കൊച്ചി: ഹിജാബ് വിവാദത്തിനിടെ സെന്റ് റീത്താസ് സ്‌കൂളിനെതിരെ പ്രചരണം ശക്തമാക്കി ഒരുവിഭാഗം. ഹിജാബിനെ അനുകൂലിക്കുന്നവരാണ് സ്‌കൂളില്‍ നിന്നും കുട്ടികളെ പിന്‍വലിക്കാന്‍ അടക്കം തയ്യാറായി രംഗത്തുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം സ്‌കൂളിനെതിരെ പ്രചരണം ശക്തമായിരിക്കെയാണ് സ്‌കൂളിനെതിരെ ആസൂത്രിതമായ നീക്കവും നടക്കുന്നത്.

ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ ടിസി വാങ്ങാന്‍ ഒരുങ്ങുകയാണ്. തന്റെ രണ്ട് മക്കളെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയാണെന്നും ടിസിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും രക്ഷിതാവായ ജെസ്ന ഫിര്‍ദൗസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം തങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. താന്‍ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാര്‍ഥിയോട് ഈ രീതിയില്‍ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ തന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് തങ്ങള്‍ കരുതുന്നുവെന്നും ജെസ്ന പറഞ്ഞു.

ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുന്നത്. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവര്‍ ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് മക്കള്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജെസ്ന പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാന്‍. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാന്‍ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്.

മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാര്‍ഥിയോട് ഈ രീതിയില്‍ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ എന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ അവര്‍ രണ്ട് പേരുടെയും ടി. സി വാങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്‌കൂളില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നല്‍കാനാവൂ എന്നാണ് സ്‌കൂളില്‍ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് ഞങ്ങള്‍ കുട്ടികളെ ചേര്‍ക്കുന്നത്. ആ സ്‌കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്‌കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കള്‍ വളരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അതേസമയം ഹിജാബ് ധരിച്ചു പഠനം തുടരാന്‍ അനുവദിക്കണമെന്ന നിലപാടിലാണ് വിവാദത്തിലായ വിദ്യാര്‍ഥിനിയുടെ കുടുംബം. നേരത്തെ സ്ൂകളില്‍ നിന്നും ടി സി വാങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും വിധി വരുന്നത് വരെ കാത്തിരിക്കാനാണ് പെണ്‍കുട്ടിയുടെ കുടുംബം ഒരുങ്ങുന്നത്.

വെള്ളിയാഴ്ച്ചയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്. അതുവരെ കാത്തിരിക്കുക എന്നതാണ് കുടുംബം കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഹൈക്കോടതിയുടെ വിധി അനുസരിച്ചു തുടര്‍ തീരുമാനം കൈക്കൊള്ളാനാണ് കുടുംബം ഒരുങ്ങുന്നത്. കേസില്‍ കുടുംബം കക്ഷി ചേര്‍ന്നിട്ടില്ല. അതിനുള്ള സാധ്യത അടക്കം ഇനിയും ആരായും. വെള്ളിയാച്ച വരെ കാത്തിരിക്കുമ്പോല്‍ വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങുമെന്നതാണ് ഇവിടെയുള്ള പ്രതിസന്ധി.

നേരത്തെ ഹിജാബ് ധരിച്ചെത്തിയാലും കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കുട്ടി ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയാലും പഠിപ്പിക്കണം, പുറത്താക്കരുതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് രണ്ടും സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഇതിനെതിരേയാണ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ഡിഡിഇയുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്മെന്റിന്റെ ആവശ്യം. എന്നാല്‍, ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെയാണ്, ഹിജാബ് വിഷയം വിവാദമായ സാഹചര്യത്തില്‍ കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും തുടര്‍ന്ന് ഈ സ്‌കൂളില്‍ പഠിക്കാന്‍ തയ്യാറല്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചത്. ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കുമെന്ന് പിതാവ് അറിയിച്ചത്. ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടാകുമെന്ന തീരുമാനത്തിലാണ് മുന്‍നിലപാടില്‍ നിന്നും ലപാടില്‍ നിന്നും കുടുംബം മാറുന്നത്.

അതിനിടെ ശിരോവസ്ത്രം ധരിച്ചതിന് സ്‌കൂളില്‍ നിന്ന് വിലക്കിയ കുട്ടിക്ക്, സര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ കേരളത്തിലെ ഏത് സ്‌കൂളില്‍ വേണമെങ്കിലും അഡ്മിഷന്‍ വാങ്ങി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിനായി പ്രത്യേക ഉത്തരവ് ഉറക്കും. തുടര്‍പഠനത്തിന് എല്ലാ സഹായങ്ങളും നല്‍കും. കുട്ടിക്ക് എന്തെങ്കിലും മാനസിക വിഷമങ്ങളുണ്ടായാല്‍ ഉത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റാണെന്നും ശിവന്‍കുട്ടി പറഞ്ഞു.