- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചപ്പോള്‍, അതേ ദിവസം തന്നെ എ.ഡി.ജി.പി.യെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തിടുക്കം; ഇടതുസഹയാത്രികന് എതിരെ പരാതി വന്നപ്പോള്‍ 12 ദിവസം വൈകിപ്പിച്ചു; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുക്കാന്‍ വന്ന കാലതാമസത്തില്‍ വിവാദം
പി ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുക്കാന്‍ വന്ന കാലതാമസത്തില്‍ വിവാദം
തിരുവനന്തപുരം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ 12 ദിവസത്തെ കാലതാമസം നേരിട്ടത് രാഷ്ട്രീയ വിവാദമാകുന്നു. ഇടതു സഹയാത്രികനായതിനാലാണ് നടപടി വൈകിയതെന്ന ആരോപണം ശക്തമാണ്.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി തലസ്ഥാനത്തെ ഹോട്ടലില്‍ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഇ-മെയില്‍ വഴിയാണ് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നവംബര്‍ 27ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി ലഭിച്ചു.ഡിസംബര്‍ 2 നാണ് പരാതി കന്റോണ്‍മെന്റ് പോലീസിന് കൈമാറിയത്.
ഡിസംബര്‍ 8ന് ബി.എന്‍.എസ്. 74, 75(1) വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പരാതി ലഭിച്ച് 12 ദിവസത്തിന് ശേഷം കേസെടുത്തതിലെ കാലതാമസമാണ് ചോദ്യം ചെയ്യപ്പെടുന്നത്. സമാനമായ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചപ്പോള്‍, അതേ ദിവസം തന്നെ എ.ഡി.ജി.പി.യെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കാണിച്ച തിടുക്കം പി.ടി. കുഞ്ഞുമുഹമ്മദിന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് മുഖ്യ ആക്ഷേപം.
കേസെടുക്കേണ്ട എന്ന് കന്റോണ്‍മെന്റ് പോലീസിന് നിര്‍ദേശം ലഭിച്ചിരുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇടതു സഹയാത്രികനായതിനാലാണ് നടപടി വൈകിയതെന്നാണ് വിമര്‍ശനം. മെയില്‍ വഴിയാണ് പരാതി ലഭിച്ചതെന്നും, തന്റെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പോലീസിന് കൈമാറിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്ന് പോലീസ് പറയുന്നു.
വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി 12 ദിവസത്തിനു ശേഷം പോലീസ് കേസെടുത്തതെന്നും ആക്ഷേപമുണ്ട്. പോലീസ് ഇപ്പോള്‍ ബി.എന്‍.എസ്. (ഭാരതീയ ന്യായ സംഹിത) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ഉടന്‍ തന്നെ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തും.
കുറ്റകൃത്യം നടന്നതായി പറയുന്ന ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം, താന്‍ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാനാണ് സാധ്യതയെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. തനിക്കെതിരെ മുന്‍പ് ഒരു തവണ പോലും പരാതി ഉണ്ടായിട്ടില്ലെന്നും, അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




