തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ്. വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയിലാണ് പരാതി. ഇത്തരമൊരു വാര്‍ത്ത വ്യാജമാണെന്ന് കാണിച്ചാണ് മുരളീധരന്‍ പരാതി നല്‍കിയത്. ഇതോടെയാണ് പോലീസ് കേസെടുത്തത്.

വ്യാജ വാര്‍ത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതായുമാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പവര്‍ സപ്ലൈ ആപ്പിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. കോണ്‍ഗ്രസ് നേതൃത്വം പരസ്യം നിഷേധിച്ചിരുന്നു.

പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോല്‍ക്കുമെന്ന ഭയത്താല്‍ ചെയ്യുന്നതാമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നല്‍കി എന്ന പ്രചാരണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് നടത്തുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ജീവിതത്തില്‍ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൂലിക്ക് ആളെ എടുക്കാന്‍ പരസ്യം കൊടുത്തത് കോണ്‍ഗ്രസ് തന്നെയാകണമെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം കൂടെപ്പോകാന്‍ ആളില്ല. യുഡിഎഫിന്റെ പ്രവര്‍ത്തകരെ പലയിടത്തും കാണാനില്ല. പുറത്തുനിന്ന് ആളെ കൂട്ടി സ്‌ക്വാഡ് വര്‍ക്ക് നടത്തുന്നുവെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാന്‍ പരസ്യമിട്ടു. എന്നിട്ട് ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തലയിലിടുന്നു. വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാള്‍ തനിക്കെതിരെ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.