പി.ക്ക് മുന്‍തൂക്കമുള്ള തിരുവില്വാമല പഞ്ചായത്തിലെ 1,055 പുതിയ വോട്ടര്‍മാരില്‍ 1,044 പേരെ ചേര്‍ത്തതും യു.ഡി.എഫ്. ആണെന്നും അവകാശപ്പെടുന്നുണ്ട്. പോളിങ്ദിവസം ബൂത്തിലേക്ക് ഒഴുകിയെത്തിയ സ്ത്രീസാന്നിധ്യം രമ്യയ്ക്കു മാത്രം അനുകൂലമാണെന്നാണ് വിലയിരുത്തല്‍. സ്ത്രീവോട്ടര്‍മാരെ രമ്യ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ലോക്സഭാമത്സരത്തില്‍ ചേലക്കര നിയമസഭാമണ്ഡലത്തിലെ ഭൂരിപക്ഷം കുറയ്ക്കാനായത് ഇതിനുദാഹരണമാണെന്നും ചര്‍ച്ചചെയ്തു.

2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണന്‍ ജയിച്ചത് 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാല്‍, 2024-ലെ ലോക്സഭാമത്സരത്തില്‍ ആലത്തൂരില്‍നിന്ന് രാധാകൃഷ്ണന്‍ ജയിച്ചപ്പോള്‍ ചേലക്കര നിയമസഭാമണ്ഡലത്തിലെ ഭൂരിപക്ഷം 5,173 ആയിരുന്നു. ഇവിടെ അന്ന് രാധാകൃഷ്ണനെതിരേ മത്സരിച്ച രമ്യയാണ് ഇക്കുറി നിയമസഭയിലേക്ക് മത്സരിച്ചത്. മണ്ഡലത്തിലെ 5,173 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പകുതി നേടിയാല്‍ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ്. കരുതുന്നു.