- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന തായ് ചരക്കുകപ്പലിന് നേരേ ഹോര്‍മുസ് കടലിടുക്കില്‍ മിസൈല്‍ ആക്രമണം; കപ്പല്‍ കത്തിയെരിയുന്നു; 20 നാവികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൂന്നുപേര്‍ക്കായി തിരച്ചില്‍; 'മയൂരി നാരീ' കപ്പലിനെ തകര്‍ത്തത് ആര്? നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും ആക്രമണം!
തായ് ചരക്കുകപ്പലിന് നേരേ ഹോര്‍മുസ് കടലിടുക്കില്‍ മിസൈല്‍ ആക്രമണം

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്ലന്‍ഡ് ചരക്കുകപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ആക്രമണം. ഗുജറാത്ത് ലക്ഷ്യമാക്കി വന്ന കപ്പലിന് നേരേ ബുധനാഴ്ച അജ്ഞാത മിസൈല്‍/ആയുധ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെത്തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടായി. ഒമാന്റെ വടക്കന്‍ തീരത്തുനിന്ന് ഏകദേശം 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 'മയൂരി നാരീ' (Mayuree Naree) എന്ന ഈ കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് കപ്പലിലെ 20 ജീവനക്കാരെ രക്ഷപ്പെടുത്തി. മൂന്നുപേരെ കുറിച്ച് വിവരമില്ല.
അജ്ഞാത വസ്തു കപ്പലില്‍ വന്നിടിച്ചു
യുഎഇയിലെ ഖലീഫ പോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലെ കാണ്ട്‌ല പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. മാര്‍ച്ച് 11-ന് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഒരു ചരക്കുകപ്പലിന് നേരെ രണ്ടുഅജ്ഞാത വസ്തുക്കള്‍ (projectile) വന്നിടിച്ചതായി തായ് റോയല്‍ നേവിയും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും റിപ്പോര്‍ട്ട് ചെയ്തു. ചിത്രങ്ങളില്‍ നിന്നും മാരിടൈം രേഖകളില്‍ നിന്നും ആക്രമിക്കപ്പെട്ടത് തായ്ലന്‍ഡ് പതാകയുള്ള 'മയൂരി നാരീ' (Mayuree Naree) എന്ന ചരക്ക് കപ്പലാണെന്ന് സ്ഥിരീകരിച്ചു. കപ്പലിന്റെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (IMO) നമ്പറും, കപ്പലിന്റെ ഘടനയും മുന്‍കാല ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഇത് സ്ഥിരീകരിച്ചത്. മാരിടൈം റെക്കോര്‍ഡുകള്‍ പ്രകാരം 'പ്രെഷ്യസ് ഷിപ്പിംഗ്' എന്ന കമ്പനിയുടേതാണ് ഈ കപ്പല്‍.
തായ് റോയല്‍ നേവി പുറത്തുവിട്ട ചിത്രങ്ങളില്‍ കപ്പലിന്റെ ഉള്‍ഭാഗത്തുനിന്നും മുകള്‍ഭാഗത്തുനിന്നും കറുത്ത പുക ഉയരുന്നത് കാണാം. കപ്പലിന് ചുറ്റുമുള്ള കടലില്‍ ലൈഫ് റാഫ്റ്റുകളും (രക്ഷാബോട്ടുകള്‍) ദൃശ്യമാണ്. 'ആക്രമണത്തിന്റെ കൃത്യമായ കാരണവും മറ്റ് വിവരങ്ങളും നിലവില്‍ അന്വേഷണത്തിലാണ്' എന്ന് തായ് റോയല്‍ നേവി പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഒമാന്‍ നാവികസേനയാണ് 20 നാവികരെ രക്ഷപ്പെടുത്തിയതെന്നും ബാക്കിയുള്ള മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കപ്പല്‍ ട്രാക്കിംഗ് വഴി സ്ഥലം സ്ഥിരീകരിച്ചു
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍, ഒമാന്റെ വടക്കന്‍ തീരത്തുവെച്ചാണ് സംഭവം നടന്നതെന്ന് മാരിടൈം ട്രാക്കിംഗ് സംവിധാനങ്ങള്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 11-ലെ കണക്കനുസരിച്ച്, ആക്രമണം നടക്കുമ്പോള്‍ ഒമാന്‍ തീരത്തുനിന്ന് ഏകദേശം 11 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു കപ്പലിന്റെ സ്ഥാനം.
അന്വേഷണം പുരോഗമിക്കുന്നു
ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഏതാണെന്ന് ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. ഏതെങ്കിലും രാജ്യമോ സംഘടനയോ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഒരു 'അജ്ഞാത വസ്തു' കപ്പലില്‍ വന്നിടിച്ചതാണ് അപകടകാരണമെന്നും ഇതിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും തായ് റോയല്‍ നേവിയും മാരിടൈം അധികൃതരും അറിയിച്ചു.
ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പ്രധാന പാതയായതിനാല്‍, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര ഷിപ്പിംഗ്-നാവിക ഏജന്‍സികള്‍ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.


