തിരുവനന്തപുരം: ദ്വീര്‍ഘകാലത്തെ എതിര്‍പ്പിന് ശേഷം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. കരട് ബില്ലിന് അനുമതി ലഭിച്ചതോടെ നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളില്‍ ചര്‍ച്ചയ്ക്കെത്തിയെങ്കിലും തര്‍ക്കങ്ങളെത്തുടര്‍ന്ന് തീരുമാനമാകാതെ പോയ ബില്ലിനാണ് ഇന്ന് അനുമതി ലഭിച്ചിരിക്കുന്നത്.

സര്‍വകലാശാല സെനറ്റിന്റെയും സിന്‍ഡിക്കറ്റിന്റെയും ഘടന അടിമുടി മാറുകയും 4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്ന മറ്റൊരു ബില്ലുകൂടി സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഇതുകൂടി പാസായാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശങ്ങള്‍ക്ക് വിധേയമായി കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കും. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഭരണം ഉണ്ടാകുമെങ്കിലും ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാകില്ല.

സിപിഐ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ബില്ലില്‍ എതിര്‍പ്പുയര്‍ത്തി. വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നല്‍കിയത്. സിപിഐയുടെ എതിര്‍പ്പ് മൂലമാണ് മാറ്റം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വിസിറ്റര്‍ തസ്തികയില്‍ നിയമിക്കുന്നതായിരുന്നു ബില്ലിലെ കരടില്‍ നേരത്തെ പറഞ്ഞത്. ഇത് സിപിഐയുടെ എതിര്‍പ്പു മൂലം ഒഴിവാക്കിയിട്ടുണ്ട്. ഫീസിലും വിദ്യാര്‍ഥി പ്രവേശനത്തിലും സര്‍ക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സര്‍വകലാശാല കരട് ബില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാറിന് അധികാരങ്ങള്‍ ഉണ്ടാകും.

നിയമം ലംഘിച്ചാല്‍ ആറ് മാസം മുമ്പ് നോട്ടീസ് നല്‍കി സര്‍വകലാശാല പിരിച്ചുവിടാന്‍ സര്‍ക്കാറിന് അധികാരമുണ്ടാകും. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി തിങ്കളാഴ്ച മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നല്‍കും. മള്‍ട്ടി ഡിസിപ്ലീനറി കോര്‍സുകള്‍ ഉള്ള സ്വകാര്യ സര്‍വ്വകലാശാലകളില്‍ ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാന്‍ ആകില്ല. പക്ഷെ സര്‍വകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോര്‍ഡുകളും വിളിച്ചുവരുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും.

സര്‍വകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനുമതി പത്രം സര്‍ക്കാറിന് പിന്‍വലിക്കാം. ഓരോ കോഴ്‌സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്.ടി വിഭാഗത്തിനും സംവരണം ചെയ്യണം. എന്ന നിര്‍ദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. ആക്ടിന് വിരുദ്ധമായി സര്‍വകലാശാല പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാതിരിക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം.

വ്യസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സര്‍ക്കാറിന് നിയമിക്കാം. സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങള്‍ ആകും അക്കാദമിക് കൗണ്‍സിലില്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അസോസിയേറ്റ് പ്രഫസര്‍ പദവിയില്‍ താഴെയല്ലാത്ത മൂന്ന് പേര്‍ അംഗങ്ങള്‍ ഉണ്ടായിരിക്കണം എന്നുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.